Latest NewsNEWSShooting In Progress

സംഗീത ലോകത്തെ തലമുറകൾ ഒന്നിക്കുന്ന ചാനൽ ഫൈവ്ന്റെ ‘ഹെഡ് മാസ്റ്റർ’

ഏറെ പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തിൽ ഒരു പുതിയ സിനിമ ഒരുങ്ങുന്നു. ചാനൽ ഫൈവ്ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിക്കുന്ന ‘ഹെഡ് മാസ്റ്റർ’. മലയാള സിനിമാ ലോകത്തെ മൂന്ന് തലമുറകൾ ഹെഡ്മാസ്റ്ററിൽ ഒത്തുചേരുന്നു. 75 വയസ്സ് പിന്നിട്ടിട്ടും ഇന്നും ശബ്ദത്തിൽ ആർദ്ര പ്രണയത്തിന്റെ മധുരം സൂക്ഷിക്കുന്ന മലയാളത്തിന്റെ ഭാവ ഗായകൻ ജയചന്ദ്രൻ. തനത് നാടകങ്ങളുടെയും സംഗീതത്തിന്റെയും ആചാര്യൻ കാവാലം നാരായണ പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ. പിന്നെ പുതിയ തലമുറയിലെ പുതുശബ്ദമായ നിത്യ മാമ്മൻ.

കഴിഞ്ഞ തലമുറയിലെ അധ്യാപകരുടെ ദുരിത ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ‘ഹെഡ് മാസ്റ്റർ’. പ്രശസ്ത ചെറുകഥകൃത്ത് കാരൂരിന്റെ പ്രസിദ്ധ കഥയായ പൊതിച്ചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ് മാസ്റ്റർ. പ്രശസ്ത കവി പ്രഭാവർമ്മയുടെ വരികൾക്ക് കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്നു. കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണ് ഹെഡ് മാസ്റ്റർ. സംഗീത ലോകത്തിലെ തലമുറകളുടെ സംഗമം ഇപ്പോഴേ സിനിമാ ലോകത്തു ചർച്ചയായി കഴിഞ്ഞു.

രാജിവ് നാഥ് സംവിധാനം നിർവഹിക്കുന്ന ഹെഡ് മാസ്റ്ററിന്റെ തിരക്കഥ രാജീവ് നാഥും, കെ ബി വേണുവും ചേർന്ന് നിർവഹിച്ചിരിക്കുന്നു. ക്യാമറ പ്രവീൺ പണിക്കർ, എഡിറ്റിംഗ് ബീന പോൾ, പി ആർ ഒ – അജയ് തുണ്ടത്തിൽ.

ഹെഡ് മാസ്റ്ററിന്റെ ചിത്രീകരണം ജനുവരി 14 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button