InterviewsLatest NewsNEWS

‘ഞങ്ങളുടെ കൂട്ടത്തിലും കഴിവുള്ളവര്‍ ഉണ്ട്, പക്ഷെ അവസരമോ വേദിയോ കിട്ടാറില്ല’ : അനു പ്രശോഭിനി

അട്ടപ്പാടി: തൃശൂരില്‍ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷന്‍ മത്സരത്തില്‍ അട്ടപ്പാടി സ്വദേശിനിയും ഇരുള സമുദായക്കാരിയുമായ അനു പ്രശോഭിനി ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അയ്യപ്പനും കോശിയും ഫെയിം നടന്‍ പഴനിസ്വാമിയുടെ മകളാണ് അനു പ്രശോഭിനി.

അനു പ്രശോഭിനിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അനു പ്രശോഭിനിയുടെ വരവ് സൗന്ദര്യത്തിന്റെ ചരിത്ര-വര്‍ണ-വംശ-സമുദായ നിര്‍ണയനങ്ങള്‍ അട്ടിമറിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയർന്നത്. അനു പ്രശോഭിനിയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തക ധന്യ രാമന്‍, ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജി.പി. രാമചന്ദ്രന്‍ എന്നിവരും രംഗത്തു വന്നിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ പ്രിയനന്ദൻ ഒരുക്കുന്ന ധബാരികുരുവി എന്ന സിനിമയില്‍ അനു പ്രശോഭിനി ശ്രദ്ധേയമായ വേഷവും ചെയ്തിരുന്നു. ലോകത്തില്‍ തന്നെ ആദ്യമായി ഗോത്രവര്‍ഗക്കാര്‍ മാത്രം അഭിനയിക്കുന്ന ചിത്രമാണ് ധബാരികുരുവി.

ഇരുള വിഭാഗത്തില്‍ നിന്നാണെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സംശയമാണെന്നും തങ്ങളുടെ കൂട്ടത്തിലും കഴിവുള്ളവര്‍ ഉണ്ടെന്നും പറയുകയാണ് മീഡിയ വണ്ണിനു നല്‍കിയ അഭിമുഖത്തിൽ അനു പ്രശോഭിനി.

അനു പ്രശോഭിനിയുടെ വാക്കുകൾ:

‘കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഏറ്റവും വലിയ കാര്യം. നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കണം. അട്ടപ്പാടിക്കാരിയാണോ എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഇരുള വിഭാഗത്തില്‍ നിന്നാണെന്ന് പറയുമ്പോള്‍ അപ്പോഴും സംശയം. ഞങ്ങളുടെ കൂട്ടത്തിലും കഴിവുള്ളവര്‍ ഉണ്ട്. എന്നാല്‍ അവ പ്രകടിപ്പിക്കാന്‍ ഒരു അവസരമോ വേദിയോ കിട്ടാറില്ല.

മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഗോത്രവര്‍ഗക്കാരിയും ഞാനായിരുന്നു. പിന്നെ ഞങ്ങളെപ്പോലുള്ള ആളുകള്‍ക്ക് മിസ് കേരള പോലുള്ള വേദികള്‍ കിട്ടുക വലിയ കാര്യമല്ലേ. ഗോത്രവിഭാഗത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് എന്റെ നേട്ടം ഒരു പ്രചോദനമാകണമെന്ന് ആഗ്രഹമുണ്ട്’ – അനു പറഞ്ഞു.

പാലക്കാട് ഗവ. മോയന്‍ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ അനുവിന് അട്ടപ്പാടിക്കാരി എന്നൊരു യു ട്യൂബ് ചാനലുമുണ്ട്. ‘അട്ടപ്പാടിക്കാരി എന്ന യു ട്യൂബ് ചാനല്‍ തുടങ്ങാന്‍ കാരണം അച്ഛനാണ്. അച്ഛന്റെ പിന്തുണ കൊണ്ടാണ് ചാനല്‍ തുടങ്ങിയത്. ഗോത്രവര്‍ഗക്കാരുടെ സംസ്‌കാരത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും മണ്‍മറഞ്ഞുപോകുന്ന കലകളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും പുറംലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം. അറിയപ്പെടാതെ പോകുന്ന ഒരുപാട് കലാകാരന്‍മാര്‍ ഞങ്ങളുടെ ഗോത്ര വിഭാഗത്തിലുണ്ട്. അവരെയൊക്കെ ലോകം കാണണം എന്ന ആഗ്രഹവുമുണ്ടായിരുന്നു’- അനു കൂട്ടിച്ചേര്‍ത്തു. ഒരു ഇംഗ്ലീഷ് ലക്ചററാവുക എന്നതാണ് അനുവിന്റ ആഗ്രഹം. ഡിസംബറില്‍ നടക്കാന്‍ പോകുന്ന മിസ് കേരള ഫിറ്റ്‌നസ് ഫാഷന്‍ ഫൈനല്‍ മത്സരത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് അനു ഇപ്പോള്‍. തൃശൂരില്‍ വെച്ചാണ് മത്സരം.

അനുവിന്റെ അച്ഛന്‍ പഴനിസ്വാമി സിനിമാരംഗത്ത് സജീവ സാന്നിധ്യമാണ്. അയ്യപ്പനും കോശിയും, ഭാഗ്യദേവത, പഴശ്ശിരാജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച പഴനിസ്വാമി മണ്ണാര്‍ക്കാട് വനം വകുപ്പില്‍ ജീവനക്കാരനാണ്. അമ്മ ശോഭ എസ്.ടി പ്രമോട്ടറാണ്. അനിയന്‍ ആദിത്യന്‍ വട്ടലക്കി ബഥനി ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു.

shortlink

Post Your Comments


Back to top button