Latest NewsNEWSSocial Media

സിനിമ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കിയ ഭീഷ്മപര്‍വ്വം സിനിമയ്ക്ക് ആശംസകളേകി സോഹന്‍ സീനുലാല്‍

ഒരു ചലച്ചിത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം സിനിമ എന്ന തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മുഴുവനായി ആസ്വദിക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുന്നു എന്നും ഏറെ നാളുകള്‍ക്ക് ശേഷമുള്ള നിറഞ്ഞ സീറ്റുകള്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍. അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വം’ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ. മമ്മൂട്ടി എന്ന നടനിലും അമല്‍ നീരദ് എന്ന സംവിധായകനിലും ജനം നല്‍കിയിരിക്കുന്ന വിശ്വാസം കൂടിയാണ് ഈ തിരക്ക് എന്നാണ് അദ്ദേഹം കുറിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

100 % ആളുകളെ കയറ്റി സിനിമ പ്രദര്‍ശ്ശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചതിനു പിന്നാലെയാണ് ഭീഷ്മപര്‍വ്വം എന്ന സിനിമ റിലീസ് ആകുന്നത് . വളരെ ബുദ്ധിമുട്ടിയാണ് ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് സംഘടിപ്പിച്ചത് . ടിക്കറ്റുമായി തീയറ്ററിന്റെ അകത്തേക്ക് പ്രവേശിച്ചപ്പോള്‍ കണ്ട കാഴ്ച്ച എന്നെ കോരിത്തരിപ്പിക്കുന്നതായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണീ കാഴ്ച്ച കാണുന്നത് , സ്‌ക്രീനിന്റെ മുന്‍വശത്തെ സീറ്റ് മുതല്‍ ഏറ്റവും പിന്നിലെ സീറ്റ് വരെ നിറഞ്ഞുനില്‍ക്കുന്ന ജന സാഗരം . ഒരു ചലച്ചിത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം സിനിമ എന്ന തീയേറ്റര്‍ എക്‌സ്പീരിയന്‍സ് മുഴുവനായി ആസ്വദിക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുന്നു. ആവേശം അലതല്ലി നില്‍ക്കുന്ന അന്തരീക്ഷം.

മമ്മൂട്ടി എന്ന നടനിലും അമല്‍ നീരദ് എന്ന സംവിധായകനിലും ജനം നല്‍കിയിരിക്കുന്ന വിശ്വാസം കൂടിയാണ് ഈ തിരക്ക്. തിരശ്ശീല മെല്ലെ ഉയര്‍ന്നു. സിനിമ തുടങ്ങി. കരഘോഷങ്ങളും ആര്‍പ്പുവിളികളും …. മമ്മുക്കയുടെ ഓരോ പഞ്ച് സംഭാഷണങ്ങള്‍ക്കും കൈയടി .. കൂടാതെ തങ്ങളുടെ ഇഷ്ടതാരങ്ങളെ സ്‌ക്രീനില്‍ ആദ്യമായി കാണിക്കുമ്പോള്‍ അവരോടുള്ള സ്‌നേഹപ്രകടനത്തിന്റെ കൈയടി …. അടിക്ക് കൈയടി .. ഇടിക്ക് കൈയടി …. ചിരിക്ക് കൈയടി … നല്ലൊരു ഷോട്ട് കണ്ടാല്‍ ആ എഫര്‍ട്ടിന് കൈയടി .. ഈ കൈയടികള്‍ മലയാളികള്‍ എത്രമാത്രം സിനിമയെ ഇഷ്ടപ്പെടുന്നു എന്നും സിനിമയെ, അതിന്റെ സാങ്കേതികത്വത്തെ മനസ്സിലാക്കിയിരിക്കുന്നു എന്നതിന്റെ ഒക്കെ തെളിവുകളാണ് .

നമുക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതിയ ആ സുവര്‍ണ്ണ നാളുകള്‍ തിരിച്ച് ലഭിച്ചിരിക്കുകയാണ്. ഒരു കാന്തിക വലയമുണ്ട് തിയറ്ററിനുള്ളില്‍ … ഓരോ ഇമോഷനുകളും ആ വലയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓരോ കാണിയേയും ചുറ്റി തിയറ്ററിനുള്ളില്‍ നിറയുന്നത് പലപ്പോഴും നാം അറിയാതെ സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. കഴിവുള്ള ചലച്ചിത്രകാരന്മാര്‍ നെയ്തെടുക്കുന്ന ആ വലയത്തില്‍ നാം അറിയാതെ കരയും, ചിരിക്കും, കൈയടിക്കും …. അത്തരത്തില്‍ സിനിമ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കിയ ഭീഷ്മപര്‍വ്വം സിനിമയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നതിനോടൊപ്പം മലയാള സിനിമകളെല്ലാം തന്നെ ഇത്തരത്തില്‍ നിറഞ്ഞ സദസ്സില്‍ ഇരുന്ന് കാണാനുള്ള അവസരം സിനിമാസ്വാദകര്‍ക്ക് എന്നും ലഭിക്കട്ടെ എന്നും ആശംസിക്കുന്നു.’

shortlink

Related Articles

Post Your Comments


Back to top button