GeneralLatest NewsMollywoodNEWS

വീടിൻ്റെ കുടുസ്സുമുറിയിൽ മരവിച്ചു കിടന്നയാൾ, താരങ്ങളും സർക്കാരും കണ്ടില്ലെന്ന് നടിച്ചു, സേതുമാധവനോട് കാണിച്ചത് അനീതി

റേഷൻ വാങ്ങിയ ബില്ലിൻ്റെ ബലത്തിൽ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ടി വന്ന ഗതികേടിനെക്കുറിച്ച് സിനിമാലോകം ആലോചിക്കണമെന്നു വിനോദ് മങ്കര

മലയാള സിനിമയുടെ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകനാണ് കെ എസ് സേതുമാധവൻ. കഴിഞ്ഞ ദിവസം വിടവാങ്ങിയ ഈ അതുല്യ പ്രതിഭയുടെ മരണത്തോട് സർക്കാരും താരങ്ങളും കാട്ടിയ അനാദരവ് എടുത്തുകാണിച്ചു സംവിധായകൻ വിനോദ് മങ്കര. 10 ദേശീയ അവാർഡുകൾ, 8 സംസ്ഥാന അവാർഡുകൾ, സമഗ്ര സംഭാവനക്കുള്ള ജെ.സി.ഡാനിയൽ പുരസ്ക്കാരം, പത്രങ്ങളുടെ സെൻട്രൽ സ്പ്രഡ്, സിനിമാ ക്ലിപ്പുകളാൽ കോർക്കപ്പെട്ട ടെലിവിഷനിലെ നീണ്ട സ്റേറാറികൾ, ഇതൊന്നുമല്ല ഒരു മനുഷ്യന് വേണ്ടതെന്ന് കെ.എസ്.സേതുമാധവൻ എന്ന ധിഷണാശാലിയുടെ മരണം കാണിച്ചുതരുന്നുവെന്നും റേഷൻ വാങ്ങിയ ബില്ലിൻ്റെ ബലത്തിൽ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ടി വന്ന ഗതികേടിനെക്കുറിച്ച് സിനിമാലോകം ആലോചിക്കണമെന്നും വിനോദ് മങ്കര പറയുന്നു.

read also: ആൾ ദൈവമായി താരം, കാല്‍ക്കല്‍ വീണു പൊട്ടിക്കരഞ്ഞ് അനുയായികള്‍: പരാതി ഉയർന്നതോടെ നടി ഒളിവിൽ

കുറിപ്പ് പൂർണ്ണ രുപം

കെ.എസ്.സേതുമാധവന് നൽകിയ അനീതിക്ക് മാപ്പു ലഭിക്കാനിടയില്ല.
10 ദേശീയ അവാർഡുകൾ, 8 സംസ്ഥാന അവാർഡുകൾ, സമഗ്ര സംഭാവനക്കുള്ള ജെ.സി.ഡാനിയൽ പുരസ്ക്കാരം, പത്രങ്ങളുടെ സെൻട്രൽ സ്പ്രഡ്, സിനിമാ ക്ലിപ്പുകളാൽ കോർക്കപ്പെട്ട ടെലിവിഷനിലെ നീണ്ട സ്റേറാറികൾ, ഇതൊന്നുമല്ല ഒരു മനുഷ്യന് വേണ്ടതെന്ന് കെ.എസ്.സേതുമാധവൻ എന്ന ധിഷണാശാലിയുടെ മരണം കാണിച്ചുതരുന്നു.

