GeneralLatest NewsMollywoodNEWSSocial Media

ആക്‌ഷൻ പറയുമ്പോൾ പെട്ടെന്ന് കഥാപാത്രമായി മാറുന്ന രീതിയല്ല മമ്മൂട്ടിയുടേത്: വിനയൻ പറയുന്നു

ഇനിയും പതിറ്റാണ്ടുകൾ ഈ സാംസ്കാരിക ഭൂമികയിൽ നിറ സാന്നിധ്യമായി തിളങ്ങി നിൽക്കാൻ മമ്മൂട്ടിയ്ക്ക് കഴിയട്ടെ എന്നും വിനയൻ ആശംസിച്ചു

മമ്മൂട്ടിയുടെ ജന്മദിനത്തിൽ പിറന്നാൾ ആശംസയുമായി സംവിധായകൻ വിനയൻ. രണ്ടു ചിത്രങ്ങളിൽ മാത്രമേ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളുവെങ്കിലും അത് രണ്ടും ആസ്വദിച്ചാണ് ചെയ്തതെന്ന് വിനയൻ പറയുന്നു.

ഷൂട്ടിങ് സെറ്റിൽ ആക്‌ഷൻ പറയുമ്പോൾ പെട്ടെന്നു കഥാപാത്രമായി മാറുന്ന രീതിയല്ല മമ്മൂട്ടിയുടേതെന്നും, രാവിലെ സെറ്റിൽ എത്തുമ്പോൾ മുതൽ ആ കഥാപാത്രത്തിന്റെ ഗൗരവത്തിലായിരിക്കും അദ്ദേഹം പെരുമാറുക എന്നും വിനയൻ പറയുന്നു. ഇനിയും പതിറ്റാണ്ടുകൾ ഈ സാംസ്കാരിക ഭൂമികയിൽ നിറ സാന്നിധ്യമായി തിളങ്ങി നിൽക്കാൻ മമ്മൂട്ടിയ്ക്ക് കഴിയട്ടെ എന്നും വിനയൻ ആശംസിച്ചു.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഞാൻ രണ്ടു സിനിമകളെ ശ്രീ മമ്മൂട്ടിയേ വച്ചു ചെയ്തിട്ടുള്ളു ‘ദാദാസാഹിബും’ ‘രാക്ഷസ രാജാവും’. ആ രണ്ടു സിനിമയും വളരെ എൻജോയ് ചെയ്തു തന്നെയാണ് ഞങ്ങൾ ഷൂട്ടു ചെയ്തതും പുർത്തിയാക്കിയതും. ഷൂട്ടിങ് സെറ്റിൽ ആക്‌ഷൻ പറയുമ്പോൾ പെട്ടെന്നു കഥാപാത്രമായി മാറുന്ന രീതിയല്ല ശ്രീ മമ്മൂട്ടിയുടേത്. ദാദാസാഹിന്റെ സീനാണ് എടുക്കുന്നതെങ്കിൽ രാവിലെ സെറ്റിൽ എത്തുമ്പോൾ മുതൽ ആ കഥാപാത്രത്തിന്റെ ഗൗരവത്തിലായിരാക്കും അദ്ദേഹം പെരുമാറുക. തമാശ നിറഞ്ഞ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നതെങ്കിൽ മമ്മൂക്കയുടെ പെരുമാറ്റത്തിലും ആ നർമ്മമുണ്ടാകാം. രണ്ടു ചിത്രങ്ങളിലും അദ്ദേഹം തന്ന സ്നേഹവും സഹകരണവും നന്ദിയോടെ സ്മരിക്കുന്നു.

മമ്മൂട്ടിയും, മോഹൻലാലും.. ഈ രണ്ടു നടൻമാരും മലയാളസിനിമയുടെ വസന്തകാലത്തിന്റെ വക്താക്കളാണ്.. മലയാള സിനിമാ ചരിത്രം സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്തുന്ന അധ്യായങ്ങളാണ് അവരുടെത്. ഈ കൊച്ചു കേരളത്തിന്റെ സിനിമകൾക്ക് ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകൾക്കിടയിൽ ബഹുമാന്യത നേടിത്തന്നതിന്റെ ആദ്യ ചുവടുവയ്പുകൾ മമ്മൂട്ടി എന്ന മഹാനടനിൽ നിന്നായിരുന്നു എന്നു നിസ്സംശയം പറയാം..

