InterviewsLatest NewsNEWS

ആ അപകടത്തോടെ ജീവിതം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു: ടോവിനോ തോമസ്

മിന്നല്‍ മുരളിയുടെ വിജയത്തോടെ പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്. ഇപ്പോഴിതാ കളയുടെ ഷൂട്ടിങ്ങിനിടെ പരിക്കുപറ്റി ആശുപത്രിയില്‍ കിടന്ന ദിവസങ്ങളെക്കുറിച്ച്‌ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ ടോവിനോ തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ടോവിനോയുടെ വാക്കുകൾ :

‘കളയുടെ ഷൂട്ടിംഗിനിടെ പരുക്ക് പറ്റി രണ്ട് ദിവസം ഐസിയുവില്‍ കിടന്ന സമയം. ആ സീലിംഗ് നോക്കി കിടക്കുമ്പോൾ എനിക്ക് ചിന്തിക്കാന്‍ ഒരുപാട് സമയം കിട്ടി. അന്ന് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വായിക്കാന്‍ പുസ്തകം പോലുമുണ്ടായിരുന്നില്ല. നമ്മള്‍ ഏറ്റവും കുറവ് ചെയ്യുന്നതാണ് നമ്മളോട് തന്നെ സംസാരിക്കുകയെന്നത്. എപ്പോഴും മറ്റുള്ളവരോടാണ് നമ്മള്‍ ചിന്തിക്കുക. ആരുമില്ലെങ്കില്‍ ഫോണില്‍ നോക്കിയിരിക്കും. കക്കൂസില്‍ പോകുമ്പോൾ പോലും മിക്കവരുടേയും കയ്യില്‍ ഫോണുണ്ടാകും. ഇതൊന്നുമില്ലാതെ നമ്മള്‍ മാത്രമായിട്ടിരിക്കുന്ന സമയമില്ല. ഫോഴ്‌സ്ഡ് ആയിട്ടാണെങ്കിലും എനിക്ക് അന്ന് അതിനുള്ള സമയമാണ് കിട്ടിയത്.

തുടക്കത്തിലെ കുറച്ച്‌ മണിക്കൂറുകള്‍ ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടു. വലിയൊരു മുറിയില്‍ ഞാന്‍ ഒറ്റയ്ക്ക്. പെയിന്‍ കില്ലര്‍ അടിച്ചതോടെ വേദന മാറിയിരുന്നു. ഇടയ്ക്ക് ഡോക്ടര്‍ വരുമ്പോൾ ഒരു മയക്ക് വെടി വെക്കുമോ ഞാന്‍ ഫുള്‍ എനര്‍ജിയില്‍ എവേക്കായിരിക്കുകയാണ്. കാലിനു മുകളില്‍ കാലെടുത്തുവെക്കുക പോലും ചെയ്യരുന്നതെന്നായിരുന്നു നിര്‍ദ്ദേശം. ബൈ സ്റ്റാന്ററായി ചേട്ടനായിരുന്നു ഉണ്ടായിരുന്നത്. കുഴപ്പമില്ലെന്ന് ചേട്ടന്‍ പറയുമായിരുന്നു. പക്ഷെ നമ്മളും ബൈ സ്റ്റാന്റര്‍ ആയി നിന്നിട്ടുള്ളതല്ലേ, ബൈ സ്റ്റാന്റര്‍ രോഗിയോട് പറയുന്നതെല്ലാം സത്യമായിരിക്കണം എന്നില്ലല്ലോ. അന്ന് എന്റെ കുഞ്ഞ് ആറ് മാസമേ പ്രായമായിരുന്നുള്ളൂ. ചാകാന്‍ പേടിയില്ല, പക്ഷെ ഇത്തിരി നേരത്തെ ആയിപ്പോയോ എന്നൊക്കെ അപ്പോള്‍ ചിന്തിച്ചിരുന്നു.

ആദ്യത്തെ കുറച്ച്‌ മണിക്കൂറുകള്‍ ഫ്രസ്‌ട്രേഷന്‍ ആയിരുന്നു. സമയം പോകുന്നില്ല, സമയം നോക്കാന്‍ വാച്ച്‌ പോലുമില്ല. അങ്ങനെ കിടന്ന് കിടന്ന് ഏതോ ഒരു പോയന്റില്‍ മനസ് ചിന്തകളിലേക്ക് കയറിത്തുടങ്ങി. പിന്നെ ആ ചിന്തകളുടെ ട്രിപ്പിലായിരുന്നു. പിന്നെ ഒന്നൊന്നര ദിവസം മുഴുവന്‍ ചിന്തകളായിരുന്നു. കുറച്ച്‌ സമയം ഉറങ്ങും. അല്ലാത്ത സമയം എന്തെങ്കിലുമൊക്കെ ഇരുന്ന് ചിന്തിക്കും. ആലോചിച്ച്‌ ആലോച്ചിച്ചൊരു ഉത്തരത്തിലേക്ക് എത്തും. പിറ്റേ ദിവസം മറ്റൊരു ഉത്തരത്തിലേക്കും എത്തു. അങ്ങനെ ചിന്തിച്ചപ്പോള്‍ ആണ് ജീവിതം എത്രയധികം വിലപ്പെട്ട ഒന്നാണെന്ന് തിരിച്ചറിയുന്നത്. പിന്നെ വാര്‍ഡിലേക്ക് മാറ്റി.

അന്ന് ഞാന്‍ ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് പോരുന്ന വഴി ഒരു ടെന്റും സ്പീക്കറും വാങ്ങിയാണ് വരുന്നത്. എവിടെയെങ്കിലും മനോഹരമായൊരു സ്ഥലത്ത് പോയിരിക്കണമെന്നായിരുന്നു മനസില്‍. ജീവിതം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു, അത് തിരിച്ചറിയാന്‍ ഓള്‍ മോസ്റ്റ് അതൊന്ന് കയ്യില്‍ നിന്ന് പോകേണ്ടി വന്നു. പിന്നെ ഞാന്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാന്‍ തുടങ്ങി. ഫൈറ്റ് സീനുകളൊക്കെ ചെയ്യുമ്പോൾ ശ്രദ്ധിക്കാന്‍ തുടങ്ങി. അതിനുള്ള പരിശീലനം നേടിയവര്‍ ചെയ്യുന്നവര്‍ തന്നെ അത്തരം രംഗങ്ങള്‍ ചെയ്യുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞു. ഞാനൊരാളെ ആശ്രയിച്ച്‌ നില്‍ക്കുന്ന ഒരുപാട് പേരുണ്ട്. എനിക്കെന്തെങ്കിലും പറ്റിയാല്‍ അവരുടെ പ്രതീക്ഷകളെ കൂടിയാണത് ബാധിക്കുന്നത്. ഇതിനര്‍ത്ഥം എന്റെ ജീവന്‍ മറ്റൊരാളുടെ ജീവനേക്കാള്‍ വിലപ്പെട്ടതാണെന്നല്ല. അവരുടെ തൊഴിലാണ്. ഒരാള്‍ക്കൂടി തൊഴിലുണ്ടാവുകയാണ്’.

shortlink

Related Articles

Post Your Comments


Back to top button