GeneralLatest NewsNEWS

‘സമഗ്ര വികസനത്തില്‍ ശ്രദ്ധാലുവായ സ്‌നേഹത്തിനും പരിഗണനയ്‌ക്കും നന്ദി’: സുരേഷ് ഗോപിയ്ക്ക് കത്തുമായി തൃശ്ശൂർ മേയര്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയ്‌ക്ക് ജയിക്കാനായില്ലെങ്കിലും 2.93 ലക്ഷം വോട്ട് നേടിയാണ് ജനഹൃദയങ്ങളിൽ ചേക്കേറിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 40,000 വോട്ട് നേടി കടുത്ത മത്സരം കാഴ്‌ചവയ്‌ക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ജനവിധി എതിരായിട്ടും തൃശൂരിന്റെ വികസന കാര്യത്തിൽ സ്നേഹത്തോടെയുള്ള ഇടപെടലുമായി സുരേഷ്‌ഗോപി തന്റെ സാന്നിധ്യം നിറയ്ക്കുന്നു.

ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി – മീൻ മാർക്കറ്റ് കോംപ്ലക്‌സുകളുടെ സമഗ്ര വികസനത്തിനായി എം.പി ഫണ്ടില്‍ നിന്നും ഒരുകോടി രൂപ അനുവദിച്ചതിന് സുരേഷ് ഗോപിയ്‌ക്ക് നന്ദി പറഞ്ഞ് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് അയച്ച കത്ത് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തു. നിരവധിയാളുകളാണ് അഭിനന്ദിച്ചും നന്ദി പറഞ്ഞും പോസ്റ്റിനു താഴെ വരുന്നത്.

കത്തിന്റെ പൂർണ്ണ രൂപം :

സ്നേഹ സമ്പന്നനായ സുരേഷ് ഗോപി ജി

സാംസ്ക്കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ തൃശ്ശിവപേരൂരിന് ആധുനികതയുടെ തിലകക്കുറിയായി താങ്കളുടെ എം പി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതിന് തൃശൂർ പൗരാവലിയുടെയും കോർപ്പറേഷന്റയും എന്റെയും പേരിൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

തൃശൂരിന്റെ സമഗ്ര വികസന പാന്ഥാവിൽ ഏറെ വിലമതിക്കുന്നതാണ് താങ്കളുടെ ഫണ്ട് . ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി – മീൻ മാർക്കറ്റ് കോംപ്ലക്‌സുകളുടെ സമഗ്ര വികസനത്തിനായുള്ള പ്രൊജക്റ്റ് തയ്യാറാക്കി താങ്കൾക്ക് അയച്ചു തന്നിട്ടുള്ള വിവരം ഈ അവസരത്തിൽ സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുകയാണ്. ആയതിലേക്ക് കൂടി താങ്കളുടെ ശ്രദ്ധ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതിനോടൊപ്പം സാംസ്കാരിക തലസ്ഥാനത്തിന്റെ സ്നേഹസ്പന്ദനത്തോടൊപ്പം എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന, പ്രത്യേകിച്ച് കോർപ്പറേഷന്റെ സമഗ്ര വികസനത്തിൽ എപ്പോഴും ശ്രദ്ധാലുവായ താങ്കളുടെ സ്നേഹത്തിനും പരിഗണനയ്ക്കും ഒരിക്കൽ കൂടി നന്ദിയും സ്നേഹവും അറിയിക്കുന്നു.

സ്നേഹപൂർവ്വം
എം. കെ. വർഗീസ്
മേയർ

 

shortlink

Related Articles

Post Your Comments


Back to top button