Latest NewsNEWSSocial Media

ബ്രോ ഡാഡി ലൂസിഫറില്‍ നിന്നും വ്യത്യസ്തമാണ്, അതുകൊണ്ടാണ് ഈ സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയത്: പൃഥ്വിരാജ്

ഒരു സിനിമ എന്ന നിലയില്‍ ബ്രോ ഡാഡി ലൂസിഫറില്‍ നിന്നും വ്യത്യസ്തമാണ് എന്നും അതുകൊണ്ടാണ് തനിക്ക് ഈ സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയതെന്നും പൃഥ്വിരാജ്. ഇന്ന് അര്‍ദ്ധരാത്രിക്ക് റിലീസ് ആകുന്ന ബ്രോ ഡാഡി കുടുംബത്തോടൊപ്പം കാണണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ച പൃഥ്വിരാജ് തന്നെ വിശ്വസിച്ച് കൂടെ നിന്നതില്‍ മോഹന്‍ലാലിനോടും നിര്‍മ്മാതാവിനോടും അണിയറ പ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു എന്നും കുറിച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

‘പല രീതിയില്‍ നോക്കിയാലും ഞാന്‍ യാദൃശ്ചികമായി സംവിധായകനായ ഒരാളാണ്. എനിക്ക് എല്ലായ്പ്പോഴും സംവിധായകന്‍ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ലൂസിഫറിലേക്ക് ഞാനെത്തിയത് മുരളി ഗോപി കാരണമാണ്. മറ്റാരെക്കാളും മുമ്പെ അദ്ദേഹം എന്നെ വിശ്വസിച്ചു.

സമാനമായാണ് ‘ബ്രോ ഡാഡി’യുടെ തിരക്കഥയുമായി ഞങ്ങളുടെ മ്യൂച്ചല്‍ ഫ്രണ്ടായ വിവേക് രാംദേവന്‍ വഴി ശ്രീജിത്തും ബിബിനും എന്നിലേക്കെത്തിയത്. ഈ പ്രോജക്ടിന് വേണ്ടിയുള്ള ശരിയായ വ്യക്തി ഞാനാണെന്ന് അവര്‍ ചിന്തിച്ചത് എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല.എന്നാല്‍ അവര്‍ അങ്ങനെ ചിന്തിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരു സിനിമ എന്ന നിലയില്‍ ബ്രോ ഡാഡി ലൂസിഫറില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടാണ് എനിക്ക് ഈ സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയതും.

‘ലൂസിഫറി’ല്‍ നിന്നും ‘എമ്പുരാനി’ല്‍ നിന്നും തികച്ചും വ്യത്യസ്തമായ പരിശ്രമമായിരുന്നു ഈ ചിത്രത്തിന് വേണ്ടിയിരുന്നത്. അങ്ങനെയൊന്ന് ചെയ്യുന്നത് വളരെ റിസ്‌കുള്ള ഒന്നാണ്. എന്നെ വിശ്വസിച്ചതില്‍ ലാലേട്ടനോടും എന്റെയൊപ്പം നിന്നതില്‍ ആന്റണി പെരുമ്പാവൂരിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സിനിമയിലെ ടെക്നീഷ്യന്‍മാര്‍, അസിസ്റ്റന്റുമാര്‍, യൂണിറ്റിലെ സുഹൃത്തുക്കള്‍, പ്രൊഡക്ഷന്‍ ടീം എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

നിങ്ങളിതിനെ പ്രതീക്ഷിച്ചതിലും അപ്പുറമുള്ളതാക്കി. ആ പരിശ്രമങ്ങളില്ലായിരുന്നെങ്കില്‍ ഈ സിനിമ ഇന്ന് കാണുന്നത് പോലെയാകില്ലായിരുന്നു. ലൂസിഫറിലെന്നപോലെ, എന്റെ കാഴ്ചപ്പാടില്‍ വിശ്വസിച്ച, ഇത്രയും വൈദഗ്ധ്യമുള്ള അഭിനേതാക്കളെ ലഭിച്ചത് ഒരു പ്രിവിലേജായി ഞാന്‍ കണക്കാക്കുന്നു. ബ്രോ ഡാഡി നിര്‍മ്മിച്ചത് ഞങ്ങള്‍ വളരെയധികം ആസ്വദിച്ചിരുന്നു.

നിങ്ങള്‍ ഈ സിനിമ കാണുന്നത് അത്രയും രസകരമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ബ്രോ ഡാഡി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ സ്ട്രീം ചെയ്യുകയാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ബ്രോ ഡാഡി കാണുക. ഒന്നുചേര്‍ന്ന് കാണുന്നത് മികച്ച അനുഭവം നിങ്ങള്‍ക്ക് തരും.’

shortlink

Related Articles

Post Your Comments


Back to top button