InterviewsLatest NewsNEWS

ഹൊറർ എനിക്ക് ഇഷ്ടപ്പെട്ട ജോണർ ആണ്, ഫിക്‌ഷണൽ സ്റ്റോറിയിൽ റിയലിസം കൊണ്ടുവരാനാണ് ശ്രമിച്ചത്: രാഹുൽ സദാശിവൻ

മലയാളി പ്രേക്ഷകരുടെ കാഴ്ചാശീലങ്ങളെ അപ്പാടെ മാറ്റിയെഴുതിയ ഹൊറർ ത്രില്ലർ ആയിരുന്നു രേവതിയും ഷെയ്ൻ നിഗവും അസാമാന്യ പ്രകടനം കാഴ്ചവച്ച ‘ഭൂതകാലം’. ഒൻപതു വർഷങ്ങൾക്കു മുമ്പ് നരേനെ നായകനാക്കി ‘റെഡ് റെയ്ൻ’ എന്ന വേറിട്ട ഒരു സയൻസ് ഫിക്‌ഷൻ ചിത്രമൊരുക്കിയ രാഹുൽ സദാശിവന്റെ സംവിധാന മികവാണ് ഭൂതകാലത്തിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചത്. വർഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ സിനിമയിൽ ആഗ്രഹിച്ച വിജയം നേടാനായതിന്റെ സന്തോഷവും, സിനിമയിൽ സംഭവിച്ച ഇടവേളയെക്കുറിച്ചും, തന്റെ വേറിട്ട സിനിമാപരീക്ഷണങ്ങളെക്കുറിച്ചും രാഹുൽ സദാശിവൻ സംസാരിക്കുകയാണ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ.

രാഹുലിന്റെ വാക്കുകൾ :

‘2019ലാണ് രേവതി ചേച്ചിയുടെ അടുത്ത് ഈ കഥ പറയുന്നത്. 2020ൽ ഷെയ്നിനോട് കഥ പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ഈ സിനിമയ്ക്ക് മൂന്നു വര്‍ഷമെടുത്തെന്ന് പറയാം. ഹൊറർ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ജോണർ ആണ്. പിന്നെ, പരീക്ഷണങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമുണ്ട്. ഒരു സിനിമ എന്നു പറയുന്നത് ഒരു അനുഭവം ആണല്ലോ. അതൊരു മാജിക് ആണ്. ആ കഥാപാത്രങ്ങളുടെ ലോകത്തേക്ക് നമ്മൾ പോകുകയാണ്. സിനിമ ആണെന്നു പോലും കുറച്ചു സമയത്തേക്ക് നമ്മൾ മറക്കും. സ്ഥിരം ഉപയോഗിക്കുന്ന പാറ്റേണോ ഫോർമുലയോ ഒന്നും ഉപയോഗിക്കാതെ ഒരു അമ്മയിലൂടെയും മകനിലൂടെയും എങ്ങനെ ഹൊറർ സിനിമയുണ്ടാക്കാം എന്നതായിരുന്നു ചിന്ത. അങ്ങനെയാണ് ഈ കഥ പരുവപ്പെട്ടത്.

ഭൂതകാലത്തിന്റെ കഥ എഴുതുമ്പോൾ തന്നെ അതിലെ കഥാപാത്രങ്ങൾക്ക് രേവതി ചേച്ചിയേയും ഷെയ്നിനേയും കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. അവരെ മനസിൽ കണ്ടാണ് അതെഴുതിയത്. ചേച്ചിയെ സമീപിച്ചപ്പോൾ അവർ സന്തോഷപൂർവം ആ കഥാപാത്രം ചെയ്യാമെന്നേറ്റു. ഹൊറർ എലമെന്റിനേക്കാൾ ചേച്ചിക്ക് ഇഷ്ടപ്പെട്ടത് അതിലെ അമ്മ–മകൻ ബന്ധമായിരുന്നു. വളരെ സങ്കീർണമായ ബന്ധമാണല്ലോ അവരുടേത്. സിനിമയുടെ രൂപം വളരെ ലളിതമാണ്. എന്നാൽ അതിനുള്ളിൽ സങ്കീർണമായ മറ്റൊരു തലമുണ്ട്. ആ പാറ്റേൺ ചേച്ചിക്ക് ഇഷ്ടപ്പെട്ടു. കൂടാതെ മുഴുനീള കഥാപാത്രവും. അതുകൊണ്ടാണ് ചേച്ചി ചെയ്യാമെന്ന് സമ്മതിച്ചത്.

ഭൂതകാലം ഒരു ഫിക്‌ഷണൽ സ്റ്റോറി ആണ്. അതിൽ റിയലിസം കൊണ്ടുവരാനായിരുന്നു എന്റെ ശ്രമം. പാരാനോർമൽ കഥ ആണെങ്കിലും അമ്മ–മകൻ ബന്ധത്തിലൂടെ എങ്ങനെ ഡ്രാമ വർക്കൗട്ട് ചെയ്യാം എന്നായിരുന്നു ചിന്ത. ഇമോഷനും ഭയവും സങ്കടവുമൊക്കെയാണ് പ്രധാന കഥാതന്തുക്കൾ. അതിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ കഥാപാത്രങ്ങളോട് ഒരു അനുകമ്പ തോന്നും. അവർക്ക് അപകടമൊന്നും വരരുതെന്ന് ആഗ്രഹിക്കും. അങ്ങനെയാണ് ഭയം എന്നൊരു ഫാക്ടർ കൊണ്ടുവരാൻ പറ്റിയത്. അതൊരു ഓർഗാനിക് പ്രക്രിയ ആയിരുന്നു. കെയർ ചെയ്യാൻ തുടങ്ങിയാൽ മാത്രമേ ഭയം വരൂ. അല്ലെങ്കിൽ ഭയം വർക്കൗട്ട് ആവില്ല. അങ്ങനെയൊരു ഫോർമുലയാണ് ഉപയോഗിച്ചത്.’

shortlink

Related Articles

Post Your Comments


Back to top button