GeneralLatest NewsNEWS

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനാണ് സേതുമാധവൻ

ചെന്നൈ : മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍(94) അന്തരിച്ചു. ചെന്നൈയിലെ കോടമ്പാക്കം ഡയറക്ടേഴ്സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനാണ് സേതുമാധവൻ. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. ഒന്നിലധികം പ്രാവശ്യം ദേശീയ – സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂർത്തിയാക്കാതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രമുഖനായിരുന്നു കെ.എസ്.സേതുമാധവൻ. മലയാളത്തിനു പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. 1973 ല്‍ ദേശീയ പുരസ്‌കാരത്തിന്റെ ഭാഗമായ നര്‍ഗിസ് ദത്ത് അവാര്‍ഡ് നേടി. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2010ൽ ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ചു.

1951ൽ പുറത്തിറങ്ങിയ, സേലം തിയറ്റേഴ്‌സിന്റെ മമയോഗി എന്ന ചിത്രത്തിൽ രാമനാഥന്റെ സഹായിയായാണു സേതുമാധവന്റെ സിനിമാ ജീവിതത്തിനു തുടക്കം. സിംഹള ചിത്രമായ വീരവിജയത്തിലൂടെ 1961ൽ സ്വതന്ത്ര സംവിധായകനായി. 1961ൽ അസോഷ്യേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി ടി.ഇ. വാസുദേവൻ ഒരുക്കിയ ജ്‌ഞാനസുന്ദരിയായിരുന്നു ആദ്യ മലയാള ചിത്രം.

അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. തെന്നിന്ത്യൻ ചലച്ചിത്ര ഇതിഹാസമായ കമൽഹാസനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത് സേതുമാധവന്റെ ‘കണ്ണും കരളി’ലൂടെയാണ്’. ചിത്രത്തിൽ സത്യന്റെ മകനായ ബാലതാരമായി ആയിരുന്നു കമൽ രംഗത്തെത്തിയത്. ബാലതാരമായി കമലിനെ മലയാളത്തിലെത്തിച്ചതിനു പുറമേ യുവാവായ കമലിനെ മലയാളത്തിലേക്ക് കൊണ്ടു വന്നതും സേതുമാധവനായിരുന്നു. ‘കന്യാകുമാരി’ എന്ന ചിത്രത്തിലൂടെ. കന്യാകുമാരിയിൽ രംഗത്തെത്തിയ മറ്റൊരു പുതുമുഖമായിരുന്നു നടൻ ജഗതി ശ്രീകുമാർ. 1971 ല്‍ സേതുമാധവന്റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമയിൽ ആദ്യമായി മുഖം കാണിക്കുന്നത്. 1965 ല്‍ ‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു. കമലഹാസൻ നായകനായി വന്ന തമിഴ് ചിത്രം ‘നമ്മവർ’ ആണ് കെ.എസ് സേതുമാധവന്റെ അവസാന ചിത്രങ്ങളിൽ ഒന്ന്.

സുബ്രഹ്‌മണ്യന്‍-ലക്ഷ്മി ദമ്പതികളുടെ മകനായി 1931-ല്‍ പാലക്കാട്ടാണ് സേതുമാധവന്റെ ജനനം. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബയോളജിയില്‍ ബിരുദമെടുത്ത സേതുമാധവന്‍ സിനിമയിൽ എത്തിയത് സംവിധായകൻ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു . എൽ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ചു.

ഓടയിൽ നിന്ന്, അടിമകൾ, കരകാണാകടൽ, അച്ഛനും ബാപ്പയും, പണി തീരാത്ത വീട്, അനുഭവങ്ങള്‍ പാളിച്ചകള്‍, ഓപ്പോള്‍, ചട്ടക്കാരി, അരനാഴിക നേരം, കന്യാകുമാരി, വേനല്‍കിനാവുകള്‍, സ്ഥാനാര്‍ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു.

ഭാര്യ: വത്സല സേതുമാധവന്‍, മക്കള്‍: സന്തോഷ്, ഉമ

shortlink

Related Articles

Post Your Comments


Back to top button