മരണമെത്തുന്ന നേരത്ത് സ്നേഹമുള്ളവർ ആരെങ്കിലും ഒപ്പമുണ്ടാവുകയും സ്നേഹമുള്ളതെന്തെങ്കിലും കേൾക്കുകയും ചെയ്യുക എന്നത് എത് അവാർഡിനേക്കാളും ആ മരണാസന്നനെ തൊടും. എന്നാൽ എത്ര ദുർബലനായിട്ടായിരിക്കാം സേതുമാധവൻ സാറ് മരിച്ചിരിക്കുക? ഒന്നാം നിലയിലെ വീടിൻ്റെ കുടുസ്സുമുറിയിൽ മരവിച്ചു കിടന്നയാൾ ഒരു കാലത്ത് തമിഴ്-മലയാള സിനിമയുടെ നവ ഭാവുകത്വത്തിൻ്റെ അമരക്കാരനായിരുന്നു എന്നത് നമുക്ക് എളുപ്പം മറക്കാനായി. പത്മ അവാർഡിൻ്റേയും ദാദാ ഫാൽക്കെ അവാർഡിൻ്റേയും നിർദേശക ലിസ്റ്റിലൊന്നും കേരള – തമിഴ്നാട് സർക്കാറുകൾ സേതുമാധവൻ എന്ന പേരെഴുതിയില്ല. തമിഴ് സിനിമയ്ക്ക് ആദ്യ സുവർണ്ണ കമലം നേടിക്കൊടുത്ത ‘മറുപക്കം’ എന്ന സിനിമയുടെ സംവിധായകൻ ജീവിച്ചിരിക്കുമ്പോഴാണ് വാണിജ്യ സിനിമയുടെ മാത്രം വക്താവായ രജനീകാന്ത് ദാദാ ഫാൽക്കേ പുരസ്ക്കാര ജേതാവായത്. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ ഔദ്യോഗിക ബഹുമതി നൽകാറുള്ള കേരള സർക്കാറും ഇദ്ദേഹത്തിൻ്റെ മരണത്തെ തമിഴ്നാട് സർക്കാറിനൊപ്പം കണ്ടില്ലെന്ന് നടിച്ചു. വിരലിലെണ്ണാവുന്നവർ മാത്രം അദ്ദേഹത്തിൻ്റെ ശവശരീരത്തിനടുത്തെത്തി. സിനിമാലോകത്തു നിന്നും എത്രപേരെത്തി എന്നത് കണക്കെടുക്കുക തന്നെ വേണം.

താൻ വാങ്ങിയ അവാർഡുകൾ പോലും വേണ്ട പോലെ വയ്ക്കാൻ സൗകര്യമില്ലാത്ത ഒറ്റമുറിയിൽ മലയാള -തമിഴ് സിനിമയുടെ കാരണവർ മരിച്ചു കിടക്കുമ്പോൾ അദ്ദേഹത്തിൻ്റെ മരണ സർട്ടിഫിക്കറ്റ് ഡോക്ടറിൽ നിന്നും എഴുതിക്കിട്ടാനുള്ള ബദ്ധപ്പാടിലായിരുന്നു സംസ്ക്കാര ചടങ്ങുകൾ തീരും വരെ ഒപ്പമുണ്ടായിരുന്ന സിനിമാ-നാടകപ്രവർത്തകനായ എ.വി.അനൂപ്. ആധാർ കാർഡ് തിരഞ്ഞു കിട്ടാതെ അവസാനം ആ വലിയ സംവിധായകൻ റേഷൻ വാങ്ങിയ ബില്ലിൻ്റെ ബലത്തിൽ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ടി വന്ന ഗതികേടിനെക്കുറിച്ച് സിനിമാലോകം ആലോചിക്കണം. സുവർണ്ണ മയൂരവും സമഗ്ര സംഭാവനയുടെ ജെ.സി.ഡാനിയലുമൊന്നുമല്ല റേഷൻ കാർഡാണ് വയസ്സുകാലത്ത് അദ്ദേഹത്തിന് ഉപകരിച്ചത് എന്നത് ശരിക്കും ഭയപ്പെടുത്തുന്നു. നാട്ടുകാരും ബന്ധുക്കളുമൊന്നും ഇടപെടാതെ അന്ത്യ ശുശ്രൂഷയും സ്മശാന യാത്രയുമെല്ലാം അനൂപിനെ പോലുള്ള ചിലരുടെ മാത്രം ബാധ്യതയായത് ഉറക്കം കെടുത്തണ്ടേ?

