Coming SoonLatest NewsNEWS

ലാൽ ജോസിൻ്റെ ‘മ്യാവു’ പൂർത്തിയായി

ലാൽ ജോസും ഇക്ബാൽ കുറ്റിപ്പുറവും വീണ്ടും കൈകോർക്കുകയാണ് ‘മ്യാവു’ എന്ന ചിത്രത്തിലൂടെ. പൂർണ്ണമായും ഗൾഫിൻ്റെ പശ്ചാത്തലത്തിലൂടെ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ക്രിസ്തുമസിന് എൽ.ജെ. ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ഇക്ബാൽ കുറ്റിപ്പുറവും ലാൽജോസും ഒത്തു ചേരുന്ന നാലാമത്തെ ചിത്രമാണിത്. അറബിക്കഥ, ഡയമണ്ട് നെക്ലസ്, വിക്രമാദിത്യൻ, എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഓരോ ചിത്രവും തികച്ചും വ്യത്യസ്ഥമായ കഥകളാണ് പറഞ്ഞിരിക്കുന്നത്. സമ്പൂർണ്ണമായും ഒരു കുടുംബ കഥ മാത്രം കേന്ദ്രീകരിച്ചു പറയുന്ന ചിത്രം ഇതാണ്.

‘മ്യാവു’ എന്ന പേര് ഒരു ചിത്രത്തിനുണ്ടായത് ?

ഡയാന എന്നു പേരുള്ള ഒരു പൂച്ചയും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. ചിത്രം കണ്ടു കഴിയുമ്പോൾ മ്യാവു എന്ന പേരിൻ്റെ യാഥാർത്ഥ്യം ബോദ്ധ്യമാകുമെന്നു കരുതുന്നു.ഗൾഫിൻ്റെ പശ്ചാത്തലമാണങ്കിലും ഗൾഫിൻ്റെ നിറപ്പകിട്ടിലേക്കല്ല സംവിധായകൻ കടന്നു ചെല്ലുന്നത്. മറിച്ച് വളരെ സാധരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതമാണ് പറയുന്നത്. വളരെ വ്യത്യസ്ഥമായ കാസ്റ്റിംഗാണ് ഈ ചിത്രത്തിനു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. സൗബിൻ ഷാഹിറും മംമ്താ മോഹൻദാസും പ്രേക്ഷകരുടെ സങ്കൽപ്പങ്ങൾക്കപ്പുറത്തുള്ള ഒരു താരജോഡി. ചിത്രത്തിൽ ‘ദസ്താക്കീറും, സുലേഖയുമാണ്’ സൗബിനും മംമ്തയും.

ആലുവാക്കാരനായ ദസ്തക്കീർ പഠിക്കുന്ന കാലത്ത് വിപ്ലവ രാഷ്ടീയം തലക്കുപിടിച്ച ഒരു വിദ്യാർത്ഥി നേതാവായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിലാണ് എല്ലാം ഉപേക്ഷിച്ച് ഗൾഫിലെത്തിയത്. ഉൾപ്രദേശത്ത് ഒരു മിനി സൂപ്പർ മാർക്കറ്റ് നടത്തിയാണ് ഗൾഫ് ജീവിതത്തിന് തുടക്കമിടുന്നത്. പിന്നിട് കുടുംബ ജീവിതത്തിലേക്കും കടന്നു. താങ്ങും തണലുമായി സുലേഖ ഭാര്യയായി എത്തി. ഇവർക്കു മൂന്നു കുട്ടികൾ. ഇവരുടെ കുടുംബ ജീവിതത്തിൽ പിന്നിടുണ്ടാകുന്ന പ്രശ്നങ്ങളാണ് കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. സുഖവും ദു:ഖവും ഇണക്കവും പിണക്കവും സാമ്പത്തിക ബുദ്ധിമുട്ടുമെല്ലാം ഇവരുടെ ജീവിതത്തിൽ കടന്നു വരുന്നുണ്ട്.

വളരെ പരിമിതമായ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കടന്നു പോക്ക്. സലിംകുമാർ, ഹരിശീ യൂസഫ്, പ്രകാശ് വടകര, ജയാ മേനോൻ, എബ്രിഡ് ഷൈനിൻ്റെ മകൻ ഭഗത് ഷൈൻ, ഫൊറൻസിക് എന്ന ചിത്രത്തിലഭിനയിച്ച തമന്നാ പ്രമോദ്, മാനസാ മനോജ്, ബിനോയ് ജോൺസ് എന്നിവരും ഏതാനും പുതുമുഖങ്ങളുമുണ്ട്.

സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണം പകർന്നിരിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ജസ്റ്റിൻ വർഗീസ്. അജ്മൽ സാബുവാണ് ഛായാഗ്രാഹാകൻ. എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം, കലാസംവിധാനം – അജയൻ മങ്ങാട്, മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രഘുരാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – രഞ്ജിത്ത് കരുണാകരൻ, ലൈൻ പ്രൊഡ്യൂസർ – വിനോദ് ഷൊർണൂർ

വാഴൂർ ജോസ്.
ഫോട്ടോ – ജയപ്രകാശ് പയ്യന്നൂർ.

shortlink

Related Articles

Post Your Comments


Back to top button