GeneralLatest NewsNEWS

‘ഇലക്ഷനു മുമ്പ് പലരും പലതും പറഞ്ഞിട്ടുണ്ടാകാം, എന്നാൽ ഇനി ‘അമ്മ’യിലെ അംഗങ്ങള്‍ ഒറ്റക്കെട്ട്’: മണിയന്‍പിള്ള രാജു

താരസംഘടനയായ ‘അമ്മ’യിലെ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനുമാണ് വിജയിച്ചത്. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്.

‘അമ്മ’യുടെ പ്രസിഡന്റ് ആയ മോഹന്‍ലാലിനൊപ്പം സഹായിയായി ഈ സംഘടനയില്‍ നില്‍ക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്നും, ഇനി ‘അമ്മ’യിലെ അംഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

മണിയന്‍ പിള്ള രാജുവിന്റെ വാക്കുകൾ :

‘ഞാന്‍ ഇതുവരെ ‘അമ്മ’യുടെ ഒരു സ്ഥാനത്തേക്കും മത്സരിച്ചിട്ടില്ല. ഇപ്പോള്‍ എനിക്കു തോന്നി കുറച്ചു കൂടുതല്‍ സമയമുള്ളതു കൊണ്ട് ജോലി കൂടുതല്‍ ചെയ്യാന്‍ കഴിയും എന്ന്. രണ്ടുമൂന്നു തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. ഇനി കമ്മിറ്റിയില്‍ ഒന്നും ഇല്ലെങ്കില്‍ തന്നെ തിരുവനന്തപുരത്ത് എന്ത് ആവശ്യമുണ്ടെങ്കിലും, ആരെങ്കിലും മരിച്ചാലോ, മന്ത്രിയെ കാണാനാണെങ്കിലോ ഇടവേള ബാബു എന്നെ ഓരോ ആവശ്യങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു. അങ്ങനെ ഒരു സ്ഥാനം ഇല്ലെങ്കിലും ഇതൊക്കെ ഞാന്‍ എപ്പോഴും ചെയ്യുന്നതാണ്.

ഇപ്പോള്‍ എനിക്ക് വൈസ് പ്രസിഡന്റ് ആയി നില്‍ക്കണം എന്ന് തോന്നി. സ്ത്രീകള്‍ക്കാണ് ഈ സീറ്റ് സംവരണം ചെയ്തിരിക്കുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും നില്‍ക്കില്ലായിരുന്നു. എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണ്. ഇലക്ഷന്‍ കഴിഞ്ഞതോടെ ഇനി ഞങ്ങള്‍ എല്ലാം ഒന്നിച്ചു തന്നെ നില്‍ക്കും.

ഇലക്ഷനു മുമ്പ് പലരും പലതും പറഞ്ഞിട്ടുണ്ടാകാം. അച്ഛനും മകനും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും അവര്‍ തമ്മിലുള്ള രീതികള്‍ വ്യത്യസ്തമായിരിക്കും. ഞാന്‍ ഒരാളോടും നെഗറ്റീവ് ആയി സമീപിച്ചിട്ടില്ല.

ഇടവേള ബാബുവിന്റെ ജോലിക്കായി പത്ത് ലക്ഷം തരാം എന്ന് പറഞ്ഞാലും എനിക്ക് ചെയ്യാന്‍ കഴിയില്ല. കാരണം അത്തരത്തില്‍ ജീവിതം ഇതിനായി ഹോമിച്ചു നില്‍ക്കുന്ന ആളാണ് ബാബു. ഇവരുടെ രണ്ടുപേരുടെയും കൂടെ ഞങ്ങളെല്ലാം ഉണ്ടാകും. അമ്മയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. പരാതികള്‍ ഒന്നുമില്ല. പാനല്‍ എന്നൊരു പരിപാടി ഒന്നും ആരും പറഞ്ഞിരുന്നില്ല. ആര്‍ക്ക് വേണമെങ്കിലും സ്വന്തമായി നില്‍ക്കാം. സിദ്ദിക്ക് പറഞ്ഞതുപോലെ ഇലക്ഷന്‍ വരുമ്പോള്‍ ജയിക്കാന്‍ വേണ്ടി ഓരോരുത്തരും ഓരോ ടാക്റ്റിക്‌സും തന്ത്രങ്ങളും ഉപയോഗിക്കും. അത്രേയുള്ളൂ സംഭവം. ആരും പാകിസ്ഥാനില്‍ നിന്ന് വന്നതൊന്നുമല്ലല്ലോ’.

shortlink

Related Articles

Post Your Comments


Back to top button