Latest NewsNEWSVideos

‘വേണം’: ഈ പാട്ടിന് ഇങ്ങനെത്തന്നെ വേണം ! – ‘വേണം’ യുവതയുടെ സംഗീതജ്വരം വൈറൽ!

ഈയിടെ പുറത്തിറങ്ങിയ ‘വേണം’ എന്ന മലയാളം പാട്ട് ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആകർഷകമായ ട്യൂണും വരികളും ദേശാന്തര ഭേദമന്യേ സ്വീകരിക്കപ്പെട്ടു. എന്തിന്റേയും ഏതിന്റേയും പുതുക്കലിനായി നിലകൊള്ളുന്ന യുവാക്കളെ പ്രതിനിധീകരിക്കുന്ന ‘വേണം’ എന്ന പാട്ട്, പ്രമേയവും അവതരണവും കൊണ്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. താരതമ്യേന തുടക്കക്കാരായ ഇൻഡി കലാകാരന്മാരുടെ കൂട്ടം അണിയിച്ചൊരുക്കിയ പാട്ട് കേവലം ദിവസങ്ങൾക്കുള്ളിലാണ് യൂട്യൂബ് വഴി ഒരു ലക്ഷത്തിലധികം ശ്രോതാക്കളിലേക്കെത്തിയത്. ഒരു മലയാളം ഇൻഡി ഗാനത്തിന് ലോകമെമ്പാടും ശ്രദ്ധ കിട്ടുന്നതും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ശ്രോതാക്കളെ ലഭിക്കുന്നതും സാധാരണമല്ല. സ്പോട്ടിഫയ്, ആപ്പിൾ മ്യൂസിക്, തുടങ്ങി മിക്ക ഡിജിറ്റൽ പ്ലാറ്റുഫോമുകളിലും ‘വേണം’ ഇന്ന് ലഭ്യമാണ്.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷബീർ (ഷാബ്സ് ക്രാഫ്റ്റ്) എന്ന സംഗീതഞ്ജനാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ ഗാനമാണ്. ഇൻസ്ട്രുമെന്റൽ സിംഗിളുകളാണ് അദ്ദേഹത്തിന്റേതായി ഇതിനു മുന്നേ റിലീസ് ചെയ്തിട്ടുള്ളത്.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന കവി ആദിത്യ ശങ്കറിന്റേതാണ് വരികൾ. 2002 മുതൽ കവിതകൾ മുഖ്യധാരയിൽ പ്രസിദ്ധീകരിച്ചു വരുന്നു. ഒരു മലയാളം ഗാനത്തിനായുള്ള അദ്ദേഹത്തിന്റെ ആദ്യ സംരംഭമാണിത്. ആഫ്റ്റർ സീയിങ്, പാർട്ടി പൂപ്പേർഴ്‌സ്, എക്സ് എക്സ് എൽ എന്നിവയാണ് ഇംഗ്ലീഷ് പുസ്തകങ്ങൾ. ബാംഗ്ലൂരിൽ താമസം.

പ്രമുഖ ഗായകൻ ഹരീഷാണ് ‘വേണം’ ആലപിച്ചിട്ടുള്ളത്. വർഷങ്ങളായി പടിഞ്ഞാറൻ, ക്ലാസിക്കൽ ഭാഷകളിൽ നന്നായി പരിശീലനം നേടിയ ഗായകൻ കൂടി ആണ് ഹരീഷ്. ഷബീറിനെപ്പോലെ അദ്ദേഹവും സിംഗപ്പൂരിലാണ് താമസം.

മൂവരും ടെക് കമ്പനികളിൽ ജോലി ചെയ്യുന്നുവെങ്കിലും സംഗീതം അവരെ ഒരുമിച്ച് കൊണ്ടുവന്നു. ഷബീറും ആദിത്യനും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. അതേസമയം ഹരീഷും ഷബീറും സിംഗപ്പൂരിൽ കണ്ടു മുട്ടി. പുതിയതും വ്യത്യസ്തവുമായ കല സൃഷ്ടിക്കുക, ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുമായി സംവദിക്കുക, ഈ മൂവർ സംഘത്തെ മുന്നോട്ട് നയിച്ച ലക്ഷ്യമിതാണ്.

‘സത്യം പറഞ്ഞാൽ, പാട്ട് ഇത്രയധികം ശ്രോതാക്കളിലേക്കെത്തുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിലും സന്തോഷകരമായ കാര്യം, ഞങ്ങളുടെ ഗാനത്തിന് ഇതര രാജ്യങ്ങളിലെ മലയാളം അറിയാത്ത ശ്രോതാക്കളിൽ നിന്ന് വരെ ലഭിക്കുന്ന സ്വീകരണമാണ്. ഗാനത്തോടൊപ്പം ചേർത്ത സബ്-ടൈറ്റിലുകളാണ് ഇത് എല്ലാവരിലും എത്താൻ സഹായിച്ചത്. പാട്ടാസ്വദിക്കുക മാത്രമല്ല, അഭിപ്രായവും അറിയിക്കുന്നുണ്ട് വ്യൂവേഴ്‌സ്. വിമർശനവും ആസ്വാദനവും അറിയിച്ച എല്ലാവരോടും നന്ദി പറയുന്നു’- ഷബീർ പറയുന്നു.

