GeneralLatest NewsNEWS

‘നടനെയും നിർമ്മാതാവിനെയും വിലക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’: ഫിയോക്ക്

കൊച്ചി : പൃഥ്വിരാജ് ചിത്രങ്ങള്‍ നിരന്തരമായി ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ചില തിയേറ്റര്‍ ഉടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പൃഥ്വിയുടെ അവസാന മൂന്ന് ചിത്രങ്ങളും ഒ.ടി.ടിയിലൂടെയായിരുന്നു പുറത്തിറങ്ങിയത്. കോള്‍ഡ് കേസ്, കുരുതി, ഭ്രമം എന്നീ ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിലൂടെയാണ് പുറത്ത് വന്നത്. കൂടാതെ ആൻറണി പെരുമ്പാവൂര്‍ നിര്‍മിച്ച ദൃശ്യം 2 വും ഒ.ടി.ടി റിലീസായിരുന്നു. ബ്രോ ഡാഡിയും നിലവില്‍ ഒ.ടി.ടി റിലീസാണ് തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോൾ നടന്‍ പൃഥ്വിരാജിന്റേയും നിര്‍മാതാവ് ആൻറണി പെരുമ്പാവൂരിന്റേയും ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ വിലക്കേര്‍പ്പെടുത്തുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിയോക്ക്. ഇത്തരം വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ചിലര്‍ വെറും ഊഹാപോഹങ്ങള്‍ എഴുതി വിടുകയാണെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസഷന്‍ ഓഫ് കേരള സെക്രട്ടറി എം.സി. ബോബി പറഞ്ഞു.

‘പൃഥ്വിരാജ്, ആൻറണി പെരുമ്പാവൂര്‍ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആരും തീരുമാനിച്ചിട്ടില്ല. പൃഥ്വിരാജും ജോജു ജോര്‍ജും പ്രധാനകഥാപാത്രങ്ങളാകുന്ന ‘സ്റ്റാര്‍’ എന്ന ചിത്രം ഒക്ടോബര്‍ 29ന് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പോകുകയാണ്. പിന്നെയെന്ത് വിലക്ക്. ആരുടേയും ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന തീരുമാനം ഞങ്ങള്‍ എടുത്തിട്ടില്ല. ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനം എന്താണെന്ന് അറിയില്ല.

ആൻറണി പെരുമ്പാവൂര്‍ അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് വേണ്ടി തന്നെ എടുത്തതാണ്. 80 കോടി മുതല്‍ മുടക്കില്‍ എടുത്ത ‘മരക്കാര്‍’ എന്ന പടം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. ഒ.ടി.ടി റിലീസ് ചെയ്തതിന്റെ പേരില്‍ ആരേയും കുറ്റപ്പെടുത്താന്‍ പറ്റില്ല. സാഹചര്യം അതാണ്.

തിയേറ്ററുകള്‍ അടഞ്ഞു കിടന്നതു കൊണ്ടാണല്ലോ ഇവര്‍ ഒ.ടി.ടിക്ക് വേണ്ടി സിനിമ എടുത്തത്. തിയേറ്റര്‍ തുറക്കുമ്പോള്‍ തിയേറ്ററിലേക്ക് വേണ്ടി തന്നെ സിനിമയെടുക്കും എന്ന് മിക്കവരും ഉറപ്പു നല്‍കിയിട്ടുണ്ട്. എത്രയോ പടങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തിട്ടുണ്ട്. അതില്‍ ഞങ്ങള്‍ ഒരു എതിര്‍പ്പും അറിയിച്ചിട്ടില്ല. അവരുടെ ബുദ്ധിമുട്ട് മനസിലാക്കാന്‍ സാധിച്ചതുകൊണ്ട് തന്നെയാണ് അത്തരമൊരു നിലപാട് എടുത്തത്’- എം.സി. ബോബി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button