CinemaGeneralLatest NewsMollywoodNEWS

വേറിട്ട ശബ്ദമാധുര്യം കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായി പട്ടം സനിത്ത്

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റേതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുകയാണ് പട്ടം സനിത്ത്. പ്രമുഖ ബാങ്കിലെ മാനേജർ കൂടിയായ പട്ടം സനിത്ത് ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ്. ‘ലൗ ലാൻഡ്’ എന്ന ചിത്രത്തിലെ അദ്ദേഹം ആലപിച്ച ‘മനസ്സിൻറെയുള്ളിൽ നിന്ന്…’ എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകില്ല. തുടർന്ന് ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലും അദ്ദേഹം പാടി. തന്റെ വേറിട്ട ശബ്ദമാധുര്യം കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനാവുകയാണ് പട്ടം സനിത്ത്. പ്രൊഫസർ എ കൃഷ്ണകുമാർ നിർമിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഫാമിലി എന്ന ചിത്രത്തിലാണ് നിലവിൽ പട്ടം സനിത്ത് പാടുന്നത്.

ലളിതഗാനങ്ങളും ദേശഭക്തി ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. ഒ.എൻ.വി കുറുപ്പ് രചിച്ച് ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ, തരംഗിണി പുറത്തിറക്കിയ ആൽബങ്ങളിലും പാടാൻ അവസരം ലഭിച്ചത് തന്റെ ജീവിതത്തിലെ ഒരു ഭാഗ്യമായിട്ടാണ് അദ്ദേഹം കാണുന്നത്. ഇന്ത്യൻ രാഷ്ട്രപതി ഡോ എസ് രാധാകൃഷ്ണനിൽ നിന്നും 1966-ൽ ദേശീയ അവാർഡ് നേടിയ ഇടവൻകാട് ടി എൻ പത്മനാഭന്റെ കൊച്ചുമകനാണ് അദ്ദേഹം. പട്ടം സനിത്തിന്റെ അമ്മയുടെത് ഒരു പ്രശസ്ത സംഗീത കുടുംബമായിരുന്നു. സനിത്തിന്റെ മുത്തച്ഛൻ രാജസദസ്സിനെ അലങ്കരിച്ചിരുന്ന കലാകാരനായിരുന്നു.

Also Read:വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്: ഹരീഷ് പേരടി

1989-ൽ പാലക്കാട് മലമ്പുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ, ഒ.എൻ.വി കുറുപ്പ് രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ, കോളേജ്, സംസ്ഥാന കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2014-ൽ ശങ്കർ മഹാദേവൻ അക്കാഡമി അഖിലേന്ത്യാതലത്തിൽ നടത്തിയ സംഗീത മത്സരത്തിൽ സ്പെഷ്യൽ അപ്രീസിയേഷനോടുകൂടി വിജയിയായി. 2015-ൽ മികച്ച ഗായകനുള്ള ലയൺസ് ഇൻറർനാഷണൽ പുരസ്കാരം ലഭിച്ചു. 2018-ലെ മികച്ച ഗായകനുള്ള നടൻ സുകുമാരൻ സ്മാരക ചലച്ചിത്ര അവാർഡ് ലഭിച്ചു (ചിത്രം: ലൗ ലാൻഡ്. ഗാനം: മനസ്സിൻറെയുള്ളിൽ നിന്ന്…). 2019-ൽ ബാലഭാസ്കർ അവാർഡ് സനിത്തിനെ തേടിയെത്തി (സംഗീതത്തിനു നല്കിയ മികച്ച സംഭാവനയ്ക്ക്).

ഇവയെല്ലാം സനിത്തിനെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലതുമാത്രം. സംഗീതത്തിനൊപ്പം സാമൂഹ്യപ്രവർത്തനും ഈ ഗായകനു ജീവിതചര്യ‍യുടെ ഭാഗമാണ്. ഓണം, ക്രി സ്തുമസ്, റംസാൻ, സ്വന്തം ജന്മദിനം, കുടുംബാംഗങ്ങളുടെ ജന്മദിനം, കുടുംബത്തിലെ മറ്റ് ആഘോഷങ്ങൾ എന്നിവയുണ്ടാകുന്ന സാഹചര്യങ്ങളിലൊക്കെ, കേവലം ആഡംബരങ്ങളിലൊതുങ്ങാതെ നഗരത്തിലെയും പരിസരത്തെയും അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കൊപ്പമായിരിക്കും അദ്ദേഹം ചിലവിടാറുള്ളത്. ശ്രീ ചിത്ര പുവർ ഹോം, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം, റീജ്യണൽ ക്യാൻസർ സെന്‍റർ, പൂജപ്പുര മഹിളാ മന്ദിരം, ചെഷയർ ഹോം, നഗരത്തിനുള്ളിലെയും പുറത്തെയും മറ്റു അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസത്തിൽ ഒരു തവണ സന്ദർശിക്കും. അന്തേവാസികളെ പാട്ടുപാടി സന്തോഷിപ്പിച്ച് അവർക്കൊപ്പം ചേരും. വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകൾ ഇവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലെ സ്ഥിരം ക്ഷണിതാവ് കൂടിയാണിദ്ദേഹം. ഇതുകൂടാതെ പരിസ്ഥിതിക്കു വേണ്ടി നിലകൊള്ളുന്ന പട്ടം സനിത് എന്ന ഗായകൻ എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വൃക്ഷത്തൈ നടീലിൽ പങ്കെടുക്കാറുണ്ട്. നടുക മാത്രമല്ല ഇവ പരിപാലിക്കാനും പ്രത്യേക ശ്രദ്ധപുലർത്താറുണ്ട്.

സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ ഗാനമേളകൾ അവതരിപ്പിക്കാൻ സനിത്തിന് കഴിഞ്ഞിട്ടുണ്ട്. ആകാശവാണി, ദൂരദർശൻ തുടങ്ങി നിരവധി ചാനലുകളിൽ അദ്ദേഹം പ്രോഗ്രാം അവതരിപ്പിക്കുന്നു. ജന്മസിദ്ധമായി ലഭിച്ച സ്വരമാധുര്യം ഇക്കാലയളവിലും നിലനിർത്തി വരുന്ന പട്ടം സനിത്ത് സംഗീത വഴിയിൽ തൻറെതായ ഇടം കണ്ടെത്തി യാത്ര തുടരുകയാണ്. സരോജിനി അമ്മയുടെയും രാമസ്വാമിയുടെയും മകനാണ്. ഭാര്യ: രതിക. മകൻ: എസ്. അനൂപ് (ലയോള സ്കൂൾ പ്ലസ് വൺ വിദ്യാർഥി).

shortlink

Related Articles

Post Your Comments


Back to top button