GeneralLatest NewsNEWS

നിങ്ങള്‍ക്ക് ഒരു സ്വപ്‌നമുണ്ടാകണം, അത് എന്ത് തന്നെയാണെങ്കിലും നിങ്ങളത് നേടണം: സാമന്ത

ഗൗതം വാസുദേവ് മോനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായ ‘യേ മായ ചേസാവെ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ നടിയാണ് സാമന്ത റൂത്ത് പ്രഭു. ചിത്രത്തിലെ നായകന്‍ നാഗ ചൈതന്യയായിരുന്നു. തുടർന്ന് നിരവധി സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ സമാന്ത ഇപ്പോഴിത ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പുഷ്പയിലെ സമാന്തയുടെ ഡാന്‍സ് നമ്പറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമായ സമാന്ത ഇതുവരെ എത്താന്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു.

മോഡലിംഗിലൂടെയായിരുന്നു സമാന്ത തന്റെ കരിയര്‍ ആരംഭിച്ചത്. പഠിക്കുന്ന കാലത്തായിരുന്നു സമാന്ത മോഡലിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമാന്തയെ സംബന്ധിച്ച് മോഡലിംഗ് എന്നത് തന്റെ പഠന ചിലവുകള്‍ക്കും മറ്റും പണം കണ്ടെത്താനുള്ള മാര്‍ഗ്ഗം കൂടിയായിരുന്നു. ഒരിക്കല്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് സമാന്ത തന്നെ മനസ് തുറക്കുകയാണ് കുറച്ചു പെണ്‍കുട്ടികളുമായി നടത്തിയ ഇന്ററാക്ഷനില്‍.

സാമന്തയുടെ വാക്കുകൾ :

‘അധികം വര്‍ഷങ്ങള്‍ മുമ്പൊന്നുമല്ല, ഞാന്‍ നിങ്ങളെ പോലൊരാളായിരുന്നു. നിങ്ങളെല്ലാവരും കൂടുതല്‍ പ്രശസ്തരും പണക്കാരും കരുത്തരും ആകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ആത്മാര്‍ത്ഥമായി തന്നെ ഞാനത് നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസിക്കുന്നുണ്ട്. കാരണം അത് സാധ്യമാണെന്നത് കൊണ്ട് തന്നെ. പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നത് പഠിക്ക് പഠിക്ക് എന്നാലേ വലിയ ആളാന്‍ പറ്റൂ എന്നായിരുന്നു. നിങ്ങളെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും ഞാന്‍ നന്നായി പഠിച്ചു. കോളേജിലെ ടോപ്പര്‍ ആയി. പക്ഷെ തുടര്‍ പഠനത്തിനുള്ള പണം എന്റെ മാതാപിതാക്കളുടെ പക്കലുണ്ടായിരുന്നില്ല. എനിക്കൊരു സ്വപ്‌നമോ ഭാവിയോ ഒന്നുമുണ്ടായിരുന്നില്ല.

ഞാന്‍ പറയുന്നത് എന്താണെന്ന് വച്ചാല്‍, നിങ്ങളുടെ മാതാപിതാക്കളോ മറ്റോ നിങ്ങള്‍ തിരഞ്ഞെടുക്കുമെന്ന് കരുതുന്നൊരു പാതയുണ്ടാകാം. പക്ഷെ ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ഒരു സ്വപ്‌നമുണ്ടാകണം. അത് എന്ത് തന്നെയാണെങ്കിലും നിങ്ങളത് നേടണം എന്നാണ്.’

പിന്നാലെ താന്‍ തുടക്കകാലത്ത് ഒരു നേരം മാത്രം ഭക്ഷണം കഴിച്ചും, പല തരത്തിലുള്ള ജോലികള്‍ ചെയ്തും ഏറെ നാള്‍ കഷ്ടപ്പെട്ടതിനെക്കുറിച്ചും സമാന്ത മനസ് തുറന്നു. ഈ സമയത്തായിരുന്നു സമാന്ത മോഡിലിംഗ് പാര്‍ട്ട് ടൈം ആയി ചെയ്യാന്‍ തുടങ്ങുന്നത്. ആ വഴി പക്ഷെ സമാന്തയുടെ ജീവിതം മാറ്റി മറിക്കുന്നതായിരുന്നു എന്നാണ് പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button