GeneralLatest NewsMollywoodNEWS

പരമാവധി മദ്യം വാങ്ങുക, വീട്ടിലിരുന്നു കുടിച്ചുതീര്‍ത്ത് സര്‍ക്കാരിന് കൈത്താങ്ങാകുക, എന്തിനൊരു സര്‍ക്കാര്‍ ഇങ്ങനെ?

പിടിപ്പുകെട്ടതും പാപ്പരായിപ്പോയതുമായ ഈ സര്‍ക്കാര്‍ ലോക ടൂറിസം ദിനവും അഖിലേന്ത്യാ ഹര്‍ത്താലും ഒരേ സമയം നടത്തി വിഡ്ഢിവേഷം കെട്ടുമ്ബോള്‍ നാമെന്തുചെയ്യണം?

ശംഖുമുഖം തീരം തകരുന്നതിനെതിരെ വിമർശനവുമായി നടൻ കൃഷ്ണകുമാര്‍. തിരുവനന്തപുരത്തുകാര്‍ക്ക് ശംഖുമുഖം വെറുമൊരു കടപ്പുറം മാത്രമല്ലെന്നും കുട്ടിക്കാലം മുതലുള്ള ഒരു ശീലമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല ഇപ്പോഴത്തെ ശംഖുമുഖത്തിന്റെ അവസ്ഥ കണ്ട് ദേഷ്യവും സങ്കടവും വന്നുവെന്നും പിടിപ്പുകെട്ടതും പാപ്പരായിപ്പോയതുമായ ഈ സര്‍ക്കാര്‍ ലോക ടൂറിസം ദിനവും അഖിലേന്ത്യാ ഹര്‍ത്താലും ഒരേ സമയം നടത്തി വിഡ്ഢിവേഷം കെട്ടുമ്ബോള്‍ നാമെന്തുചെയ്യണം? എന്നും കൃഷ്ണകുമാര്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നു.

കൃഷ്ണകുമാറിന്റെ കുറിപ്പ്

നമ്മള്‍ തിരുവനന്തപുരത്തുകാര്‍ക്ക് ശംഖുമുഖം വെറുമൊരു കടപ്പുറം മാത്രമല്ല. അത് കുട്ടിക്കാലം മുതലേയുള്ള ഒരു ശീലമാണ്. കാലാകാലങ്ങളായി നാനാദേശങ്ങളില്‍ നിന്നും ജോലി സംബന്ധമായും അല്ലാതെയും നമ്മുടെ നഗരത്തില്‍ വന്നുപോയവരും, (ഇഷ്ടപ്പെട്ട് ബാക്കിജീവിതം ഇവിടെത്തന്നെ തങ്ങാന്‍ തീര്‍ച്ചപ്പെടുത്തിയവരും), തിരക്കുകളില്‍ നിന്ന് തെന്നിമാറാന്‍ തിരഞ്ഞെടുക്കുന്ന തീരം. ശ്രീപദ്മനാഭന്റെ ആറാട്ടുകടവ്, ബലിതര്‍പ്പണങ്ങള്‍ നടക്കുന്ന പുണ്യഭൂമി, എല്ലാ മതസ്ഥരുടെയും വിശ്വാസങ്ങളും ചരിത്രവും ഉള്‍ക്കൊള്ളുന്ന വിശാലത. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകള്‍!

read also: സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു: നിത്യയും നവ്യയും പങ്കെടുത്ത ജനപ്രിയ ഷോയ്ക്ക് എതിരെ വിമർശനം

ഇന്ന് വീണ്ടും അവിടംവരെ പോയിരുന്നു. എല്ലാംകൊണ്ടും അവഗണിക്കപ്പെട്ടു കിടക്കുകയാണെന്നറിയാമെങ്കിലും ഇന്നവിടെ കണ്ട കാഴ്ചകള്‍ ദേഷ്യവും സങ്കടവും വര്‍ദ്ധിപ്പിച്ചതേയുള്ളൂ. പൊട്ടിത്തകര്‍ന്ന റോഡുകള്‍, ചപ്പും ചവറും വിസര്‍ജ്യങ്ങളും നിറഞ്ഞ പരിസരങ്ങള്‍, കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ടിവരുന്ന നിസ്സഹായാവസ്ഥ – ഇതൊക്കെയാണ് ഇപ്പോഴത്തെ ഇവിടുത്തെ കാഴ്ചകള്‍. ഒരു കലാകാരനെന്ന നിലയ്ക്ക് ഏറ്റവും വേദന തോന്നിയത് സപ്തസ്വരമണ്ഡപം കണ്ടപ്പോഴാണ്. പലര്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനൊരു മറ, അത്ര തന്നെ! പെട്ടെന്നോര്‍മ്മ വന്നത് പണ്ടൊരു പ്രകൃതിദുരന്തത്തില്‍ പ്രേതഭൂമിയായിപ്പോയ ധനുഷ്‌കോടിയിലെ ചില ദൃശ്യങ്ങളാണ്. ഇവിടെയിത് പക്ഷേ പ്രകൃതിദുരന്തമല്ല, രാഷ്ട്രീയ ദുരന്തമാണ്. ശംഖുമുഖത്തെ ഒരു ദുഃഖമുഖമാക്കിമാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണ്. അവരല്ലെങ്കില്‍ പിന്നെ ഉത്തരവാദികളാരാണ്?

