GeneralLatest NewsNEWS

സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റ്, മാപ്പ് പറഞ്ഞ് നടൻ സിദ്ധാർഥ്

മുംബൈ: ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെതിരെ നടത്തിയ അശ്ലീല പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. സൈനയ്‌ക്കെതിരെ സിദ്ധാർത്ഥ് നടത്തിയ അശ്ലീല പരാമർശത്തിനെതിരെ രാജ്യത്തിന്റെ എല്ലാ കോണിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യ മാപ്പപേക്ഷയുമായി താരം രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ക്ഷമാപണകത്ത് സിദ്ധാർത്ഥ് പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ കഴിഞ്ഞ ദിവസം കുറിച്ച പരുഷമായ വാക്കിന് മാപ്പ് പറയുന്നതായി ഈ കത്തിൽ പറയുന്നു.

സിദ്ധാർഥിന്റെ പോസ്റ്റ് :

‘ പ്രിയപ്പെട്ട സൈന… കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിങ്ങളുടെ ഒരു ട്വീറ്റിന് മറുപടിയായി ഞാൻ കുറിച്ച പരുഷമായ തമാശയ്‌ക്ക് മാപ്പ് ചോദിക്കുകയാണ്. പല കാര്യങ്ങളിലും എനിക്ക് നിങ്ങളോട് വിയോജിപ്പുണ്ടാകാം. പക്ഷേ, നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്കുണ്ടായ നിരാശയോ ദേഷ്യമോ ഒന്നും എന്റെ സ്വരത്തേയും വാക്കുകളേയും ന്യായീകരിക്കുന്നില്ല. തമാശയായിരുന്നെങ്കിലും ആ തമാശ പോലും വിശദീകരിക്കേണ്ടതുണ്ട്. പക്ഷേ അത് അത്ര നല്ല തമാശയായിരുന്നില്ല. ഞാൻ ഉദ്ദേശിക്കാത്ത ഒരിടത്ത് ആ തമാശ ചെന്ന് നിന്നതിൽ ക്ഷമ ചോദിക്കുന്നു.’

വിവിധ കോണുകളിൽ ഉള്ള ആളുകൾ ആരോപിക്കുന്നത് പോലെയുള്ള യാതൊരു മോശം അർത്ഥവും എന്റെ വാക്കുകൾക്കും തമാശയ്‌ക്കും ഉണ്ടായിരുന്നില്ല എന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു. ഞാൻ ഫെമിനിസ്റ്റ് ചിന്താഗതിക്കൊപ്പമാണ്, എന്റെ ട്വീറ്റുകളിലൊന്നും യാതൊരു വിധ ലിംഗഭേദവും ഉണ്ടാകാറില്ല, ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ലക്ഷ്യവും എനിക്കില്ലായിരുന്നു. നിങ്ങൾ ഈ കത്ത് സ്വീകരിക്കുമെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾ എന്നും എന്റെ ചാമ്പ്യനാണ്. വിശ്വസ്തതയോടെ സിദ്ധാർത്ഥ്’.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബിൽ വച്ച് തടഞ്ഞ സംഭവത്തിനെതിരെ സൈന പ്രതികരിച്ചതോടെയാണ് സിദ്ധാർത്ഥ് അശ്ലീലചുവയുള്ള ട്വീറ്റുമായി രംഗത്തെത്തിയത്. ഇതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. നടനെന്ന നിലയിൽ സിദ്ധാർഥിനെ ഇഷ്ടമായിരുന്നെന്നും ഈ പരാമർശം മോശമായി എന്നും സൈനയും പറഞ്ഞു. പ്രതിഷേധങ്ങൾ കനത്തതോടെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും സിദ്ധാർഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മാപ്പ് അപേക്ഷയുമായി സിദ്ധാർഥ് എത്തിയത്. സൈനക്കെതിരായ ട്വീറ്റും ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button