InterviewsLatest NewsNEWS

ഓര്‍ക്കാന്‍ ഒന്നും ആ സിനിമ തന്നില്ല, പക്ഷെ നല്ല ഒരു മനുഷ്യനെ സുഹൃത്തായി ലഭിച്ചു : കൃഷ്ണകുമാര്‍

അഭിനയത്തിലും പൊതു പ്രവര്‍ത്തനത്തിലും ഒരുപോലെ സജീവമായ നടൻ കൃഷ്ണകുമാര്‍ തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് നടന്‍ പങ്കുവെച്ച ഒരു കുറിപ്പാണ്. തിരകഥാകൃത്തായ റോബിന്‍ തിരുമലയെ കുറിച്ചും അദ്ദേഹത്തിലൂടെ പരിചയപ്പെട്ട മോഹന്‍ജി എന്ന സുഹൃത്തിനെ കുറിച്ചുമാണ് കൃഷ്ണകുമാര്‍ പറയുന്നത്.

കൃഷ്ണകുമാറിന്റെ വാക്കുകൾ :

‘വളരെ നാളുകളായി എന്റെ ഒരു സൗഹൃദത്തെ പറ്റി എഴുതണമെന്ന് ആഗ്രഹിക്കുന്നു. നമ്മള്‍ ജീവിതത്തില്‍ പലരേയും കാണുന്നു. പരിചയപ്പെടുന്നു. പരിചയപ്പെടുമ്പോള്‍ എല്ലാവരും നല്ലവര്‍. കാലങ്ങള്‍ കഴിയുമ്പോള്‍ ചിലരുമായി ഇഷ്ടം കൂടും, ജീവിതയാത്രയില്‍ കൂടെ ഉണ്ടാവും, ഉയര്‍ച്ചയിലും താഴ്ചയിലും. മറ്റുചിലരുമായി പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നു. തെറ്റി പിരിയുന്നു. ആരുടേയും കുറ്റം കൊണ്ടല്ല, സാഹചര്യം അങ്ങനെ ആക്കി തീര്‍ക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘ആലഞ്ചേരി തമ്പ്രാക്കള്‍’ എന്നൊരു സിനിമ ചെയ്തു. ഓര്‍ക്കാന്‍ ഒന്നും ആ സിനിമ തന്നില്ല. പക്ഷെ അതിന്റെ തിരകഥാകൃത്തായ ശ്രി റോബിന്‍ തിരുമല എന്ന നല്ല ഒരു മനുഷ്യനെ സുഹൃത്തായി ലഭിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം റോബിന്‍ എന്നെ വിളിച്ച് റോബിന്റെ ഒരു സുഹൃത്തിനെ പരിചയപെടുത്തുന്നു. ശ്രി മോഹന്‍ജി, എന്നിട്ട് പറയുന്നു നിങ്ങള്‍ ചേരണം. ചേര്‍ന്ന് പ്രവര്‍ത്തിക്കണം. മോഹന്‍ജി എന്ന വ്യക്തി, പ്രസ്ഥാനം എന്ന് പറയുന്നതാവും ശെരി. 50 പതിലധികം രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ അമരക്കാരന്‍. ആദ്യ കാഴ്ചയില്‍ തന്നെ ഇരുകൂട്ടര്‍ക്കും ഇടയില്‍ ഒരു സ്‌നേഹവും പരസ്പരവിശ്വാസവും ഉണ്ടായതായി മനസ്സില്‍ തോന്നി. അജണ്ടകള്‍ ഇല്ലാത്ത കൂടിച്ചേരല്‍, അദ്ദേഹത്തോടൊപ്പം സന്നദ്ധസേവനത്തിനായി എല്ലാം ത്യജിച്ചു നന്മചെയ്യാനായി ഇറങ്ങിതിരിച്ച നല്ല കുറെ ആത്മാക്കളും. കണ്ണൂരുകാരി സൂര്യാ സുജന്‍, പാലക്കാടുകാരന്‍ ദേവദാസ്, കശ്മീര്‍ സ്വദേശി ആദിത്യ നാഗ്പാല്‍, സെര്‍ബിയക്കാരികളായ തെയാ ക്ലിന്‍കോവ്, മിലിക്‌സ മിസ്‌കോവിച്, മോണിക്ക ഡിസ്ടാരെവിച്.

ഇക്കഴിഞ്ഞ ദിവസം മോഹന്‍ജിയുടെ പിറന്നാളായിരുന്നു. അതുമായി ബന്ധപെട്ടു കേരളത്തിലെ വിവിധ ജില്ലകളില്‍ പലവ്യഞ്ജന സാധനങ്ങള്‍, വസ്ത്രം, പാലിയേറ്റീവ് കെയറുമായി ബന്ധപെട്ടു കിടപ്പുരോഗികള്‍ക്കാവശ്യമായ സാധനങ്ങള്‍ മുതലായവ വിതരണം ചെയ്തു വരുന്നു. അതിന്റെ ഭാഗമായി തിരുവനന്തപുരത്തു ശ്രീമതി ഭാവനയുടെ നേതൃത്വത്തില്‍ ഭര്‍ത്താവായ ശ്രീജിത്തിനൊപ്പം ഇന്നലെ ചില നന്മയുള്ള പ്രവര്‍ത്തികളുടെ ഭാഗമാകാന്‍ കഴിഞ്ഞു.

കൂടുതല്‍ മനുഷ്യരുമായി ഇടപെടുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്, ഭൂമിയില്‍ ഉത്തരങ്ങളില്ലാത്ത, പരിഹാരങ്ങള്‍ കണ്ടെത്താനാവാതെ പ്രശ്‌നങ്ങളില്‍ കുടുങ്ങി കിടക്കുന്നവരായി ധാരാളം മനുഷ്യ ജീവനുകള്‍ ഉണ്ട്. അവര്‍ക്കു സഹജീവികളായ നമ്മുടെ ആവശ്യമുണ്ട്. അവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അവര്‍ക്കു ചെറുതും, താല്‍ക്കാലികമായിട്ടെങ്കിലും മുന്നോട്ടു പോവാനായി നമ്മുടെ ചെറിയ ചെറിയ സഹായങ്ങള്‍ ഉപകരിക്കും. കഴിവിനൊത്തു സഹായിക്കുക. ദൈവത്തിന്റെ കണക്കുപുസ്തകത്തില്‍ അത് രേഖപെടുത്തും. മോഹന്‍ജിക്കും, സഹപ്രവര്‍ത്തകര്‍ക്കും, അമ്മുകെയറിനും നന്മകള്‍ നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.’

shortlink

Post Your Comments


Back to top button