GeneralLatest NewsNEWS

ചരിത്രം കുറിച്ച് അവർ തിരിച്ചെത്തി: ബഹിരാകാശ നിലയത്തിലെ ആദ്യ സിനിമാ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായി

മോസ്‌കോ: ചരിത്രം കുറിച്ച് റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ബഹിരാകാശത്തെ ആദ്യ സിനിമാ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കിയാണ് റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തിയത് . അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 12 ദിവസത്തെ ഷൂട്ടിന് ശേഷമാണ് മൂന്നുപേര്‍ അടങ്ങിയ റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ചയാണ് അഭിനേത്രിയും സംവിധായകനും ബഹിരാകാശ യാത്രികനുമടങ്ങുന്ന സംഘം കസാഖിസ്ഥാനില്‍ ലാന്‍ഡ് ചെയ്തത്.

‘ചലഞ്ച്’ എന്ന സിനിമയുടെ ഷൂടിങ്ങിനായാണ് നടി യൂലിയ പെരെസില്‍ഡും സംവിധായകന്‍ ക്ലിം ഷിപെങ്കോയും ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്. റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിലാണ് യൂലിയ പെരെസില്‍ഡ്, സംവിധായകന്‍ ക്ലിം ഷിപെങ്കോ (38), ബഹിരാകാശയാത്രികനും യാത്രാസംഘത്തിന്റെ കമാന്‍ഡറുമായ ആന്റണ്‍ ഷ്‌കാപെലെറോവ് എന്നിവരടങ്ങിയ മൂവര്‍ സംഘം തിരിച്ചെത്തിയത്.

ബഹിരാകാശം പശ്ചാത്തലമാക്കിയുള്ള സിനിമയാണ് ചാലഞ്ച്. ബഹിരാകാശത്ത് നടത്തുന്ന കാര്‍ഡിയാക് സര്‍ജറി എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശപേടകത്തിലെ യാത്രികനായ ഇവാനോവിന് പെട്ടെന്ന് അസുഖം വന്ന് നില അപകടത്തിലാകുമ്പോൾ ചികിത്സിക്കാനെത്തുന്ന ഡോക്ടര്‍ ഷെന്യ എന്ന കാര്‍ഡിയാക് സര്‍ജന്റെ റോളാണ് യൂലിയ ചെയ്യുന്നത്.

റഷ്യയില്‍ സർക്കാർ ഉടമസ്ഥതയിലുള്ള ചാനലായ ചാനല്‍ വൺ ആണ് സിനിമയുടെ നിര്‍മാണം. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോമോസിന്റെ മേധാവി ഡിമിത്രി റോഗോസിന്റെ നേതൃത്വത്തിലായിരുന്നു സ്‌പേസ് ഷൂട്ടിങ് ആവിഷ്‌കരിച്ച്‌ നടപ്പിലാക്കിയത് എന്നാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നത്.

റോസ്‌കോമോസിനുള്ളില്‍നിന്നും റഷ്യന്‍ മാധ്യമങ്ങളില്‍നിന്നും സിനിമ ഷൂട്ടിംഗിനെതിരെ വിമര്‍ശനം വന്നിരുന്നു. എന്നാല്‍ ലോകത്തിന് മുന്നില്‍ റഷ്യയുടെ ബഹിരാകാശക്കരുത്തിനെ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായിട്ടാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇതിനെ കണ്ടത്. സിനിമയുടെ തിരക്കഥ ബഹിരാകാശ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ റോഗോസിന്‍ എഡിറ്റിങ് നടത്തുകയും ചെയ്തിരുന്നു.

സിനിമ വിജയിക്കുകയാണെങ്കില്‍ ഇന്ന് ബഹിരാകാശ ഗവേഷണ രംഗത്ത് ചൈനയോടും അമേരിക്കയോടും മത്സരിക്കുന്ന റഷ്യയ്ക്ക് ബഹിരാകാശ രംഗത്തെ പഴയ സോവിയറ്റ് യൂണിയന്‍ പ്രതാപത്തിലേക്ക് തിരിച്ചു പോകാനുള്ള അവസരം കൂടിയായിരിക്കും അത്.

ബഹിരാകാശത്ത് സിനിമ ഷൂട്ട് ചെയ്യാനുള്ള നടപടി ആദ്യം ആരംഭിച്ചത് നാസയാണ്. ഇതിനുവേണ്ടി ടോം ക്രൂസുമായി നാസ അധികൃതര്‍ ചര്‍ച്ചയും നടത്തിയിരുന്നു. ബഹിരാകാശ രംഗത്തെ വമ്പൻ യുഎസ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഉടമ ഇലോന്‍ മസ്‌കും സംരംഭത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഡഗ് ലീമനാണ് ഈ പദ്ധതിയുടെ നിർമ്മാതാവ് . ഒരു മുഴുനീള സ്‌പേസ് അഡ്വഞ്ചര്‍ ചിത്രമായിരുന്നു എല്ലാവരുടെയും മനസില്‍. ടോംക്രൂസ് ഇതിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തിവരുകയാണ് എന്നാണ് റിപ്പോർട്ട്.

 

shortlink

Post Your Comments


Back to top button