അതിനു ശേഷം സംഘടനാ പ്രശ്നമുണ്ടായപ്പോൾ, ചില വ്യക്തികളുടെ അസൂയമൂത്ത കള്ളക്കളികളിൽ വീണുപോയ സംഘടനാ നേതാക്കൾ ഇനി മേലിൽ വിനയനനെക്കൊണ്ട് സിനിമ ചെയ്യിക്കില്ല എന്നു തീരുമാനിച്ചപ്പോൾ ആ നേതാക്കളുടെ കൂടെയായിരുന്നു പ്രിയമുള്ള മമ്മൂക്ക നിന്നത് എന്നതൊരു സത്യമാണ്.. ഭീഷ്മ പിതാമഹൻ നീതിയുടെ ഭാഗത്തേ നിൽക്കുകയുള്ളു പിന്നെന്തേ ഇങ്ങനെ? എന്നു വേദനയോടെ ഞാൻ ചിന്തിച്ചിട്ടുണ്ട്.. പക്ഷേ അതൊരു സംഘടനാ പ്രശ്നമായിരുന്നു…അതിന് അതിന്റേതായ രാഷ്ട്രീയമുണ്ടായിരുന്നു. എന്നു ഞാൻ ആശ്വസിച്ചു.. അതായിരുന്നു യാഥാർഥ്യവും..

പക്ഷേ പിന്നീട് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ… നുണക്കഥകളെ തള്ളിക്കൊണ്ട് സൂപ്രീം കോടതിയുടെ വിധി വന്നുകഴിഞ്ഞപ്പോൾ.. അമ്മയുടെ ജനറൽ ബോഡിയിൽ അന്ന് അമ്മയുടെ ജനറൽ സെക്രട്ടറി കൂടി ആയിരുന്ന ശ്രീ മമ്മൂട്ടി തന്നെ പറഞ്ഞു. വിനയനെ വിലക്കിയതു ശരിയായില്ല.. ഇനി അങ്ങനെയുള്ള രീതി ഒരിക്കലും ഉണ്ടാകില്ല എന്ന്…അതാണ് തുറന്ന മനസ്സുള്ള പച്ചയായ മനുഷ്യന്റെ സ്വഭാവം..ഞാനതിനെ അംഗീകരിക്കുന്നു..ആദരിക്കുന്നു…

വാക്കുകൾ കൊണ്ടു വല്ലാതെ സുഖിപ്പിക്കുകയും അതിനപ്പുറം ആത്മാർഥതയോ സ്നേഹമോ കണികപോലുമില്ലാതെ ജീവിതം തന്നെ അഭിനയമാക്കി മാറ്റിയ ചില മലയാള സിനിമാ നടൻമാരെ അടുത്തറിയുന്ന ആളെന്ന നിലയിൽ ഞാൻ പറയട്ടെ… വലിയ സ്നേഹമൊന്നും പ്രകടിപ്പിച്ചില്ലങ്കിലും ഉള്ളത് ഉള്ളതു പോലെ സത്യസന്ധമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മമ്മൂക്കയേ ഞാൻ ബഹുമാനിക്കുന്നു..

അതു മാത്രമല്ല.. നമ്മുടെ നാട്ടിലെ ദുരിതമനുഭവിക്കുന്ന നിരവധി ആത്മാക്കൾക്ക് അവരുടെ വേദന അകറ്റാൻ, അവരെ സഹായിക്കാൻ.. അങ്ങയുടെ നേതൃത്വത്തിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളും ഈ നാടു മറക്കില്ല..പ്രിയ മമ്മുക്ക… ഇനിയും പതിറ്റാണ്ടുകൾ ഈ സാംസ്കാരിക ഭൂമികയിൽ നിറ സാന്നിധ്യമായി തിളങ്ങി നിൽക്കാൻ അങ്ങേയ്ക്കു കഴിയട്ടെ..ആശംസകൾ… അഭിനന്ദനങ്ങൾ..

https://www.facebook.com/directorvinayan/posts/424082645743254?__cft__[0]=AZUSIvgRwu32kA37R9_-9hZvtZ_46IrJb7znsHxR_RzbPTvz1igqFXgVrho9Ha30BoZENXOEtq7nA14hZ_se7F4h8sB6eqtVuGoWcmD4UD7ibTMJfTFXt4lT7q0eSCT_5osZJP2v1Y4F3ANd8bzakQtl&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments


Back to top button