Latest NewsNEWSSocial Media

ചലച്ചിത്ര മേഖലയിലെ ആധുനികതയുടെ ഉല്പന്നമാണ് ലഹരിയുടെ അതിപ്രസരം, സ്വയം തിരുത്താനുള്ള അവസരം പാഴാക്കരുത്: ആലപ്പി അഷറഫ്

ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെയെന്നും, ചലച്ചിത്ര മേഖലയിലെ ആധുനികവൽക്കരണത്തിൻ്റെ ഉപോൽപന്നമാണ് ലഹരിയുടെ ഈ അതിപ്രസരമെന്നും സംവിധായകൻ ആലപ്പി അഷറഫ്. ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിടിയിലായതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആലപ്പി അഷറഫിന്റെ പ്രതികരണം.

മയക്കുമരുന്ന് കേസിൽ നടൻ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പ്രതിപാദിച്ച അഷ്‌റഫ് സ്വയം തിരുത്താൻ ഇനിയും സമയം ബാക്കിയുണ്ടെന്നും അവസരം പഴാക്കരുതെന്നും പറഞ്ഞുകൊണ്ടാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

‘ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ.. ആര്യൻഖാൻ അറസ്റ്റിലായ ആഡംമ്പരക്കപ്പൽ ,കൊച്ചിയിലുംവന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചേക്കും.ചലച്ചിത്ര മേഖലയിലെ ആധുനികവൽക്കരണത്തിൻ്റെ ഉപോൽപന്നമാണ് ലഹരിയുടെ ഈ അതിപ്രസരം. തെളിവു കൊണ്ടു വന്നാൽ അന്വേഷിക്കാമെന്നതായിരുന്നു അന്നത്തെ സർക്കാർ നിലപാട്. എന്നാൽ സിനിമ സംഘടനകളിലാരും തെളിവുകൾ ഒന്നും നൽകാതെയാണ് നടൻ ബിനീഷ് കോടിയേരി അറസ്റ്റിലായത്. ആരോപണമുയർന്നപ്പോൾ തന്നെ അന്വേഷിച്ചിരുന്നു എങ്കിൽ ഒരു പക്ഷേ ബിനീഷിന് ഇന്നീ ഗതി വരില്ലായിരുന്നു. ബിനീഷിനെക്കാൾ വമ്പൻ സ്രാവുകൾ വെളിയിൽ ഇന്നും വിരഹിക്കുകയാണ്. ബിനീഷ് വെറും നത്തോലി മാത്രം. വലയിൽ വീണ ചെറുമീൻ.

ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ ഒരു പക്ഷേ അധിക കാലം വേണ്ടി വരില്ല. മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പൻന്മാർ എന്നാണ് കുടുങ്ങുന്നതെന്ന് പറയാൻ പറ്റില്ല. ഷാരുഖാൻ്റെ മകനെക്കാൾ വലുതല്ലല്ലോ ഇവരാരും. പിടിക്കപ്പെട്ടാൽ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി. കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകർത്തെറിയും. സൂക്ഷിച്ചില്ലങ്കിൽ…ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവർ അവസാനിപ്പിച്ചില്ലങ്കിൽ , മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാ‌ർത്തകൾ താമസിയാതെ നമുക്ക് ഇനിയും കേൾക്കേണ്ടി വരും. സ്വയം തിരുത്താൻ ഇനിയും സമയം ബാക്കിയുണ്ട്. ദയവായി ആ അവസരം പഴാക്കരുതേ’. ആലപ്പി അഷറഫ്

 

shortlink

Related Articles

Post Your Comments


Back to top button