InterviewsLatest NewsNEWS

‘ഫഹദുമായി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹവും ആരാധനയും വര്‍ദ്ധിച്ചു’: സംവിധായകൻ സുകുമാർ

ആര്യ എന്ന തന്റെ ആദ്യച്ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ സംവിധായകനാണ് സുകുമാര്‍. സംവിധായകന്‍ മാത്രമല്ല, തിരക്കഥാകൃത്ത് നിര്‍മ്മാതാവ് എന്നീ നിലകളിലും പ്രഗത്ഭനാണ് അദ്ദേഹം. ഇപ്പോൾ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പുഷ്പ’യിലെ വില്ലനായി അഭിനയിച്ച ഫഹദ് ഫാസിലിന്റെ അഭിനയത്തെ കുറിച്ചും, ഫഹദ് ചിത്രത്തിലേക്ക് വരുവാനുണ്ടായ സന്ദർഭവും വിവരിക്കുകയാണ് അദ്ദേഹം ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ.

ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തല മൊട്ടയടിച്ച ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. ചിത്രത്തില്‍ വില്ലനായി എത്തിയ ഫഹദ് ഫാസില്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്.

സുകുമാറിന്റെ വാക്കുകൾ :

‘ഞാന്‍ കാണുന്ന ഫഹദിന്റെ ആദ്യ ചിത്രം മഹേഷിന്റെ പ്രതികാരമാണ്. ആ സിനിമയിലെ ഫഹദിന്റെ പ്രകടനം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതിനുശേഷം ഫഫയുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടു. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ ബിഗ് ഫാനായി എന്ന് തന്നെ പറയാം. ധാരാളം മലയാള സിനിമകള്‍ കാണുന്നവരാണ് തെലുങ്ക് പ്രേക്ഷകര്‍. ഒ.ടി.ടി കൂടി വന്നതോടെ തെലുങ്കില്‍ മലയാള ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടാനായി. ട്രാന്‍സ് സിനിമ ഇവിടെ വളരെ പോപ്പുലറായിരുന്നു.

തെലുങ്കില്‍ ഏറെ ഫഫ ആരാധകരുണ്ടെന്ന് പറഞ്ഞപ്പോള്‍ ഫഹദ് ആദ്യം വിശ്വസിച്ചില്ല. നിങ്ങളുടെ പടം ആളുകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസും പ്രൊഫൈല്‍ ഫോട്ടോയും മൊബൈലിലെ സ്‌ക്രീന്‍ സേവറുമാക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴും അദ്ദേഹം വിശ്വസിച്ചില്ല. പക്ഷെ ഇവിടെ വന്നപ്പോള്‍ ഫഫക്ക് അതെല്ലാം ബോധ്യമായി. ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫിയെടുക്കാനും ആളുകള്‍ തിങ്ങിക്കൂടുകയായിരുന്നു.

പുഷ്പയുടെ എഴുത്ത് തുടങ്ങിയപ്പോള്‍ മുതല്‍ ഫഹദ് തന്നെയായിരുന്നു മനസില്‍. ബന്‍വറിന് വേണ്ടി മറ്റാരെയും പരിഗണിച്ചിരുന്നില്ല. പക്ഷെ ഫഹദ് ഈ റോള്‍ ചെയ്യുമോയെന്ന് അറിയില്ലായിരുന്നു. വേറെയാരെയെങ്കിലും നോക്കണോയെന്ന് ആലോചിച്ചിരുന്നു. പക്ഷെ, ആദ്യത്തെ ഓപ്ഷനിലുള്ളയാളുമായി സംസാരിച്ചുപോലും നോക്കാതെ മറ്റു ഓപ്ഷന്‍സ് നോക്കുന്നത് എന്തിനാണെന്ന് അല്ലു ചോദിച്ചു. സംസാരിച്ചു നോക്കിയാലല്ലേ ഫഹദ് റോള്‍ ചെയ്യുമോ ഇല്ലയോ എന്ന് അറിയുകയുള്ളുവെന്നും പറഞ്ഞ് അല്ലു നിര്‍ബന്ധിച്ചു. അങ്ങനെ ഞാന്‍ ഫഹദുമായി സംസാരിച്ചു. എന്റെ അവസാന ചിത്രമായ രംഗസ്ഥലം ഏറെ ഇഷ്ടമായെന്ന് ഫഹദ് പറഞ്ഞു. അങ്ങനെ അന്നത്തെ സംസാരത്തിനൊടുവില്‍ പുഷ്പയിലെ ബന്‍വര്‍ സിംഗ് ഷെഖാവത്താകാന്‍ അദ്ദേഹം സമ്മതിച്ചു.

ഫഹദുമായി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹവും ആരാധനയും വര്‍ദ്ധിച്ചു. മറ്റു ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ വരുന്ന സമയത്ത് സാധാരണയായി ഡയലോഗുകള്‍ ഷൂട്ടിംഗ് സമയത്ത് പ്രോംപ്റ്റ് ചെയ്തു കൊടുക്കാറുണ്ട്. പക്ഷെ ഫഹദ് പ്രോംപ്റ്റിങ്ങ് വേണ്ടെന്ന് പറഞ്ഞു.

ഷൂട്ടിന്റെ ദിവസം സെറ്റില്‍ വെച്ചാണ് ഞാന്‍ ഡയലോഗ് അഭിനേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കാറുള്ളത്. ഡയലോഗ് എന്നതിനേക്കാല്‍ ആ സീന്‍ വിവരിച്ചു കൊടുക്കുകയും അതിനുശേഷം അവര്‍ക്ക് അഭിനയിക്കാനുള്ള സ്‌പേസ് നല്‍കുകയുമാണ് ഞാന്‍ ചെയ്യാറുള്ളത്. അഭിനേതാക്കളുടെ ക്രിയേറ്റീവ് ഫ്രീഡത്തിന് നിയന്ത്രണങ്ങള്‍ വെക്കരുതെന്നാണ് എന്റെ രീതി. എന്റെ ഈ രീതി ഫഹദിന് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം പ്രോംപ്റ്റിങ്ങ് വേണ്ടെന്ന് വെക്കുകയും അവിടെ വെച്ച് ഡയലോഗ് മനസിലാക്കി പഠിച്ച് അഭിനയിക്കുകയായിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഫഹദ് നിറഞ്ഞു നില്‍ക്കും. ആ ഭാഗത്തില്‍ പ്രധാനമായും ഫഹദും അല്ലുവും മാത്രമാണുള്ളത്’.

shortlink

Related Articles

Post Your Comments


Back to top button