InterviewsLatest NewsNEWS

‘ഇക്കാലത്ത് സിനിമാക്കാർ തമ്മിലുള്ളത് ‘മെക്കാനിക്കൽ ലവ്’, സിനിമയോടുള്ള സത്യസന്ധതയും ഇല്ല’: രാജസേനൻ

മരുപ്പച്ച എന്ന സിനിമയിൽ സംവിധാന സഹായിയായി സിനിമാമേഖലയിലേക്ക് പ്രവേശിച്ച് 1984-ൽ പാവം ക്രൂരൻ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായ ആളാണ് രാജസേനൻ. തുടർന്ന് നാല്പതോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ഭൂരിഭാഗവും വിജയചിത്രങ്ങളായിരുന്നു. തൊണ്ണൂറുകളിലെ ഒരു ഹിറ്റ്മേക്കറായിരുന്ന രാജസേനൻ ചിത്രങ്ങളിൽ കൂടുതലും നായകൻ ജയറാമായിരുന്നു. ജയറാം – രാജസേനൻ കൂട്ടുകെട്ടിൽ പതിഞ്ചോളം ഹിറ്റ് ചിത്രങ്ങൾ പിറന്നു. രാജസേനൻ സംവിധാനം ചെയ്ത സിനിമകളിൽ പത്തിലധികം സിനിമകൾക്ക് അദ്ദേഹം തന്നെയാണ് കഥ, തിരക്കഥ,സംഭാഷണം രചിച്ചത്. നല്ലൊരു ഗായകനും സംഗീത സംവിധായകനും കൂടിയാണ് രാജസേനൻ. നാല് സിനിമകളിലായി എട്ട് ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. മികച്ചൊരു അഭിനേതാവ് കൂടിയായ രാജസേനൻ, താൻ സംവിധാനം ചെയ്ത ചിത്രങ്ങളടക്കം പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹം സിനിമാക്കാരെ കുറിച്ച് പങ്കുവെച്ച ചില അഭിപ്രായങ്ങൾ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. സിനിമാക്കാർക്ക് ആത്മാർഥത ഇല്ലാ എന്നാണ് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ രാജസേനൻ പറയുന്നത്.

‘കെ.പി ഉമ്മർ, ബഹുദൂർ, നസീർ, സത്യൻ, ഷീല, ശാരദ തുടങ്ങിയ താരങ്ങൾ സിനിമയിൽ സജീവമായിരുന്ന കാലത്ത് സിനിമാക്കാർ തമ്മിൽ ആത്മാർഥമായൊരു ബന്ധവും സ്നേഹവും കാത്തുസൂക്ഷിച്ചിരുന്നു. ആരെങ്കിലും ഒരാൾ മരണപ്പെട്ടാൽ പോലും സ്വന്തം കുടുംബത്തിലെ അം​ഗമോ സഹോദരങ്ങളോ മരിച്ച പോലെയുള്ള വിഷമമായിരുന്നു എല്ലാവർക്കും. അത്രത്തോളം സഹതാരങ്ങൾ അലറി കരഞ്ഞ് വേർപാട് ഉൾകൊള്ളാനാവാതെ നിലവിളിക്കുന്നത് കണ്ടിട്ടുണ്ട്.

സിനിമാക്കാർ തമ്മിൽ ഇക്കാലത്ത് ആത്മാർഥ സ്നേഹമില്ല. സിനിമയോടുള്ള സത്യസന്ധതയും കുറവാണ്. ഇന്ന് എല്ലാവർക്കും ഇടയിലുള്ളത് മെക്കാനിക്കൽ ലവ് ആണ്. കാര്യങ്ങൾ നേടിയെടുക്കുക, അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവ വെച്ചുള്ള സ്നേഹപ്രകടനമാണ് ഇന്നത്തെ സിനിമാക്കാർക്ക് ഇടയിൽ ഞാൻ കണ്ടിട്ടുള്ളത്. പണ്ട് ഒരു സിനിമ പൊട്ടിയാൽ നസീർ സർ ഉടൻ നിർമാതാവിനെ വിളിച്ച് ആശ്വസിപ്പിച്ച് അടുത്ത സിനിമയ്ക്ക് റെഡിയാകാൻ ഡേറ്റ് കൊടുക്കും. പ്രതിഫലം ഓർത്ത് ടെൻഷനടിക്കേണ്ടെന്ന് പറയും. ഇന്നത്തെ കാലത്ത് വിളിച്ചാൽ പോലും പലരും ഫോൺ എടുക്കില്ലെന്ന സ്ഥിതിയാണ്.

ഞാൻ ഒപ്പം പ്രവൃത്തിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ സുഖമായി ലൊക്കേഷനിൽ കൊണ്ടു നടക്കാനും മാനേജ് ചെയ്യാനും പറ്റുന്ന നടൻ ജയറാമാണ്. സുരേഷ് ​ഗോപിയും ജയറാമിന്റെ സ്വഭാവ സവിശേഷതകൾ ഉള്ള ആളാണ്. സെറ്റിലെ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ പുറത്ത് പോയി പൈസ കൊടുത്ത് വാങ്ങി കഴിക്കുമെന്നല്ലാതെ ഒരിക്കലും കുറ്റം പറയുകയോ ബഹളം വെക്കുകയോ ചെയ്യില്ല.

ജയറാമിനും സുരേഷ് ​ഗോപിക്കും കിടക്കുന്ന സ്ഥലമോ വസ്ത്രങ്ങളോ ഒന്നും വിഷയമല്ല. അവർ എല്ലാത്തിനോടും പൊരുത്തപ്പെടുന്നവരാണ്. മേഘസന്ദേശം, സ്വപ്നം കൊണ്ട് തുലഭാ​രം തുടങ്ങിയ സിനിമകൾ സൗഹൃദത്തിന് പ്രാധാന്യം നൽകി സുരേഷ് ​ഗോപി ചെയ്ത് തന്ന സിനിമകളാണ്. ഈ രണ്ട് സിനിമകൾക്കും പ്രതിഫലം പോലും അദ്ദേഹം കഥ കേട്ടപ്പോൾ ചോദിച്ചിരുന്നില്ല’- രാജസേനൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button