GeneralLatest NewsMollywoodNEWSSocial Media

‘ഗോഷ്ടി കാണിച്ചു ജീവിക്കുന്നവരെ പോലെയാണ് സിനിമാക്കാരെ കാണുന്നത്’?: തിയറ്ററുകൾ തുറക്കണമെന്ന് വിനയൻ

സാങ്കേതികത്തികവുളള സിനിമകൾ പ്ലാൻ ചെയ്തുകൊണ്ട് തിയറ്ററുകൾ തുറന്നാൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വിനയൻ പറയുന്നു

തിയറ്ററുകൾ തുറന്നതുകൊണ്ട് മാത്രം കോവിഡ് കൂടിയതായി എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് സംവിധായകൻ വിനയൻ. തിയറ്ററുകൾ തുറക്കാൻ വൈകുന്നത് സിനിമാ മേഖലയ്ക്ക് വലിയ തകർച്ച തന്നെയാണ് ഉണ്ടാക്കിയതെന്നും വിനയൻ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സാങ്കേതികത്തികവുളള സിനിമകൾ പ്ലാൻ ചെയ്തുകൊണ്ട് തിയറ്ററുകൾ തുറന്നാൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിനയന്റെ വാക്കുകൾ:

‘സിനിമാ തിയറ്ററുകൾ തുറക്കാൻ സമയമായെന്നും അടുത്ത ഘട്ടത്തിൽ അതിനുള്ള തീരുമാനം എടുക്കുമെന്നും മന്ത്രി സജി ചെറിയാൻ ചാനലുകളിൽ പറയുന്ന കേട്ടു.. ഇപ്പോഴെങ്കിലും അങ്ങനൊരു തീരുമാനത്തിലേക്കു വന്നതിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. കുറച്ചു കൂടി നേരത്തെ തുറന്നിരുന്നു എങ്കിലും അതുകൊണ്ട് ഈ നാട്ടിൽ കോവിഡ് രോഗികളൊന്നും കൂടില്ലായിരുന്നു.

മറ്റു സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ ഒന്നും തിയറ്റർ തുറന്നതു കൊണ്ട് കോവിഡ് വ്യാപിച്ചതായി റിപ്പോർട്ടില്ല.. അടുത്തടുത്തിരുന്ന് എസി ബസ്സിൽ നാലും അഞ്ചും മണിക്കൂർ യാത്ര ചെയ്യുന്നതു പോലെയോ… ബവറേജസ്സിന്റെ മുന്നിൽ തിക്കിത്തിരക്കി നിൽക്കുന്ന ആൾക്കൂട്ടം പോലെയോ?’ ചില എസി ഷോപ്പിങ് മാളുകളിലെ തിരക്കു പോലെയോ അല്ല ഒന്നിട വീട്ട സീറ്റുകളിൽ പരസ്പരം നോക്കുകയോ അടുത്തിരിക്കുകയോ ചെയ്യാതെ സിനിമ കാണുന്ന തിയറ്ററിലെ പ്രേക്ഷകർ. മാത്രമല്ല വളരെ ഹൈജിനിക്കായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സിനിമാ തിയറ്റർ പ്രവർത്തിപ്പിക്കുവാൻ കഴിയുമെന്ന് കഴിഞ്ഞ വർഷം തന്നെ തെളിയിച്ചവരാണ് ഇവിടുത്തെ തിയറ്ററുകാർ..

