CinemaGeneralLatest NewsNEWS

‘മോൻസനെ മലയാളി പൂവിട്ട് പൂജിക്കണം, അയാൾ ലക്ഷ്യം വെച്ചതെല്ലാം വമ്പൻ സ്രാവുകളെ’: സാധാരണക്കാർ രക്ഷപെട്ടുവെന്ന് താരം

രാജകുമാരി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരെ വെളിപ്പെടുത്തലുമായി നിരവധിപേർ രംഗത്ത് വന്നു. ഇതിനിടയിൽ മോൻസനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ വ്യക്തത വരുത്തി നടൻ ശ്രീനിവാസന്‍. മോൻസന്‍ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിലാണെന്ന് ശ്രീനിവാസന്‍ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അയാൾ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് ശ്രീനിവാസൻ പറയുന്നു. ഹരിപ്പാട്ടെ ആയുർവേദ ആശുപത്രിയിൽ തനിക്ക് മോൻസന്‍ ചികിൽസ ഏർപ്പാടാക്കിയെന്നും താനറിയാതെ ആശുപത്രിയിലെ പണം അടച്ചെന്നും ശ്രീനിവാസൻ വ്യക്തമാക്കുന്നു.

‘സുഹൃത്ത് വഴിയാണ് അയാളെ പരിചയപ്പെടുന്നത്. ഡോക്ടർ ആണെന്നായിരുന്നു പറഞ്ഞത്. ഞാനൊരു പാവം രോഗി ആണല്ലോ? അതുകൊണ്ട് അദ്ദേഹത്തെ വീട്ടിൽ ചെന്ന് കാണാമെന്ന് കരുതി. അവിടെ എത്തിയപ്പോഴാണ് പുരാവസ്തു ശേഖരം കണ്ടത്. ഒരു ഫോട്ടോ എടുത്തു എന്നത് ശരിയാണ്. അതിനെ കുറിച്ച് കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. അദ്ദേഹം ഒരു കോസ്മറ്റോളജിസ്റ്റ് ആണെന്നായിരുന്നു പറഞ്ഞത്. എന്റെ അസുഖം അതല്ലല്ലോ? അദ്ദേഹം എന്നെ ഹരിപ്പാട് ഉള്ള ഒരു ആയുർവേദ ഡോക്ടറുടെ അടുത്തെത്തിച്ചു. അവിടെ അഡ്മിറ്റ് ആയി. ചികിത്സ തുടങ്ങി. ചികിത്സ കൊണ്ട് ഒരുപാട് ഗുണം ഉണ്ടായി. ഡിസ്ചാർജ് ആയപ്പോഴാണ് അറിഞ്ഞത്, മോൻസൻ എന്റെ ബില്ല് അടച്ചിരുന്നു എന്ന്. പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല’, ശ്രീനിവാസൻ പറയുന്നു.

Also Read:അയാൾ ബുദ്ധി കൊണ്ട് കളിക്കുന്ന ആളാണ്, ഞാൻ പാടുമ്പോൾ നിങ്ങള്‍ ഇതുപോലെ മാറ്റി പാടണമെന്ന് പുള്ളി തന്നെ പറഞ്ഞതാണ്: അസീസ്

‘സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരെയാണ് അയാൾ പറ്റിച്ചതെന്നാണ് അറിയുന്നത്. മോൻസനെതിരെ പരാതി നൽകിയവരിൽ രണ്ടുപേർ ഫ്രോഡുകളാണ്. പണത്തിനോട് അത്യാർത്തിയുള്ളവരാണ് മോൻസന് പണം നൽകിയത്. വമ്പൻ സ്രാവുകളെ ലക്ഷ്യമിട്ടത് കൊണ്ട് സാധാരണക്കാർ രക്ഷപെട്ടു. അങ്ങനെ സാധാരണക്കാരോട് നീതി കാണിക്കാനുള്ള സാമാന്യ ബോധം അയാൾ കാണിച്ചു. ഏതായാലൂം മോൻസനെ മലയാളികൾ ഇനിയെങ്കിലും പൂവിട്ട് പൂജിക്കണം’, ശ്രീനിവാസൻ പറഞ്ഞു.

അതേസമയം, മോന്‍സന്‍ മാവുങ്കല്‍ പാസ്‌പോര്‍ട്ടില്ലാതെയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ മൊഴി നല്‍കി. ഇതു സംബന്ധിച്ച ചോദ്യങ്ങളോട്, ഒന്നോ രണ്ടോ രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞാല്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് മോന്‍സന്‍ തിരിച്ചുചോദിച്ചു. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നവകാശപ്പെട്ടുകൊണ്ടാണ് മോന്‍സന്‍ പ്രവാസി സംഘടനയുടെ തലപ്പത്തെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button