GeneralLatest NewsNEWS

മുല്ലപ്പെരിയാർ പ്രശ്നം : പൃഥ്വിരാജിന് പിന്തുണയുമായി സേവ് കേരള ബ്രിഗേഡ്

തൃശൂര്‍: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച്‌ നീക്കണമെന്ന ക്യാംപെയ്‌ന് പിന്തുണ നല്‍കിയ നടന്‍ പൃഥ്വിരാജ് അടക്കമുളളവര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ പ്രതിഷേധം നടന്നിരുന്നു. തമിഴ്നാട്ടില്‍ അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി നിലനില്‍ക്കെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുളളതാണ് പൃഥ്വിരാജിന്റെ പ്രസ്താവനയെന്ന് ആരോപിച്ച് തേനി ജില്ലാ കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധക്കാര്‍ നടന്റെ കോലം കത്തിച്ചു. ഇനി തമിഴ് സിനിമകളില്‍ മലയാള താരങ്ങളെ അഭിനയിപ്പിക്കരുത് എന്ന് തമിഴക വാഴ്വുരിമൈ പാര്‍ട്ടി ആവശ്യമുയര്‍ത്തി.

ഇതിന് മറുപടിയെന്നോണം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന്‍ പൃഥ്വിരാജിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച്‌ തൃശൂര്‍ ജില്ലയിലെ എടമുട്ടം പുളിഞ്ചോട് ഗ്രാമത്തില്‍ പ്രകടനം നടന്നു. പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ അടക്കമുളള പ്ലക്കാര്‍ഡുകളും ബാനറുമേന്തിയാണ് ആളുകള്‍ തെരുവില്‍ ഇറങ്ങിയത്. പൃഥ്വിരാജിന്റെ ആരാധകരും വിവിധ പാര്‍ട്ടികളില്‍ ഉളളവരും പ്രകടനത്തില്‍ പങ്കെടുത്തിട്ടുണ്ട്. സേവ് കേരള ബ്രിഗേഡ് എന്നുളള ബാനറില്‍ ആണ് ആളുകള്‍ പൃഥ്വിരാജിന് പിന്തുണ അറിയിച്ചും മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച്‌ കളയണം എന്നുളള ആവശ്യം ഉന്നയിച്ചും പ്രകടനം നടത്തിയത്. മുല്ലപ്പെരിയാര്‍ ഡീ കമ്മീഷന്‍ ചെയ്യണം എന്ന നിലപാടെടുത്ത അഡ്വ. റസല്‍ ജോയിക്കും ഇവര്‍ പിന്തുണ പ്രഖ്യാപിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കാത്ത താരങ്ങള്‍ക്കെതിരെയും ഇവര്‍ രംഗത്ത് വന്നിട്ടുണ്ട്.

സേവ് കേരള ബ്രിഗേഡ് ചൂലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മുപ്പതോളം പേരാണ് പ്രകടനം നടത്തിയത്. 50 ലക്ഷത്തോളം ജനങ്ങളുടെ ജീവന് ഒരു വിലയും ഇല്ലേ?, കേരള ഗവര്‍ണര്‍ പറഞ്ഞിട്ടും ഡാം പണിയാത്തത് എന്തുകൊണ്ട്?, മുല്ലപ്പെരിയാര്‍ ഡാം പൊട്ടാം പൊട്ടാതിരിക്കാം, പൊട്ടിയാല്‍?, തമിഴ്‌നാട് ഈ തലമുറയുടെ വെള്ളക്കാരോ? എന്നീ ചോദ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്.

‘നിരവധി മുന്‍നിര നടന്മാര്‍ ഉണ്ടായിട്ടും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യം സംസാരിക്കാന്‍ വന്നത് പൃഥ്വിരാജ് ആണ് എന്ന് ഇവര്‍ പറയുന്നു. മഹാനടന്മാര്‍ ആരും പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇവരും മുന്നിട്ടിറങ്ങും എന്നാണ് വിശ്വാസം. ഇല്ലെങ്കില്‍ ഈ മഹാനടന്മാരുടെ വീട്ടിലേക്ക് നട്ടെല്ലിന് പകരമായി വാഴപ്പിണ്ടി അയയ്ക്കും. സാംസ്‌ക്കാരിക രംഗത്തുളള ആളുകള്‍ എല്ലാം മുല്ലപ്പെരിയാര്‍ വിഷയത്തിന് വേണ്ടി ഇറങ്ങണം’- സേവ് കേരള ബ്രിഗേഡ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button