Latest NewsNEWSShooting In Progress

നവാഗതനായ ജോഷ് സംവിധാനം ചെയ്യുന്ന ‘കിർക്കൻ’ ചിത്രീകരണം ആരംഭിച്ചു

‘പൊലീസ് സ്റ്റേഷൻ അത്ര മോശം സ്ഥലമൊന്നുമല്ല’ എന്ന ടാഗോടെ എത്തുന്ന പുതിയ ചിത്രമാണ് ‘കിർക്കൻ’. ഈ ചിത്രത്തിൻ്റ ബഹുഭൂരിപക്ഷം വരുന്ന രംഗങ്ങളും ചിത്രീകരിക്കുന്നതും ഒരു പൊലീസ് സ്റ്റേഷനിലാണ്. മേജർ രവി, ജോൺ റോബിൻസൺ, ജയറാം കൈലാസ് എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന നവാഗതനായ ജോഷ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ആന്മഹത്യ ചെയ്ത ഒരു പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ടായ സംശയം പൊലീസ് ഡിപ്പാർട്ട്മെൻ്റിനെ ഈ കേസിൻ്റെ പുനരന്വേഷണത്തിൽ എത്തിച്ചേരാൻ ഇടയാക്കുന്നു. തുടരന്വേഷണത്തിലൂടെ ഉരുത്തിരിയുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പൂർണ്ണമായ ഒരു ത്രില്ലർ സ്വഭാവത്തോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഔൾ മീഡിയാ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ അജിത് നായർ, ബിന്ധ്യ അജീഷ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ വടക്കഞ്ചേരി, നെന്മാറ, പോത്തുണ്ടി ഡാം പ്രദേശങ്ങളിലായി പുരോഗമിക്കുന്നു. ഏ ആർ കണ്ണനാണ് ലൈൻ പ്രൊഡ്യൂസർ .

കുറച്ചു നാളുകൾക്കു മുമ്പ് കോട്ടയത്തു നടന്ന ഒരു സംഭവമാണ്‌ ഈ ചിത്രത്തിൻ്റെ മൂല കഥ. മലയാള സിനിമയിൽ വേറിട്ട ചിന്തകളുള്ള കനികുസൃതി ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് ഏറെ കൗതുകമുയർത്തുന്നു. പൊലീസ് കോൺസ്റ്റബിൾ ആയിട്ടാണ് കനി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

സലിംകുമാർ, വിജയരാഘവൻ, മഗ്ബൂൽ സൽമാൻ, ജോണി ആൻ്റണി, അനാർക്കലി മരയ്ക്കാർ, അഭിജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എട്ട് പ്രമുഖ താരങ്ങളും, മുപ്പതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതിലെ പുതുമുഖങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയാണ് അഭിനയിപ്പിക്കുന്നത്. നാടകപ്രവർത്തകരും, പുതുമുഖങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ചെമ്പൻ വിനോദിൻ്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ്റേതാണ് ഈ ചിത്രത്തിൻ്റെ മൂല കഥ. ഗൗതം ലെനിൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം – മണികണ്ഠൻ അയ്യപ്പ, എഡിറ്റിംഗ് – രോഹിത് വി എസ്, കലാസംവിധാനം – സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് – സുനിൽ നാട്ടക്കൽ, കോസ്റ്റ്യൂം ഡിസൈൻ – ഇന്ദ്രൻസ് ജയൻ, ആക്ഷൻ – മാഫിയാ ശശി, അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ വ്യാസ്, പ്രൊഡക്ഷൻ കൺട്രോളർ- ഡി മുരളി. ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

വാഴൂർ ജോസ്.
ഫോട്ടോ – ജയപ്രകാശ് അതളൂർ.

 

 

 

 

 

 

shortlink

Post Your Comments


Back to top button