GeneralLatest NewsNEWS

50 വയസായ പുരുഷന്മാരെ യുവാക്കളായി കാണുന്ന സമൂഹം സ്ത്രീയെ വിവേചനത്തോടെ കാണുന്നു : തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജൻ

സായ് പല്ലവിക്കെതിരെ വന്ന പോസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ത്തി തെലങ്കാന ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദര്‍രാജൻ. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിൽ ദേവദാസി വേഷത്തില്‍ എത്തിയ സായ് പല്ലവി സുന്ദരിയല്ലെന്ന തമിഴ് പോസ്റ്റിനെതിരെയാണ് ഗവർണർ വിമർശനമുയർത്തിയിരിക്കുന്നത്.

ശ്യാം സിംഗ റോയ് എന്ന ചിത്രത്തിനായി ഗംഭീര മേക്കോവർ ആയിരുന്നു സായ് പല്ലവി നടത്തിയത്. കഥാപാത്രത്തിന്റെ വാര്‍ദ്ധക്യ കാലം അവതരിപ്പിക്കാനായി മണിക്കൂറുകളോളം മേക്കപ്പ് ചെയ്യുന്ന സായ്‌യുടെ വീഡിയോ വൈറല്‍ ആയിരുന്നു. ചിത്രത്തില്‍ മൈത്രി എന്ന ദേവദാസിയെയാണ് സായ് അവതരിപ്പിച്ചത്. ദേവദാസി സമ്പ്രദായത്തെ പറ്റി പ്രതിപാദിച്ച സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. മൈത്രിയായിട്ടുള്ള സായ് പല്ലവിയുടെ പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

സിനിമയെ കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെ സായ് പല്ലവിക്ക് നേരെ ചിലർ വ്യാപകമായി ​ബോഡി ഷെയ്മിങ് കമന്റുകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് തുടങ്ങി. അതിൽ ഒരു കമന്റ് സായ് പല്ലവിയുടെ മൂക്കുകൾ വളരെ വലുതാണെന്നും ചുണ്ടുകൾ ഭം​ഗിയില്ലാത്തതാണെന്നും മുഖക്കുരുവാണെന്നും കുറ്റപ്പെടുത്തിയുള്ളതായിരുന്നു. ഒരു നായികയ്ക്ക് വേണ്ട യാതൊരു വിധ ​ഗുണങ്ങളും സായ് പല്ലവിക്കില്ലെന്നും ചിലർ താരത്തെ പരിഹസിച്ച് കമന്റായി കുറിച്ചു.

ഇതിനെതിരെ പുതിയ തലമുറൈ എന്ന തമിഴ് ചാനലിനോടായിരുന്നു തമിഴിസൈയുടെ പ്രതികരണം. തനിക്കെതിരെ വലിയ രീതിയിലുള്ള ബോഡി ഷെയ്മിംഗ്‌ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് ധൈര്യത്തോടെ നേരിട്ടുവെന്നും തമിഴിസൈ പറഞ്ഞു. 50 വയസായ പുരുഷന്മാരെ ഇപ്പോഴും യുവാക്കളായി പരിഗണിക്കുന്ന സമൂഹമാണ് സ്ത്രീകള്‍ക്കെതിരെ വിവേചനത്തോടെ പെരുമാറുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തമിഴിസൈയുടെ വാക്കുകൾ:

‘അവളുടെ ശരീരത്തെ ചൊല്ലി പലരും പരിഹസിക്കുന്നു. ‌അത് വളരെയധികം അവളെ വേദനിപ്പിച്ചു. എന്നാൽ അവൾ തളർന്ന് പോകാതെ കഴിവും കഠിനാധ്വാനവും കൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന് വന്നു. സ്ത്രീകളുടെ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുന്ന ഒരു വിഭാ​ഗം അവരെ വേദനിപ്പിക്കാനും അവരുടെ വേഗത തടയാനും ശ്രമിക്കുന്നുവെന്നു. സായ് പല്ലവിക്കെതിരായ വിമർശനം അത്തരമൊരു നിഷേധാത്മകമായ ആക്രമണമാണ്.

ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടവര്‍ക്കേ അതിന്റെ വേദന എന്താണെന്ന് മനസിലാകൂ. ഈ കമന്റുകള്‍ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ മഹാത്മാക്കളൊന്നുമല്ല. ഞാന്‍ അതെല്ലാം അവഗണിച്ചു. പക്ഷേ അത് വേദനിപ്പിച്ചോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ട്.

പൊക്കം കുറഞ്ഞ് ഇരുനിറത്തില്‍ ഇതുപോലെയുള്ള മുടിയുമായി ജനിച്ചത് എന്റെ തെറ്റല്ല. മാത്രമല്ല അതിലെല്ലാം സൗന്ദ്യര്യവുമുണ്ട്. അതുകൊണ്ടാണ് ‘കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്’ എന്ന ചൊല്ല് തന്നെയുള്ളത്. അത് കറുപ്പായിട്ടിരിക്കുന്നതുകൊണ്ട് കാക്ക അതിന്റെ കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല.

പുരുഷന്മാര്‍ക്ക് അവരുടെ രൂപത്തില്‍ യാതൊരു തരത്തിലുമുള്ള അക്രമങ്ങള്‍ ഉണ്ടാകാതിരിക്കുമ്പോള്‍ സ്ത്രീകളാണ് നിരന്തരമായി ബോഡി ഷെയിമിംഗ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. 50 വയസായ പുരുഷന്മാരെ ഇപ്പോഴും യുവാക്കളായി പരിഗണിക്കുന്ന സമൂഹമാണ് സ്ത്രീകള്‍ക്കെതിരെ വിവേചനത്തോടെ പെരുമാറുന്നത്.’

 

shortlink

Related Articles

Post Your Comments


Back to top button