CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

വിനായകൻ പറഞ്ഞത് സദാചാരത്തിന്റെ ചങ്ങലകെട്ടി വളർത്താത്ത സ്വാഭാവിക സംഭാഷണത്തെക്കുറിച്ച്: പിന്തുണയുമായി സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: സിനിമ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെയും, നടനെ പിന്തുണച്ചും രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ, ഈ വിഷയത്തിൽ വിനായകനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ.

വിനായകൻ പറഞ്ഞത് സദാചാരത്തിന്റെ ചങ്ങലകെട്ടി വളർത്താത്ത സ്വാഭാവിക സംഭാഷണത്തെക്കുറിച്ചാണെന്നും ഒരു സ്ത്രീയോട് ലൈംഗിക ആകർഷണം തോന്നിയാൽ അത് എങ്ങനെ പ്രകടിപ്പിക്കും എന്നതാണ് അയാൾ ചോദിച്ചതെന്നും സനൽ കുമാർ പറയുന്നു. ഇക്കാര്യം, ചേഷ്ടകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും പ്രകടിപ്പിക്കുന്നതിനേക്കാൾ നല്ലത് വാക്കുകൾ കൊണ്ട് ആകുന്നതല്ലേ എന്നാണ് വിനായകൻ ചോദിച്ചതെന്നും സനൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പ്രണയത്തിൽ ഉള്ള ആകർഷണം മാത്രമേ സ്ത്രീ പുരുഷബന്ധങ്ങളിൽ ഉണ്ടാകാവൂ എന്ന് നിർബന്ധം പിടിക്കുന്നത് കാപട്യമാണെന്നും അപരന്റെ ഇടങ്ങളിൽ അതിക്രമിച്ചുകടക്കരുത് എന്ന സാമാന്യനീതി മാത്രമാണ് ആൺപെൺ ഇടപാടുകളിലും ഗുണകരമായ നീതിയെന്നും സനൽ കുമാർ പറയുന്നു.

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഈയമ്മമാര് രണ്ടുപേരുമാണ് മലയാള സിനിമയിലെ പെൺപോരാട്ടത്തിന്റെ മുൻനിര മാതൃകകൾ: മഞ്ജുവിനും നവ്യയ്ക്കുമെതിരെ സംഗീത
സ്ത്രീയും പുരുഷനും രണ്ട് വർഗങ്ങളാണ് എന്നപോലെയാണ് നമ്മുടെ സമൂഹം മനുഷ്യജീവിയെ സമീപിക്കുന്നത്. ഒരു ജീവിവർഗത്തിന്റെ പ്രജനനോപാധി എന്നനിലയിലല്ലെങ്കിൽ ആണും പെണ്ണും എന്ന വേർതിരിവുപോലും പക്ഷെ നമ്മളിൽ ഇല്ല എന്നതാണ് സത്യം. ശരീരം കൊണ്ടും മനസ്സുകൊണ്ടും ആണും പെണ്ണും ആണിന്റെയും പെണ്ണിന്റെയും സാധ്യതകൾ പേറുന്നുണ്ട്. ഒന്നോ രണ്ടോ രാസസ്രവങ്ങളുടെ ബാലൻസ് തെറ്റിയാൽ ആണിൽ പെണ്ണും പെണ്ണിൽ ആണും തെളിയുന്ന മട്ടിലുള്ള ഞാണിന്മേൽ കളിയാണ് ഈ വർഗവേർതിരിവ്‌ എന്നത് ആരെങ്കിലും ഓർക്കുന്നുണ്ടോ എന്തോ!