നാളെ ലോക ടൂറിസം ദിനമാണത്രെ. അല്പദിവസങ്ങള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ചില ചിത്രങ്ങളുണ്ട്. തിരുവനന്തപുരം ‘അന്താരാഷ്ട്ര’ വിമാനത്താവളത്തിലേക്ക് പെട്ടിയും സഞ്ചികളും തൂക്കി കടപ്പുറത്തിനരികെകൂടി വേഗത്തില്‍ നടന്നുനീങ്ങുന്ന ചിലയാള്‍ക്കാര്‍. റോഡുകളില്ല. ഈ ഫോട്ടോകള്‍ ശ്രദ്ധിക്കൂ, തിക്കും തിരക്കും തടസ്സങ്ങളും കാണൂ. ലോകത്തെവിടെയെങ്കിലുമൊരു വിമാനത്താവളത്തിന് ഇതുപോലൊരു ദുര്‍ഗ്ഗതിയുണ്ടാകുമോ? സംശയമാണ്. ഇങ്ങോട്ടേക്കാണ് നമ്മുടെ സര്‍ക്കാര്‍ എല്ലാ രാജ്യക്കാരെയും നമ്മുടെ സംസ്ഥാനം കാണാന്‍ ക്ഷണിക്കുന്നത്. ഒന്നോര്‍ത്തുപോകുകകയാണ് – കൊച്ചിയിലോ കണ്ണൂരോ ആണെങ്കില്‍ ഒരു വിമാനത്താവളത്തിന് ഇതുപോലൊരു ദുസ്ഥിതി ഉണ്ടാകുമായിരുന്നോ? അന്താരാഷ്ട്ര ടൂറിസം നടക്കട്ടെ, പക്ഷേ ആയിരക്കണക്കായ തദ്ദേശവാസികളുടെ ഉപജീവനവും അതിജീവനവും ഇതേ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സാമാന്യബോധം എന്തുകൊണ്ടാണിവിടുത്തെ ഭരണകൂടങ്ങള്‍ക്കില്ലാതെ പോകുന്നത്? സാധാരണക്കാരന്‍ ആരോടാണ് പരാതിപ്പെടേണ്ടത്?

ഈ മേഖലയിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ നട്ടം തിരിയുകയാണ്. അവരുടെ കൂട്ടികളും കുടുംബങ്ങളും തികഞ്ഞ പട്ടിണിയിലാണ്. സര്‍ക്കാരിന്റെ തികച്ചും അശാസ്ത്രീയവും ഏകപക്ഷീയവുമായ കോവിഡ് മാനേജ്മന്റ് തീരുമാനങ്ങള്‍ തകര്‍ത്തെറിഞ്ഞത് അനേകമനേകം ചെറുകിട വ്യാപാരികളെയും, വിനോദസഞ്ചാരികള്‍ക്കു അവശ്യസാധനങ്ങള്‍ എത്തിച്ചു ഉപജീവനം നടത്തുന്ന ഒരുപിടി പാവപ്പെട്ടവരെയാണ്. ഈയവസ്ഥകള്‍ക്കൊരു മാറ്റം വരാന്‍ നാമിനി എത്ര ദുരന്തങ്ങള്‍ കൂടി വന്നുപോകാന്‍ കാത്തിരിക്കണം? എത്ര നാള്‍ കൂടി? നിര്‍ത്തുകയാണ്. പക്ഷേ ഇവിടുത്തെ സ്ഥിതികള്‍ മെച്ചപ്പെടുത്താനും ജീവിതനിലവാരമുയര്‍ത്താനുമുള്ള എന്റെയും എന്റെ പാര്‍ട്ടിയുടെയും ശ്രമങ്ങള്‍ തുടരുകതന്നെ ചെയ്യും. അന്താരാഷ്ട്ര ഭൂപടത്തില്‍ നമ്മുടെ നാടിനെ വീണ്ടും തലയുയര്‍ത്തി നിര്‍ത്താന്‍ വേണ്ട എല്ലാ ജോലികളും ചെയ്യും. നിശ്ചയിച്ചുറപ്പിച്ചതാണത്.

പിടിപ്പുകെട്ടതും പാപ്പരായിപ്പോയതുമായ ഈ സര്‍ക്കാര്‍ നാളെ ലോക ടൂറിസം ദിനവും അഖിലേന്ത്യാ ഹര്‍ത്താലും ഒരേ സമയം നടത്തി വിഡ്ഢിവേഷം കെട്ടുമ്ബോള്‍ നാമെന്തുചെയ്യണം? പരമാവധി മദ്യം വാങ്ങുക, വീട്ടിലിരുന്നു കുടിച്ചുതീര്‍ത്ത് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്ക് കൈത്താങ്ങാകുക എന്നല്ലേ ഭരണകൂടം പറയാതെ പറയുന്നത്? എത്ര നാളിങ്ങനെ? എന്തിനൊരു സര്‍ക്കാര്‍ ഇങ്ങനെ?

shortlink

Related Articles

Post Your Comments


Back to top button