CinemaGeneralLatest NewsMollywoodNEWS

ഇതിൽ കോമഡി മാത്രമല്ലെ ഉള്ളു, വിജയിക്കുമോ എന്ന് പ്രിയനോട് ഞാൻ ? ഒടുവിൽ 60 ലക്ഷം മുടക്കിയ ചിത്രം നേടിയത് കോടികൾ

സിനിമയിൽ കോമഡിക്ക് പ്രാധാന്യമുള്ളതിനാൽ വേണ്ടത്ര വിജയം കൈവരിക്കും എന്ന ആശങ്ക ഉണ്ടായിരുന്നെന്നും മോഹൻ തുറന്നു പറയുന്നു

ഇപ്പോഴും മലയാളികളെ ചിരിപ്പിക്കുന്ന സിനിമയാണ് മോഹൻലാൽ, ജഗതി ശ്രീകുമാർ, രേവതി, തിലകൻ, ഇന്നസെന്റ്, ജഗദീഷ് തുടങ്ങിയ വമ്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ സംവിധാനം ചെയ്ത കിലുക്കം. 1991 ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അന്ന് വരെ ഇറങ്ങിയ മലയാള സിനിമകളെ ഞെട്ടിച്ചുകൊണ്ടായിരുന്നു കിലുക്കത്തിലെ വിജയവും റെക്കോർഡ് കളക്ഷനും. ഇപ്പോഴിതാ സിനിമയുടെ യഥാര്‍ഥ കണക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഗുഡ്‍നൈറ്റ് മോഹന്‍. സഫാരി ടിവിയുടെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് ഗുഡ്‍നൈറ്റ് മോഹന്‍ കിലുക്കത്തിന്‍റെ കളക്ഷന്‍ കണക്ക് വെളിപ്പെടുത്തിയത്.

കിലുക്കത്തിന്‍റെ പ്രിവ്യൂ കണ്ടപ്പോള്‍ ഇത് വിജയിക്കുമോ എന്ന് തനിക്ക് സംശയം തോന്നിയെന്നും ആ സംശയം പ്രിയദര്‍ശനോട് വെളിപ്പെടുത്തിയിരുന്നെന്നും മോഹന്‍ പറയുന്നു. കാരണം അതുവരെ താൻ നിർമ്മിച്ചതിൽ ഏറ്റവും ചെലവേറിയ സിനിമ മമ്മൂട്ടിയെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്‍ത ‘അയ്യര്‍ ദി ഗ്രേറ്റ്’ ആയിരുന്നു. അതിലും ചിലവേറിയതായിരുന്നു കിലുക്കം. സിനിമയിൽ കോമഡിക്ക് പ്രാധാന്യമുള്ളതിനാൽ വേണ്ടത്ര വിജയം കൈവരിക്കും എന്ന ആശങ്ക ഉണ്ടായിരുന്നെന്നും മോഹൻ തുറന്നു പറയുന്നു.

ഗുഡ്‍നൈറ്റ് മോഹന്റെ വാക്കുകൾ:

അന്നത്തെ കാലത്തെ ഏറ്റവും ചെലവേറിയ പടമായിരുന്നു കിലുക്കം. അയ്യര്‍ ദി ഗ്രേറ്റിന് 50 ലക്ഷം രൂപയായിരുന്നു ചെലവെങ്കില്‍ കിലുക്കത്തിന്‍റെ ഫസ്റ്റ് കോപ്പി ആയപ്പോള്‍ ആകെ ചെലവായത് 60 ലക്ഷമായിരുന്നു. അന്ന് 20-25 ലക്ഷം രൂപയ്ക്ക് മലയാളം പടം തീരുന്ന കാലമാണ്. ചെലവേറിയ സിനിമയാണെന്നും ഇത് എങ്ങനെ മുതലാവുമെന്നും പ്രിവ്യൂ കണ്ടതിനു ശേഷം പ്രിയദര്‍ശനോട് ഞാന്‍ ചോദിച്ചു. കുറേ തമാശയുണ്ടെന്നല്ലാതെ ‘കഥ’ എന്നൊന്നും കണ്ടില്ലെന്ന് പ്രിയനോട് പറഞ്ഞു. പക്ഷേ പ്രിയന്‍റെ ഒരു കോണ്‍ഫിഡന്‍സ് സമ്മതിക്കാതെ പറ്റില്ല.

ഒരു കോടി രൂപയ്ക്കുമേല്‍ ചിത്രം കളക്റ്റ് ചെയ്‍താല്‍ മറ്റു ഭാഷകളിലേക്കുള്ള റൈറ്റ്സ് എനിക്ക് തരുമോ എന്ന് പ്രിയന്‍ ചോദിച്ചു. അന്നൊക്കെ പ്രിയദര്‍ശന്‍റെയൊക്കെ ശമ്പളം 50,000, 60,000 ഒക്കെയാണ്. അന്ന് എന്‍റെ ഒരു സിനിമയും ഒരു കോടി കളക്റ്റ് ചെയ്‍തിട്ടില്ല. മലയാള സിനിമയ്ക്ക് അത്രയും കളക്ഷന്‍ വരും എന്ന കാര്യം തന്നെ എനിക്ക് അറിയില്ലായിരുന്നു. ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ വരുകയാണെങ്കില്‍ എല്ലാ റൈറ്റ്സും നീ എടുത്തോ എന്ന് പ്രിയനോട് ഞാന്‍ പറഞ്ഞു. സിനിമ അന്നത്തെ കാലത്ത് അഞ്ച് കോടി രൂപ കളക്റ്റ് ചെയ്‍തു. മലയാളത്തില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം ബ്രേക്ക് ചെയ്‍തു കിലുക്കം. തെലുങ്ക്, തമിഴ്, ഹിന്ദി റൈറ്റ്സ് വിറ്റ് പ്രിയന്‍ അന്നത്തെ കാലത്ത് എട്ടോ പത്തോ ലക്ഷം രൂപ നേടി. അതും കിലുക്കത്തിന്‍റെ റെക്കോര്‍ഡ് ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button