‘വേണം’ എന്ന ആശയം ആദ്യം ഉദിച്ചപ്പോൾ വരികൾക്കായി ഷബീർ അദ്ദേഹത്തിന്റെ സുഹൃത്ത് ആദിത്യനെ സമീപിക്കുകയായിരുന്നു. ഇന്നത്തെ യുവാക്കളുടെ മനോഭാവത്തെ, അവരുടെ പരിസ്ഥിതി ബോധത്തെ, അവരുടെ ചോദ്യം ചെയ്യലുകളെ, കരുതലിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നതും എന്നാൽ അവരുമായി സംവദിക്കുന്നതുമായ ഒരു രചനയാണ് അവർ പിന്നെ സൃഷ്ടിക്കാൻ ശ്രമിച്ചത്. മുൻ തലമുറയെപ്പോലെ തങ്ങൾക്ക് ചുറ്റുമുള്ള കുറവുകളും അനീതിയുമായി പൊരുത്തപ്പെടാൻ കൂട്ടാക്കാത്തവരെ ഈ പാട്ട് ഉയർത്തിപ്പിടിക്കുന്നുണ്ട്. പുതിയ തലമുറ എല്ലാം ചോദ്യം ചെയ്യണം, അർഹതപ്പെട്ട എല്ലാത്തിനും ആവശ്യപ്പെടണം, ഒന്നിലും വിട്ടുവീഴ്ച ചെയ്യരുത് എന്നെല്ലാം രസകരമായി അവതരിപ്പിക്കുക വഴി ‘മാറ്റം വേണം’ എന്ന് തന്നെയാണ് ‘വേണം’ മുന്നോട്ട് വെയ്ക്കുന്ന ആശയം.

‘കലാപത്തിന്റെയും കോപത്തിന്റെയും സ്വരത്തിൽ ആരംഭിച്ച് ആനന്ദത്തിലേക്കും പ്രത്യാശയിലേക്കും പ്രാർത്ഥനയിലേക്കും വഴി മാറുന്ന പാട്ട് ഷാബ്സ്ക്രാഫ്റ്റിന്റെ അഭിപ്രായത്തിൽ ഒരു ‘മികച്ച നാളെ’ എന്ന പ്രത്യാശ സൃഷ്ടിക്കുന്നതിനായാണ് ഇങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നത്. റാപ്പ്, മെലഡി, ദക്ഷിണേന്ത്യൻ ക്ലാസിക്കൽ എന്നിവയുടെ സമന്വയമാണ് ഈ പാട്ട് എന്നതും രസകരമാണ്. റാപ്പിനും ക്ലാസിക്കലിനുമായി രണ്ട്
ഗായകരെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും എല്ലാ ഗാന ശാഖയിലും പ്രാവീണ്യം നേടിയ ഹരീഷിനൊപ്പം പ്രവർത്തിച്ച ശേഷം ഒരു ഗായകൻ തന്നെ മതിയെയെന്ന് ഷബീർ തീരുമാനിക്കുകയായിരുന്നു. ഒരു പുതിയ പാട്ട് സൂക്ഷ്മമായി മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചത് എൻ്റെ പണി വളരെ എളുപ്പമാക്കി. എന്റെ 10 വയസ്സുള്ള മകന്റെ (ഇഷാൻ) ചില സ്വരങ്ങളും ചില പശ്ചാത്തല ബിറ്റുകൾക്കായി ഞാൻ ഉപയോഗിച്ചു’- ഷബീർ പറഞ്ഞു.

പാട്ട് പൂർത്തിയാക്കാൻ ആറ് മാസത്തോളമെടുത്തു. സംഗീത സംവിധായകനും ഗാന രചയിതാവിനും സിംഗപ്പൂരിൽ നിന്നും ഇന്ത്യയിൽ നിന്നും ജോലി ചെയ്യേണ്ടി വന്നു. മിക്സിംഗിനും മാസ്റ്ററിംഗിനും പ്രധാനമായും നെതർലാൻഡിലെ ഒരു സ്റ്റുഡിയോയിൽ നിന്ന് സൗണ്ട് എഞ്ചിനീയർമാരുമായി പ്രവർത്തിച്ചു. ഇന്ത്യയിലെ പ്രഗത്ഭരായ പല ടെക്നീഷ്യൻമാരും ഇൻസ്ട്രുമെന്റൽ ശബ്ദ വിദഗ്ധരും ഈ സംരംഭത്തിൻ്റെ ഭാഗമാണ്. ‘വേണം’ എന്ന ഇൻഡി ഗാനത്തിന്റെ വേൾഡ്-വൈഡ് വിതരണവും ലേബലും നിയന്ത്രിക്കുന്നത് ലണ്ടൻ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്.

ആറു മിനിറ്റ് ദൈർഘ്യമെന്നത് സാധാരണമല്ല. ഈ മൂവർ സംഘം പറയുന്നതനുസരിച്ച്, പരീക്ഷണാത്മകവും കൃത്യമായ കാഴ്ചപ്പാടുമുള്ള  ഈ പാട്ടിൻ്റെ ഒഴുക്കിനതനിവാര്യമായിരുന്നു. അതുകൊണ്ടായിരിക്കാം ‘വേണം’ എന്ന പാട്ട് വേറിട്ടു നിൽക്കുന്നതും സംഗീത പ്രേമികൾ അതിനെ സ്വീകരിക്കുന്നതും.

shortlink

Post Your Comments


Back to top button