GeneralLatest NewsNEWS

‘ജനങ്ങളുടെ ആവശ്യം മുക്കുക എന്നതായിരുന്നു ചിലരുടെ ലക്‌ഷ്യം’: സല്യൂട്ട് വിഷയത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

താന്‍ ശരിക്കും ഉന്നയിച്ച വിഷയം സല്യൂട്ട് വിവാദത്തില്‍ മുക്കിയെന്ന് സുരേഷ് ഗോപി. ജനങ്ങളുടെ ആവശ്യം മുക്കുക എന്നതായിരുന്നു ചിലരുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചയ്‌ക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കണമന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് ശക്തന്‍ മാര്‍ക്കറ്റില്‍ നവീകരണ പദ്ധതികള്‍ ആരംഭിക്കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനെത്തിയ വേളയിലാണ് നടന്‍ സല്യൂട്ട് വിവാദത്തില്‍ പ്രതികരിച്ചത്. ജനങ്ങളുടെ വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ വേണ്ട ശ്രദ്ധ നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുറിച്ചുമാറ്റിയ മരങ്ങള്‍ നീക്കം ചെയ്യാത്തതായിരുന്നു അന്ന് സുരേഷ് ഗോപി ഉന്നയിച്ച പ്രധാന വിഷയം. ഈ വേളയില്‍ ജീപ്പില്‍ ഇരുന്ന പോലീസ് ഓഫീസറെ വിളിച്ച് എംപിയാണെന്നും സല്യൂട്ട് ആകാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ഉന്നയിച്ച ആദ്യ വിഷയം സല്യൂട്ട് വിവാദത്തില്‍ മുങ്ങിപ്പോയി. ഇക്കാര്യമാണ് സുരേഷ് ഗോപി വിശദീകരിച്ചത്. സല്യൂട്ട് ചോദിച്ചു വാങ്ങുന്നത് യോജിച്ച നടപടിയല്ല, സല്യൂട്ട് ആര്‍ക്കും നല്‍കേണ്ടതില്ല തുടങ്ങിയ ചര്‍ച്ചകളെല്ലാം അന്ന് ഉയര്‍ന്നിരുന്നു.

സുരേഷ് ഗോപിയുടെ വാക്കുകൾ:

‘പുത്തൂരില്‍ അപകട ഭീഷണിയെ തുടര്‍ന്ന് മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. ഇവ നീക്കം ചെയ്തില്ല. ഇക്കാര്യം പരിശോധിക്കുകയായിരുന്നു അന്ന് ചെയ്തത്. വിഷയം പോലീസ് ഓഫീസറോട് അന്വേഷിച്ചപ്പോള്‍ സല്യൂട്ട് ചോദിച്ചു എന്നതിനായി പ്രാധാന്യം. അത് എല്ലാവരും കൊട്ടിഘോഷിച്ചു. പോലീസ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി എഴുന്നേല്‍ക്കടോ, സല്യൂട്ട് ചെയ്യടോ എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. ആവാം എന്നേയുള്ളൂ. പക്ഷേ, ആ ചോദ്യത്തിനായി മുന്‍തൂക്കം. ഞാന്‍ ഉയര്‍ത്തിയ വിഷയത്തിന്റെ അന്തസത്ത ഇല്ലാതാക്കി. ജനങ്ങളുടെ ആവശ്യം എവിടെ പോയി. അതൊക്കെ മുക്കുക എന്നതായിരുന്നു ചിലരുടെ ലക്‌ഷ്യം.

ദളിതര്‍ക്ക് വേണ്ടി നെഞ്ചത്തടിച്ചു കരയുന്ന രാഷ്ട്രീയ കോമരങ്ങളെ ഞാന്‍ പാര്‍ലമെന്റില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതേ അധഃസ്ഥിതരുടെ ആവശ്യങ്ങളോട് ഈ കോമരങ്ങളുടെ നിലപാട് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. പുത്തൂരിലെ മരങ്ങള്‍ ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്. ആ മരങ്ങളുടെ പൊത്തുകളില്‍ ഇഴജന്തുക്കള്‍ കയറിക്കൂടി നാട്ടുകാര്‍ക്ക് ഭീഷണിയായിട്ടുണ്ട്. വിഷയത്തില്‍ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തയ്യാറാകണം.

വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങള്‍ രംഗത്തുവരണം. നടപടി എടുത്തിട്ട് വീട്ടില്‍ പോയാല്‍ മതി എന്ന് പറയണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പൊതുജനം ഘെരാവോ ചെയ്യണം. രാഷ്ട്രീയക്കാര്‍ മാത്രം ചെയ്യേണ്ടതല്ല ഘെരാവോ. ജനങ്ങള്‍ മുന്നോട്ട് വരണം. രാഷ്ട്രീയക്കാര്‍ ചെയ്യുമ്പോള്‍ അതിന് വേറെ ഉന്നങ്ങള്‍ വരും’- സുരേഷ് ഗോപി പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments


Back to top button