GeneralLatest NewsMollywoodNEWS

പൃഥിരാജ് ഭ്രമം പോലൊരു സിനിമ എന്തിനു ചെയ്തു ?

പൃഥിരാജിനെപ്പോലെയൊരു പ്രതിഭയ്ക്ക് എക്സ്ട്രാ ഓർഡിനറിയായി പെർഫോം ചെയ്യാനുള്ള യാതൊരു സവിശേഷതകളും റേ എന്ന കഥാപാത്രത്തിനില്ലായിരുന്നു

നിലപാടുകൾകൊണ്ടും ചലച്ചിത്ര തിരഞ്ഞെടുപ്പുകൾ കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടനാണ് പൃഥിരാജ്. പക്ഷേ ഭ്രമം പോലൊരു സിനിമ അദ്ദേഹം എന്തിനു ചെയ്തു എന്നു പ്രേക്ഷകൻ ചോദിക്കുന്നുവെങ്കിൽ അത് കേവലം വ്യക്തിപരമായ അധിക്ഷേപമല്ല മറിച്ച് ഭ്രമം നൽകിയ നിരാശയിൽ നിന്നും ഉണർന്നു വന്ന ചോദ്യമാണത്.. ഒരു ഹിന്ദി ചിത്രത്തെ പ്രത്യേകിച്ചും ഏവരും സ്വീകരിച്ച ഒരു ചിത്രത്തെ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ചില വെല്ലുവിളികളും പരിമിതികളും ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്.

അന്ധനല്ലാത്ത ഒരാൾ‌ അന്ധനായി നടിക്കുകയും അയാൾ ഒരു കൊല പാതകത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യേണ്ടി വരുന്നതിനെത്തുടർന്നുള്ള സംഭവ വികാസങ്ങളാണ് ഭ്രമത്തിൻ്റെ കഥ / പ്രമേയ ഘടന. ത്രില്ലർ മൂവിയെന്ന ഗണത്തിൽ നിൽക്കുന്ന ഭ്രമം വിരസമായ കഥാസന്ദർഭങ്ങളിലൂടെയാണ് ക്ലൈമാക്സിലെത്തുന്നത്.

പൃഥിരാജിനൊപ്പം ശങ്കർ ,ഉണ്ണി മുകുന്ദൻ ,ജഗദീഷ് ,അനന്യ ,മംമ്ത, നന്ദന വർമ്മ, ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രത്തിലുണ്ട്. എന്തിനു വേണ്ടിയായിരുന്നു ഈ കോലാഹലങ്ങൾ എന്നാണ് ചിത്രം കാണുന്ന പ്രേക്ഷകനു തോന്നുക. പൃഥിരാജിനെപ്പോലെയൊരു പ്രതിഭയ്ക്ക് എക്സ്ട്രാ ഓർഡിനറിയായി പെർഫോം ചെയ്യാനുള്ള യാതൊരു സവിശേഷതകളും റേ എന്ന
കഥാപാത്രത്തിനില്ലായിരുന്നു എന്നതാണ് വാസ്തവം. പ്രതിനായകനായി എത്തിയ ഉണ്ണി മുകുന്ദൻ്റെ പ്രകടനം മോശമായിരുന്നു എന്ന് ചിത്രത്തിലെ ഓരോ രംഗവും ഓർമ്മിപ്പിക്കുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളികൾക്കു മുമ്പിലെത്തിയ ശങ്കർ ഏറെക്കാലത്തിനു ശേഷം ഭ്രമത്തിലൂടെ പ്രേക്ഷകൻ്റെ മുമ്പിലെത്തി. ആദ്യ ചിത്രത്തിൻ്റെ സ്മരണകൾ ഭ്രമത്തിലൂടെ ശങ്കറിൻ്റെ കഥാപാത്രം ഉയർത്തിക്കൊണ്ടു വരുന്നുണ്ട്. സ്മിനു സിജോ, ജഗദീഷ് എന്നിവരുടെ പ്രകടനങ്ങൾ ഭേദപ്പെട്ടതായിരുന്നു.  വല്ലാർപാടത്തമ്മയെ ആരാധിക്കുന്ന ,പകൽ ലോട്ടറി കച്ചവടം നടത്തുന്ന ,കൊട്ടേഷൻ സംഘങ്ങളോട് ചേർന്നു പ്രവർത്തിക്കുന്ന മാർത്തയെ സ്മിനു കുറ്റം പറയാനില്ലാത്ത വിധം അവതരിപ്പിച്ചു. ജഗദീഷിൻ്റെ സ്വാമിയും വേറിട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു. പ്രായത്തിനനുസരിച്ച് കോമഡി റോളുകളിൽ നിന്നു മാറി സീരിയസ് റോളുകളിലേക്കും നെഗറ്റീവ് റോളുകളിലേക്കും ജഗദീഷ് മാറി എന്നത് ശ്രദ്ധേയമാണ് .ലീല ,കസബ ,ദി പ്രീസ്റ്റ് ,ഭ്രമം ഉൾപ്പെടെ ഉള്ളവ ഉദാഹരണം. .. കാശിനോട് അത്യാർത്തിയുള്ള മനുഷ്യൻ്റെ എല്ലാ സ്വഭാവ രീതികളും ഭ്രമത്തിലെ സ്വാമിയിൽ പ്രകടമാണ്. അതിഭാവുകത്വങ്ങളില്ലാതെ ജഗദീഷ് സ്വാമി യെ അവതരിപ്പിച്ചു.

പൃഥിരാജിൻ്റെ ഫാൻസിനേക്കാൾ കൂടുതൽ ഭ്രമം സ്വീകരിച്ചത് ട്രോളർമാരാണെന്ന് ക്രമാതീതമായ ട്രോളുകൾ തെളിയിക്കുന്നു

 

രശ്മി അനിൽ

shortlink

Related Articles

Post Your Comments


Back to top button