GeneralLatest NewsNEWSTollywood

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അവൻ ആത്മഹത്യ ചെയ്യുകയായിരുന്നു: അതൊരു ശരിയായ ചിന്തയായിരുന്നില്ല !

മത്സരപരീക്ഷകള്‍ പുതുതലമുറയെ സമ്മര്‍ദ്ദത്തിലാക്കുന്നതും ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് സായ് പല്ലവി

വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ വർധിച്ചുവരുന്ന സംഭവത്തിൽ പ്രതികരണവുമായി നടി സായ് പല്ലവി. മത്സരപരീക്ഷകള്‍ പുതുതലമുറയെ സമ്മര്‍ദ്ദത്തിലാക്കുന്നതും ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് സായ് പല്ലവി പറയുന്നു.

തന്റെ ബന്ധുവായ ഒരു ആൺകുട്ടി നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്നും സായ് പറയുന്നു. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

സായ് പല്ലവിയുടെ വാക്കുകൾ:

‘ഞാന്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ സഹായിക്കുമോ എന്നറിയില്ല. മെഡിസിന്‍ വിശാലമായ ഒരു മേഖലയാണ്. മത്സരപരീക്ഷയില്‍ എന്ത് ചോദിക്കുമെന്ന് പറയാന്‍ സാധിക്കില്ല. വളരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നാണ്. എന്നിരുന്നാലും മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണകൂടിയുണ്ടെങ്കില്‍ മെഡിസിനില്‍ നല്ല ഭാവിയുണ്ട്.

എന്റെ കസിന്‍ നീറ്റില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു. അവന് തീരെ മാര്‍ക്ക് കുറവായിരുന്നില്ല. എന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്ക് നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ കടും കൈ ചെയ്തു. അവനൊരു തോല്‍വിയാണെന്ന് കുടുംബാംഗങ്ങള്‍ കരുതുമെന്നതായിരുന്നു ഭയം. അതൊരു ശരിയായ ചിന്തയായിരുന്നില്ല. ഒരു കാരണവശാലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്. നിങ്ങള്‍ പരാജയപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കണം. അതിനുള്ള സാഹചര്യം കുടുംബത്തില്‍ തന്നെ കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. എല്ലാവര്‍ക്കും ജീവിതത്തില്‍ ദുര്‍ബല നിമിഷങ്ങളുണ്ടായിരിക്കും. ആ നിമിഷത്തില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഒരാളുണ്ടെങ്കില്‍ അതൊരു വലിയ കാര്യമാണ്.

നിങ്ങള്‍ക്ക് പ്രചോദനമാകാന്‍ എന്റെ പക്കല്‍ ഒന്നുമില്ല. നിങ്ങള്‍ അനുഭവിക്കുന്ന വിഷമത്തില്‍ അനുതാപമുണ്ട്. ഞാന്‍ ആത്മഹത്യ ചെയ്യരുത് എന്ന് പറയുമ്പോള്‍ നിങ്ങള്‍ എത്രത്തോളം മനസ്സിലാക്കുമെന്ന് അറിയില്ല. നിങ്ങള്‍ ഏത് സാഹചര്യത്തിലാണ് പരീക്ഷ എഴുതുന്നതെന്നും എനിക്ക് അറിയില്ല. നിങ്ങള്‍ ചിലപ്പോള്‍ വരുന്നത് ഒരു സാധാരണ ഗ്രാമത്തില്‍ നിന്നാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാകും. അല്ലെങ്കില്‍ മാതാപിതാക്കളെ നഷ്ടമായ സാഹചര്യത്തിലും പരീക്ഷയ്ക്ക് വേണ്ടി പരിശ്രമിക്കുകയായിരിക്കും. നിങ്ങളുടെ സങ്കല്‍പ്പത്തിനനുസരിച്ച് ഉയരാന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ നിന്നായിരിക്കാം ആവശ്യമില്ലാത്ത ചിന്തകള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഒന്നുമാത്രം ഞാന്‍ പറയാം, മത്സര പരീക്ഷകള്‍ ഒന്നിന്റെയും അവസാനമല്ല’- സായ് പല്ലവി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button