പ്രജനനോപാധിക്കായി ഒരേ സ്വത്വത്തിൽ വേർതിരിവുണ്ടാക്കുന്ന ഈ രാസസ്രവങ്ങൾ ഉണ്ടാകുന്നത് ആരും ആലോചിച്ചുറപ്പിച്ചിട്ടല്ല. ആൺ പെൺ വേർതിരിവുകൾ ഉണ്ടാക്കിയ ശേഷം അത് മിണ്ടാതിരിക്കുന്നുമില്ല. ആണിനേയും പെണ്ണിനേയും പരസ്പരം സദാ വലിച്ചടുപ്പിച്ചുകൊണ്ടിരിക്കുന്ന അദൃശ്യകാന്തവും അതുതന്നെയാണ്. സദാചാരത്തിന്റെ ചങ്ങലകെട്ടി സമൂഹം വളർത്തുന്ന ബോൺസായ് മരങ്ങളായതുകൊണ്ടാണ് സ്വാഭാവികമായ ആൺപെൺ ബന്ധങ്ങൾ മനുഷ്യരിൽ ഉണ്ടാകാത്തത്. പെണ്ണിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു സംരക്ഷിതജീവിവർഗത്തെയെന്നപോലെ സമീപിക്കണം എന്ന ആൺബോധവും ഈ കാപട്യത്തിന്റെ സന്തതിയാണ്. അപരന്റെ ഇടങ്ങളിൽ അതിക്രമിച്ചുകടക്കരുത് എന്ന സാമാന്യനീതി മാത്രമാണ് ആൺപെൺ ഇടപാടുകളിലും ഗുണകരമായ നീതി. അപ്പോൾ മാത്രമെ ജൈവികമായ വിനിമയങ്ങൾ സ്വാഭാവികമായി സംഭവിക്കുകയുള്ളൂ.

‘നിനക്കൊക്കെ വെഷമം കേറുമ്പോൾ കൂടെ കിടക്കാമോ എന്ന് ചോദിച്ചു നടക്കാവുന്നവരല്ല ഇന്നാട്ടിലെ സ്ത്രീകൾ’: കുറിപ്പ്

വിനായകൻ പറഞ്ഞത് സദാചാരത്തിന്റെ ചങ്ങലകെട്ടി വളർത്താത്ത സ്വാഭാവിക സംഭാഷണത്തെക്കുറിച്ചാണ്. ലൈംഗീകതയും തുറന്ന സംഭാഷണം ആവശ്യപ്പെടുന്ന ഒരു വിനിമയമാണെന്നാണ്. അയാൾ ചോദിച്ചത് ഒരു സ്ത്രീയോട് ലൈംഗീക ആകർഷണം തോന്നിയാൽ അത് എങ്ങനെ പ്രകടിപ്പിക്കും? എന്നതാണ്. അത് പ്രകടിപ്പിക്കുന്നത് ചേഷ്ടകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ആകുന്നതെക്കാൾ അഭികാമ്യവും വാക്കുകൾ കൊണ്ട് ആകുന്നത് തന്നെയല്ലേ? എന്നാണ്.

എന്ത് വാക്കുകൾ ഉപയോഗിക്കുന്നു എങ്ങനെ പറയുന്നു എന്നത് ഓരോരോ മനുഷ്യരിലും ഓരോരോ തരത്തിലായിരിക്കും. “തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ
തിരുവില്വാമലയിൽ നേദിച്ചു കൊണ്ടുവരും
ഇളനീർക്കുടമിന്നുടയ്‌ക്കും ഞാൻ”
എന്ന വാക്കുകൾ ആണെങ്കിൽ കുഴപ്പമില്ല, മുറിയിലോട്ട് വരുന്നോ? എന്ന് ചോദിക്കുന്നത് മഹാ അപരാധമാണ് എന്ന് പറയുന്നത് കാപട്യമാണ്. അങ്ങനെ ഒരു പൊതുബോധം ഉണ്ടാക്കിവെച്ചിരിക്കുന്നതുകൊണ്ടാണ് തിങ്കളാഴ്ച നൊയമ്പും ഇളനീർക്കുടവും വഴങ്ങാത്ത ആൺമനുഷ്യരുടെ ഉള്ളിൽ വെളിപ്പെടുത്താത്ത ആകർഷണം കെട്ടിക്കിടന്ന് ചീയുന്നത്. തക്കം കിട്ടുമ്പോൾ ആൺപൂച്ചകളെപ്പോലെ അവർ പെണ്ണിനുമേൽ ചാടിവീഴുന്നത്. വിനായകൻറെ കരണത്തടിക്കാൻ ഇറങ്ങിത്തിരിക്കുന്ന ആൺപൂച്ചകൾ ഉള്ളിൽ കെട്ടിക്കിടക്കുന്ന ചീഞ്ഞ ആകർഷണങ്ങളെ കൺതുറന്നു കാണണം.

