Film ArticlesGeneralLatest NewsMollywoodNEWS

ഭാവന പൊതുവേദിയിൽ, രഞ്ജിത്തിന്റെ ‘മലക്കം മറിച്ചിൽ’: ഇടതുപക്ഷം തെറ്റ് തിരുത്തുന്നതോ

ദിലീപിനെ കാണാന്‍ പ്ലാന്‍ ചെയ്ത് പോയതല്ലെന്ന വിശദീകരണവുമായി രഞ്ജിത്ത്

അഞ്ചു വർഷത്തിനു മുൻപ് കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട വാർത്ത ഇന്നും ചാനലുകളുടെ അന്തിചർച്ചയിൽ സജീവമാണ്. കേസിൽ പ്രതിചേർക്കപ്പെട്ട ദിലീപിനെ ന്യായീകരിച്ചും വിമർശിച്ചും സിനിമാ സാംസ്കാരിക മേഖലയിലെ നിരവധിയാളുകളെ പങ്കെടുപ്പിച്ചു നടത്തുന്ന ചർച്ചകൾക്ക് ഇന്നും മുടക്കമില്ല. അഞ്ചു വർഷങ്ങൾക്ക് ശേഷം കേസ് അട്ടിമറിക്കാൻ, അന്വേഷണ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ചാനൽ ചർച്ചകൾക്ക് വീണ്ടും കരുത്തേകി.

ഇരുപത്തിയാറാമത് അന്താരാഷ്‌ട്ര ചലചിത്രോത്സവ ഉത്ഘാടന ചടങ്ങിൽ അതിഥിയായി ഭാവന എത്തിയത് സിനിമാ ആസ്വാദകരെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ചിലർ വരുമ്പോൾ ചരിത്രം പോലും വഴിമാറുമെന്ന പരസ്യവാചകമാണ് ഭാവനയുടെ പൊതുവേദിയിലെ ചിത്രം ഓർമ്മപ്പെടുത്തിയത്. അതിനു കാരണം, ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്ന സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത് സംവിധായകൻ രഞ്ജിത് ആണതാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ജയിൽ കഴിഞ്ഞ ദിലീപിനെ സന്ദർശിച്ച രഞ്ജിത് പൊതുവേദിയിൽ ഭാവനയ്‌ക്കൊപ്പം എന്ന് പ്രഖ്യാപിച്ചതിലെ നയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതും.

read also: അവർക്ക് ഒന്ന് പുറത്തേക്ക് വരാനുള്ള ധൈര്യം നല്‍കുകയല്ലേ വേണ്ടത് എന്നാണ് ചിന്തിച്ചത്: രഞ്‌ജിത്ത്‌

സംവിധായകൻ രഞ്ജിത്ത് ഭാവനയ്ക്ക് നൽകിയ ആമുഖം ‘മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.’ എന്നായിരുന്നു. നിറഞ്ഞ കയ്യടികളോടെ വേദിയിലേക്ക് ഭാവന സ്വാഗതം ചെയ്യപ്പെട്ടപ്പോൾ തകർന്നത് ചില ആൺ അഹന്തകൾ തന്നെയായിരുന്നു. അധികാര ഗർവ്വുകൾക്കിടയിൽ ഇത്രയും കാലം മൗനമായി നിന്ന് പോരാടിയ പെൺ കരുത്തിനു മുന്നിൽ തകരുന്ന പുരുഷാധിപത്യമെന്നൊക്കെ പലരും സോഷ്യൽ മീഡിയയിൽ ഭാവനയുടെ ചിത്രത്തിനൊപ്പം പങ്കുവയ്ക്കുന്നത് അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പഴയ നിലപാടുകളെ ചൂണ്ടികാണിക്കുന്നതാണ്..

2017 ൽ ഉത്രാട ദിനത്തിൽ നടൻ സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് രഞ്ജിത്  ജയിലിൽ എത്തി ദിലീപിനെ കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നു തുടങ്ങിയതിനു പിന്നാലെ ദിലീപിനെ കാണാന്‍ പ്ലാന്‍ ചെയ്ത് പോയതല്ലെന്ന വിശദീകരണവുമായി രഞ്ജിത്ത് എത്തിക്കഴിഞ്ഞു. ‘ദിലീപിനെ എവിടെയും താന്‍ ന്യായീകരിച്ചിട്ടില്ല. അന്ന് ജയിലില്‍ പത്ത് മിനിറ്റ് നേരമാണ് ചിലവഴിച്ചത്. കൂടുതല്‍ സംസാരിച്ചത് സൂപ്രണ്ടിനോടായിരുന്നു’-വെന്നു രഞ്ജിത് ഇപ്പോൾ മലക്കം മറിയുന്നതിന് പിന്നിൽ ഇടതുപക്ഷം തന്നെയല്ലേ.

നടി ആക്രമിക്കപ്പെടുമ്പോഴും ജയിലിൽ ദിലീപിനെ കാണാൻ പോകുമ്പോഴും ഒരു സിനിമാ സംവിധായകൻ മാത്രമായിരുന്നു രഞ്ജിത്. എന്നാൽ ഇപ്പോൾ ഇടതുപക്ഷ ഭരണ സമിതിൽ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്ന ഒരു വ്യക്തിയായി രഞ്ജിത് മാറിക്കഴിഞ്ഞു. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നോ ഈ കഥ ഇങ്ങനെ പരിണമിക്കുമെന്നോ നിശ്ചയമില്ലായിരുന്ന, അധികാരമുള്ളവർക്കൊപ്പം നിൽക്കേണ്ടി വരുന്നതിൻ്റെ അവസ്ഥയാണ് രഞ്ജിത്തിന്റെ പുതിയ വിശദീകരണത്തിൽ കാണാൻ കഴിയുക. വേണമെങ്കിൽ ഇതിനെ ന്യായീകരണ തള്ളി മറിക്കൽ എന്നും പറയാം.

വാദങ്ങളും പ്രതിവാദങ്ങളും വലിയ രീതിയിൽ ഉയർന്നുവന്നിരുന്ന കാലത്ത് മലയാള മാധ്യമങ്ങൾക്ക് മുന്നിൽ നിശബ്ദയായിരുന്ന ഭാവന വനിതാ ദിനത്തിൽ താൻ ഇരയല്ല, അതിജീവിതയാണെന്ന് തുറന്നു പറഞ്ഞു രംഗത്തെത്തിയത് വലിയ ചർച്ചയായി. ഭാവന കേരളത്തിലെ സ്ത്രീകൾക്ക് റോൾ മോഡലെന്നാണ് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അഭിപ്രായപ്പെട്ടത്.

എന്തുതന്നെയായാലും, ചില പോരാട്ടങ്ങൾ അടയാളപ്പെടുത്തേണ്ടത് തന്നെയാണ്. തന്റേതല്ലാത്ത തെറ്റുകളുടെ ഭാരവുമേന്തി ഒളിച്ചോടേണ്ടി വന്ന ഒരായിരം പെണ്‍മുഖങ്ങളുടെ കരുത്തും തിരിച്ചുവരവാണ് ഭാവന. ഇന്നലെ ഭാവനയ്ക്കായി മുഴങ്ങിയ ഓരോ കയ്യടികളും ഓര്‍മ്മിപ്പിക്കുന്നത് ചിലപ്പോൾ നീതിയുടെ മുഖം ഇങ്ങനെയും ആകാമെന്നുമാത്രം!

shortlink

Related Articles

Post Your Comments


Back to top button