ജയഭാരതിയും ഷീലയുമെല്ലാം നേരിട്ടു വന്ന് അന്ത്യാഞ്ജലിയർപ്പിച്ചപ്പോൾ ഏറെ കടപ്പാടുകൾ സൂക്ഷിക്കേണ്ട കമലഹാസൻ ഫോണിൽ പ്രണാമമർപ്പിച്ചു! നാട്ടുകാർ പോകട്ടെ ബന്ധുക്കൾക്കു പോലും സേതുമാധവൻ എന്ന സാത്വികനെ വേണ്ടേ എന്നു തോന്നിപ്പോകുന്ന അവസ്ഥ ഈ മരണം കാണിച്ചു തന്നു. പ്രതിഫലം ചോദിച്ചു വാങ്ങാൻ അറിയാത്തയാൾ എന്നൊക്കെ ഇദ്ദേഹത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും ചാർത്തി ഫീച്ചർ എഴുതാൻ സുഖമാണ്. പക്ഷേ ഇങ്ങനെയായിരുന്നോ യഥാർത്ഥത്തിൽ ഇദ്ദേഹം ജീവിക്കേണ്ടിയിരുന്നത് എന്നത് ചോദിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ധനവും ബന്ധുബലവും സ്ഥാനമാനങ്ങളും അളവിൽ കവിഞ്ഞ രാഷ്ടീയ ഭക്തിയുമില്ലെങ്കിൽ മരണത്തിലും ഒരാൾ അനാഥനാവുമെന്ന് ഈ വലിയ സംവിധായകൻ്റെ മരണം നമുക്ക് വെളിപ്പെടുത്തിത്തരുന്നു. മദിരാഗിയിലെ സർക്കാർ ആശുപത്രിയുടെ വെറും നിലത്ത് കിടന്നു മരിച്ച സംഗീത രാജകുമാരൻ ബാബുരാജിൻ്റെ കഥ നമ്മൾ മറന്നിട്ടില്ല.
നമുക്കെത്രയോ സംഘടനകളുണ്ട്. നമ്മളെന്തിനൊക്കെ സമ്മേളിക്കുന്നു! വെറുതെയൊന്ന് ആലോചിച്ചു നോക്കൂ.. നാം സേതുമാധവൻ സാറിനോട് അനീതി കാണിച്ചില്ലേ?എന്തിനായിരുന്നു നമ്മുടെ ക്രിമിനൽ മൗനം? എ.വി.അനൂപ്, രവി കൊട്ടാരക്കര തുടങ്ങിയ ചിലരെങ്കിലുമില്ലായിരുന്നെങ്കിൽ ആ മഹാ സംവിധായകൻ്റെ ജഡശരീരം എത്രമാത്രം അനാഥമാവുമായിരുന്നു?

ഒരിക്കൽക്കൂടെ പറയട്ടെ; ധനവും (റേഷൻ കാർഡ് മാത്രം പോര) ബന്ധുബലവും പ്രകടമായ രാഷ്ട്രീയ ചായ് വും ജയ് വിളിയും രാഷ്ട്രീയ – സിനിമാ മേഖലകളിലെ നെറികേടുകളെ ന്യായീകരിച്ച് പ്രസ്ഥാവനയിറക്കലും ഒന്നുമില്ലെങ്കിൽ നിങ്ങളുടെ ശവവും അനാഥമാവും. സ്വന്തം ശവശരീരം കത്തിക്കുന്നതിനുള്ള പണം കണ്ടെത്തിയിട്ടേ മരിക്കാവൂ എന്ന വലിയ പാഠം തന്നിട്ടാണ് സേതുമാധവൻ സാറ് മാഞ്ഞിരിക്കുന്നത്. 65 സിനിമകളുടെ സംവിധായകനാണ് കെ.എസ്.സേതുമാധവൻ. സിനിമയിൽ പിച്ചവയ്ക്കുന്ന എന്നെപ്പോലുള്ളയാളുകളെ നികൃഷ്ടമായ ഈ കാലം ശരിക്കും പേടിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button