3000 സ്ത്രീകളുമായി രമിച്ചതിന്റെ ആഘോഷം സംഘടിപ്പിച്ച സിനിമാ താരം എത്ര കുലീനൻ, യാചിച്ചു നേടിയ പത്ത് സാരമില്ല കുലീനരേ

ആൺകുയിൽ പാടുന്നതും ആണ്മയിൽ ആടുന്നതും ആകർഷണത്തിന്റെ പ്രകടനമാണ്. ആൺമനുഷ്യനും ആകർഷണം വെളിവാക്കാൻ ചിലപ്പോൾ ആടുകയും പാടുകയും കവിതയെഴുതുകയും കഥപറയുകയും ചിത്രം വരയ്ക്കുകയും അഭിനയിക്കുകയും ചെയ്യും. മനോഹരമായ ഇത്തരം വളഞ്ഞവഴികളിൽ പ്രാവീണ്യമില്ലാത്തവർ അവരുടെ ഭാഷയിൽ ഇംഗിതം വ്യക്തമാക്കുന്നതിൽ തെറ്റൊന്നുമില്ല. വിനായകൻ മറ്റൊരു കാര്യംകൂടി പറഞ്ഞു. “ഇന്നും നടക്കുന്നത് സ്വയംവരമാണ്. പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല” എന്നാണത്. അതാണ് പ്രകൃതിയിലെ ഭംഗി. അതിനെയാണ് ഉയർത്തിപ്പിടിക്കേണ്ടത്. ആൺമനുഷ്യരെ ആൺപൂച്ചകളാക്കുന്ന സദാചാരകാപട്യം തിരിച്ചറിയണം. ആൺപൂച്ചകൾ സംസാരിക്കാറില്ല ഒളിഞ്ഞിരുന്ന് ചാടിവീഴുകയെ ഉള്ളു. അതാണ് ആണിനെയും പെണ്ണിനേയും എക്കാലത്തും ശത്രുക്കളായി നിർത്തുന്ന തന്ത്രം.

പ്രണയത്തിൽ ഉള്ള ആകർഷണം മാത്രമേ സ്ത്രീ പുരുഷബന്ധങ്ങളിൽ ഉണ്ടാകാവൂ എന്ന് നിർബന്ധം പിടിക്കുന്നതും കാപട്യമാണ്. ഒട്ടുമിക്ക ദാമ്പത്യ ബന്ധങ്ങളിലും പ്രണയം ഒരുകാലത്തിനപ്പുറം നീണ്ടുനിൽക്കാറില്ല. അതുകൊണ്ടുതന്നെ ദാമ്പത്യബാഹ്യമായ ആകർഷണങ്ങൾ ഉണ്ടാകുകയും ചെയ്യും. അത് അസ്വാഭാവികമാണെന്നും അപരാധമാണെന്നുമുള്ള ബോധം അവയെക്കുറിച്ചുള്ള തുറന്ന സംവാദങ്ങൾ ഇല്ലാതാക്കുകയും കുഴിച്ചിട്ട ശവങ്ങൾ പോലെ ഉള്ളിൽ പുഴുത്തുനാറുകയും ചെയ്യും. കാപട്യത്തിന്റെ നിറകുടമാണ് നമ്മൾ. നിറകുടം തുളുമ്പാത്തതുകൊണ്ട് തട്ടിമുട്ടി കടന്നുപോകുന്നു എന്നേയുള്ളു. ഒരു കാറ്റുവന്നാൽ പക്ഷെ കഥമാറി.

shortlink

Related Articles

Post Your Comments


Back to top button