InterviewsLatest NewsNEWS

അന്നമ്മയോടു വളച്ചു കെട്ടില്ലാതെ പറഞ്ഞു ഇഷ്ടമാണ് ഉടനെ കെട്ടണം : വിവാഹത്തെ കുറിച്ച് ജോൺ പോൾ ജോർജ്ജ്

അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സഹായിയായി കരിയർ ആരംഭിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ സംവിധായകനാണ് ജോണ്‌ പോൾ ജോർജ്ജ്. ചാപ്പ കുരിശ്, അഞ്ച് സുന്ദരികൾ. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിൽ അസോസിയേറ്റായി പ്രവർത്തിച്ചതിനു ശേഷമാണ് ഗപ്പിയിലൂടെ സ്വതന്ത്ര സംവിധായകനായത്.

ഇപ്പോളിതാ തന്റെ ഭാര്യ അന്നമ്മയെ ആദ്യമായി കാണുന്നതിനെ കുറിച്ചും തന്റെ ജീവിത സഖിയാക്കിയതിനെ കുറിച്ചുമെല്ലാം പ്രിയ സംവിധായകൻ വെളിപ്പെടുത്തിയിരിക്കുകയാണ് മനോരമ ഓൺലൈനിലൂടെ.

സംവിധായകന്റെ വാക്കുകൾ :

‘അമ്പിളി’യിലെ ‘ആരാധികേ….’ എന്ന പാട്ടൊരുക്കുന്ന സമയത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നില്ല. വിനായക് ശശികുമാർ എഴുതിയ ഓരോ വാക്കിലും പ്രണയം തൂവുന്നു.‍ അതിന്റെ ചിത്രീകരണം എങ്ങനെയാകണമെന്ന ആലോചനയിലായിരുന്നു ഞാൻ. കട്ടപ്പനയിലെ വഴികൾ, ഏലത്തോട്ടം… പുലർകാല മഞ്ഞ്… പായൽ പിടിച്ചു കൽപടവുകൾ ഇളകിയ വീട്ടിലേക്കു ക്യാമറ കയറുമ്പോൾ കാറ്റിലാടുന്ന ചെമ്പനീർപ്പൂവുകൾ… മനസ്സിൽ വിഷ്വലുകൾ തളിരിട്ടു. സത്യം പറഞ്ഞാൽ ഞാനന്നു സിനിമയുടെ വേവലിലായിരുന്നു. ഗപ്പി എന്ന സിനിമയ്ക്കു ശേഷം അമ്പിളി എന്ന രണ്ടാമത്തെ ചിത്രം എന്താകുമോ എന്ന ആശങ്കയായിരുന്നു എനിക്ക്. സത്യത്തിൽ പ്രണയിക്കേണ്ട സമയത്തൊക്കെ ഇത്തരം വേവലാതികൾ എന്നെ കീഴടക്കിയിരുന്നു.

‘പിരിയുന്നൊരെന്റെ ജീവനിൽ കിനാവു തന്ന കൺമണീ, നീയില്ലെങ്കിൽ എന്നിലെ പ്രകാശമില്ലിനി’ എന്നു മൂളിയാണ് അമ്പിളിയുടെ ഷൂട്ടിങ് സമയത്തു ഞാൻ കാറോടിച്ചിരുന്നത്. പാട്ട് റിക്കോർഡ് ചെയ്തു കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. ഞാൻ സംഗീത സംവിധായകൻ വിഷ്ണുവിനെ വിളിച്ചു. സ്വാതിതിരുനാൾ സംഗീത കോളജിൽ ഞങ്ങൾ സതീർഥ്യരാണ്. ഒരുമിച്ചു സിനിമ സ്വപ്നം കണ്ടവർ. ആ പാട്ട് ഒരുപാടു കാമുക ഹൃദയങ്ങൾ ഏറ്റുവാങ്ങിയെന്നത് ആഹ്ളാദകരം.