ഇതൊന്നും അറിയാത്തവരല്ല വിദഗ്ധരുടെ ഉപദേശക കമ്മിറ്റികളും.. പക്ഷേ അവർ ഈ വലിയ വ്യവസായ മേഖലയേയും പതിനായിരക്കണക്കിനു തൊഴിലാളികളെ അന്നമൂട്ടുന്ന ഈ എന്റടെയ്ൻമെന്റ് ഇൻഡസ്ട്രിയേയും വേണ്ട ഗൗരവത്തോടെ കണ്ടോ? എന്നു സംശയം ഉണ്ട്.. പണ്ട് …കേരളം കണ്ട ഏറ്റവും പ്രശസ്തനായ നടൻ പത്മശ്രീ പ്രേംനസീറിനെ ഫ്ലൈറ്റിലെ ബിസ്സിനസ്സ് ക്ലാസ്സിൽ വച്ച് കാണാനിടയായ ശതകോടീശ്വരനായ ഒരു ബിസിനസ്സുകാരൻ തെല്ലു പുച്ഛത്തോടെ ചോദിച്ചു,, ‘നിങ്ങൾ ഈ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു ജീവിക്കുന്ന ആളല്ലേ”, നസീർ സാർ തന്റെ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു അതെയതേ… പുതിയ ഗോഷ്ടി കാണിക്കാനായിട്ടു പോകുവാ…

അതു പോലെ ഗോഷ്ടി കാണിച്ചു ജീവിക്കുന്നവരായി സിനിമാക്കാരെ ഇവിടെയും കണ്ടോ? ഞങ്ങളിവിടെ വളരെ സീരിയസ്സായി ചിന്തിക്കുമ്പോളാണോ നിങ്ങളുടെ സിനിമയും പാട്ടുമൊക്കെ എന്നു ചിന്തിക്കുന്ന വിദഗ്ധ സമിതിക്കാരും ഉണ്ടായേക്കാം, എന്നു പറഞ്ഞെന്നു മാത്രം…… ജീവൻ നിലനിർത്താൻ കഴിക്കുന്ന ആഹാരം പോലെ തന്നെ പ്രാധാന്യമുള്ളതാണ്.. മനസ്സിന്റെ ആരോഗ്യവും ഉൻമേഷവും.. ഈ മഹാമാരിക്കാലത്ത് വിഷാദ രോഗം ബാധിച്ച് ആത്മഹത്യ ചെയ്ത എത്രയോ സംഭവങ്ങൾ നമ്മൾ കണ്ടു. ആഹാരം വാങ്ങാൻ വച്ചിരിക്കുന്ന പൈസ പോലും എടുത്ത് ആമസോണും നെറ്റ്ഫ്ലിക്സും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്ന.. എത്രയോ സാധാരണക്കാരെ നമുക്കു നാട്ടിൽ ഇപ്പോൾ കാണാൻ കഴിയും..

ആയിരവും അഞ്ഞൂറും ഒക്കെയാണ് ഈ പറഞ്ഞ ഒടിടി പ്ലാറ്റ്ഫോമുകളുടെ മിനിമം ചാർജ് എന്നോർക്കണം. ഈ മഹാമാരിക്കാലത്ത് മനസ്സു മടുത്ത് വട്ടായി പോകുന്ന അവസ്ഥയാ… അതുകൊണ്ട് ഇതുപോലുള്ള എന്തെങ്കിലും ഒരു എന്റടെയ്ൻമെന്റ് വലിയ ആശ്വാസമാ.. എന്നു പറയുന്ന ബഹുഭുരിപക്ഷം ജനങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ,. ഇനിയും വിദഗ്ധോപദേശക കമ്മിറ്റിക്കാർ അമാന്തിക്കരുത്. ഏറ്റവും കുറഞ്ഞ ചെലവിൽ രണ്ടു മൂന്നു മണിക്കുർ നേരം ഏറ്റവും നല്ല മാനസികോല്ലാസം തരുന്ന കലയാണ് സിനിമ.. അതു കൊണ്ടു തന്നെയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കലാരൂപമായി സിനിമ മാറിയത്..