എന്റെ ജീവിതവും വാലന്റൈൻസ് ഡേയുമായി അപൂർവമായൊരു ബന്ധമുണ്ട്. അന്നാണ് എന്റെ ജന്മദിനം. അന്നമ്മയെ ഞാനാദ്യം കാണുന്നത് എറണാകുളത്ത് ഒരു ചടങ്ങിലാണ്. എല്ലാവരോടും എന്നപോലെ അവൾ എന്നോടും സംസാരിച്ചു. എന്റെ രണ്ടു സിനിമകളെക്കുറിച്ചും അവൾ ഇഷ്ടത്തോടെ സംസാരിച്ചു. മടങ്ങിപ്പോരുമ്പോൾ ആരാധിക വീണ്ടും മനസ്സിൽക്കയറി. അന്നമ്മയുടെ നമ്പർ ചോദിക്കാനൊരു ചമ്മൽ. ഇൻസ്റ്റയിലെ പല അന്നമ്മമാർക്കിടയിൽ നിന്ന് ഞാൻ ആ അങ്കമാലിക്കാരിയെ കണ്ടെത്തി മെസേജ് അയച്ചു. രണ്ടു ദിവസം മറുപടിയൊന്നും വന്നില്ല. ഇൻസ്റ്റന്റ് മറുപടി കാത്ത ഞാൻ നിരാശനായി. മൂന്നാം ദിവസം അന്നമ്മ മറുപടി തന്നു.

എന്റെ വീട്ടിലപ്പോൾ തകൃതിയായ കല്യാണാലോചനകൾ നടക്കുന്ന സമയം. നീ സിനിമയിൽ എത്രയോ നല്ല പിള്ളേരെക്കാണുന്നു. ആരെയെങ്കിലും വിളിച്ചോണ്ടു പോരെടാ എന്നു വരെ കട്ട സപ്പോർട്ടാണ് അമ്മ. അന്നമ്മയോടു വളച്ചുകെട്ടില്ലാതെ വൺലൈൻ പറഞ്ഞു: ഇഷ്ടമാണ്. ഉടനെ കെട്ടണം. വീട്ടിൽ വന്നു പെണ്ണു ചോദിക്കാം. അന്നമ്മ കൊച്ചിക്കു വന്നു. ഗലീറ്റോസിലോ കഫെ കോഫിഡേയിലോ കാണാമെന്നല്ല അവൾ പറഞ്ഞത്. കലൂർ സെന്റ് ആന്റണീസ് പള്ളിലോട്ടു വാ.. അവിടെ ചാരുബെഞ്ചിലിരുന്നു പ്രണയം പറഞ്ഞു. അമ്മയെ കൂട്ടി വീട്ടിലും പോയി. ഒരു വർഷത്തെ കാത്തിരിപ്പിൽ പ്രണയം തുളുമ്പി. കോവിഡ് കാലത്തു ചെന്നൈയിലായിരുന്നു വിവാഹം.

ചെന്നൈ നഗരം എനിക്കും അന്നമ്മയ്ക്കും ഒരുപാടു പ്രിയപ്പെട്ടതാണ്. സിനിമ സ്വപ്നംകണ്ട് എല്ലാവരും കൊച്ചിയിൽ കറങ്ങിയപ്പോൾ ഞാൻ ചെന്നൈയിലാണു സിനിമാക്കാരനായി വളർന്നത്. അന്നമ്മയും ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ഗൗതംമേനോന്റെ നഗരം, ‘വിണ്ണെത്താണ്ടി വരുവായ’യിലെ ‘ജെസി’യുടെ നഗരം എന്ന കാൽപനികതകളെല്ലാം വിടുക, എനിക്ക് അത്ര ഇഷ്ടമാണീ നഗരം. അത്ര ഇഷ്ടമാണീ അന്നമ്മയെ… കഴി‍ഞ്ഞ പിറന്നാളിന് അവൾ തന്ന സമ്മാനങ്ങൾക്കൊപ്പം ഈ പിറന്നാളിന് അവളുമുണ്ട് എനിക്കരികിൽ സമ്മാനമായി!.

shortlink

Post Your Comments


Back to top button