ആധുനിക സൗകര്യങ്ങളോടെ ഇരുന്നു കാണാനും.. ശബ്ദ ദൃശ്യ വിന്യാസങ്ങളുടെ ഏറ്റവും പുതിയ ടെക്നോളജി ആസ്വദിക്കുവാനും.. തിയറ്റർ എക്സ്പിരിയൻസ് തന്നെ വേണമെന്നു ചിന്തിക്കുന്നവരാണ് വലിയ വിഭാഗം പ്രേക്ഷകരും.. അതുകൊണ്ട് നല്ല ടെക്നിക്കൽ ക്വാളിറ്റി ഉള്ള സിനിമകൾ പ്ലാൻ ചെയ്തുകൊണ്ട് തിയറ്ററുകൾതുറന്നാൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം.. കഴിഞ്ഞ വർഷം ഇതേ സാഹചര്യത്തിൽ തിയറ്ററുകൾ തുറന്നപ്പോൾ നമ്മളതു കണ്ടതാണ്.. ഇപ്പോൾ വാക്സിനേഷൻ കൂടി പൂർത്തിയാകുന്ന സാഹചര്യത്തിൽ കുറച്ചുകൂടി പോസിറ്റീവായ സാഹചര്യമാണ്.. പക്ഷേ 50% സീറ്റിങ് കപ്പാസിറ്റിയിൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ 100% എന്റടെയ്ൻമെന്റ് ടാക്സും ഒരു വർഷത്തേക്കെങ്കിലും..സർക്കാർ ഇളവു ചെയ്തു കൊടുക്കണം.. എങ്കിലേ നിർമാതാക്കൾക്ക് നഷ്ടമില്ലാതെ പോകാൻ പറ്റു..തിയറ്ററുകളുടെ കറൻറ് ചാർജിലും ഇളവു നൽകണം..

കഴിയുന്നത്ര എന്തെല്ലാം ഇളവുകൾ നൽകിയും ഈ ഇൻഡസ്ട്രിയെ തിരിച്ചു പിടിക്കാനുള്ള ശ്രമം ഈ സർക്കാരും സിനിമാ മന്ത്രിയും ചെയ്യേണ്ടതാണ്.. ജനങ്ങളുടെ മാനസികോല്ലാസത്തിനും സാംസ്കാരിക മേഘലയുടെ നിലനിൽപിനും അതാവശ്യമാണ്.. ഗവൺമെന്റിന് ഒരു ചെലവുമില്ലാതെ എത്രയോ ശതകോടികൾ നികുതി ഇനത്തിൽ നേടിത്തന്ന ഒരു വ്യവസായത്തെ ആ മുൻഗണനയിൽ തന്നെ ഇടതുപക്ഷസർക്കാർ കാണും എന്നു ഞാൻ വിശ്വസിക്കുന്നു…

പലിശക്കാർ പഞ്ഞക്കാലത്തു കാശുണ്ടാക്കും എന്നു പറഞ്ഞ പോലെ ഈ കോവിഡ് കാലം ആമസോണിനും നെറ്റ്ഫ്ലിക്സിനുമൊക്കെ കൊയ്ത്തു കാലമായിരുന്നു. അക്കൂട്ടത്തിൽ ചെറു വിരലിൽ എണ്ണാവുന്ന സിനിമാക്കാരും കോടികളുണ്ടാക്കി.. പക്ഷേ അതുകൊണ്ട് മലയാള ഫിലിം ഇൻഡസ്ട്രിക്കോ ഇവിടുത്തെ ബഹുഭൂരി പക്ഷം വരുന്ന തൊഴിലാളിക്കോ ഒരു നേട്ടവും ഉണ്ടായില്ല.. അതിന് സിനിമ പഴയതു പോലെ തന്നെ എത്തണം.. അതിനായി എല്ലാ സിനിമാ സംഘടനകളും ചലച്ചിത്ര പ്രവർത്തകരും മുന്നോട്ടു വന്നാൽ വിജയിക്കാൻ സാധിക്കും എന്നു ഞാൻ വിശ്വസിക്കുന്നു..’

shortlink

Related Articles

Post Your Comments


Back to top button