InterviewsLatest NewsNEWS

‘മതാചാരപ്രകാരം വിവാഹം നടത്തിയിട്ടില്ല, രജിസ്റ്റർ ചെയ്ത ശേഷം അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിച്ചു’: മനോജ് കുമാർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബീന ആന്റണിയും, മനോജ് കുമാറും. താൻ എങ്ങനെയാണ് ബീന ആന്റണിയെ പരിചയപ്പെട്ടതും പ്രണയിച്ചതുമെന്ന് മനോജ് കുമാർ തുറന്ന് പറയുകയാണ് കൈരളി ടിവിയിൽ ഭാ​ഗ്യലക്ഷ്മി അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ അതിഥികളായി എത്തിയപ്പോൾ. മുംബൈയിലെ ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് തങ്ങൾ ആദ്യമായി പരിചയപ്പെട്ടതെന്നാണ് താരം പറയുന്നത്.

മനോജിന്റെ വാക്കുകൾ :

ബീന സിനിമകളും സീരിയലുകളും ചെയ്യുന്നുണ്ട്. ഞാൻ‌ സ്റ്റേജ് പ്രോ​ഗ്രാമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ മുംബൈയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോയപ്പോൾ ബീനയും ഒപ്പമുണ്ടായിരുന്നു. അന്ന് രണ്ട് കലാകാരന്മാർ പരിചയപ്പെടുന്നപോലെ വളരെ നോർമലായി പരിചയപ്പെട്ടു. പിന്നെ തിരികെ നാട്ടിലേക്ക് പോയി. ശേഷം കാണുന്നത് ടിനി ടോമിന്റെ വിവാഹത്തിനാണ്. അതിന് മുമ്പ് എന്റെ സുഹൃത്ത് ഒരു പണിയൊപ്പിച്ചു. എന്നോട് അവൻ ബീനയെ ഒരു പരിപാടിക്ക് അതിഥിയായി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. പ്രതിഫലം ഒന്നും ബീനയ്ക്ക് കൊടുക്കാനില്ലായിരുന്നു. അതിനാൽ കൂട്ടുകാരൻ നിർബന്ധിച്ചപ്പോഴും എനിക്കത് വിളിക്കാനോ ബീനയോട് ഇക്കാര്യം പറയാനോ തോന്നിയില്ല. അങ്ങനെ ടിനി ടോമിന്റെ കല്യാണ ദിവസം വന്നു. ഞാനും നേരത്തെ ഞാൻ പറഞ്ഞ സുഹൃത്തും ചേർന്നാണ് കല്യാണത്തിന് പോയത്. അവിടെ വെച്ച് ബീനയുമായി സംസാരിച്ചു. പിന്നെ കൂട്ടുകാരൻ നിർബന്ധിപ്പിച്ചപ്പോൾ‌ പ്രതിഫലം ഇല്ലാത്ത പരിപാടിയെ കുറിച്ച് പറഞ്ഞു.

ഞാൻ പറഞ്ഞ് മുഴുവിക്കും മുമ്പ് വരാമെന്ന് ബീന സമ്മതിച്ചു. എനിക്കും അത്ഭുതമായി. പിന്നെ പരിപാടി നടക്കുന്ന ദിവസം ബീനയുടോ കോൾ വന്നു. പനിയും അവശതയുമാണ് വരാൻ കഴിയില്ലെന്ന് പറഞ്ഞു. പിന്നെ ഞാൻ‌ നിർബന്ധിച്ചപ്പോൾ വരാമെന്ന് സമ്മതിച്ചു. അങ്ങനെ ഞാൻ തന്നെ ബീനയെ കൂട്ടികൊണ്ട് വന്നു. പരിപാടിക്കായി വരും വഴി ബീന ഛർദ്ദിച്ച് അവശയായി. ഉടൻ ‍ഞാൻ പരിചയമുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി മരുന്ന് വാങ്ങി കൊടുത്തു. ശേഷം എന്റെ വീട്ടിൽ‌ വിശ്രമിക്കാൻ സൗകര്യം ഒരുക്കി. രോ​ഗിയായിട്ടാണ് ബീന ആദ്യം എന്റെ വീട്ടിലേക്ക് വന്നത്. സീരിയലുകളിൽ അഭിനയിച്ചിട്ടുള്ളതിനാൽ വീട്ടുകാർ വേ​ഗം ബീനയുമായി സൗഹൃദത്തിലായി.

ആ സംഭവത്തിന് ശേഷം ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. ദിവസവും മണിക്കൂറുകളോളം സംസാരിക്കാൻ തുടങ്ങി. എല്ലാ ദിവസവും വിളിച്ച് എല്ലാ കാര്യങ്ങളും പരസ്പരം പറയും. അങ്ങനെ കുറേ നാൾ പിന്നിട്ടപ്പോൾ ദീർഘ സമയമായുള്ള വിളികൾ ശരിയല്ലെന്ന് ഞങ്ങൾ തന്നെ തോന്നി തുടങ്ങി. അങ്ങനെ അതിന് ഫുൾ സ്റ്റോപ്പിട്ടു. പക്ഷെ വിളിക്കാതിരിക്കാൻ ഞങ്ങൾക്ക് ആകുമായിരുന്നില്ല. ശേഷം പ്രണയം പറഞ്ഞ് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹം രജിസ്റ്റർ ഓഫീസിൽ വീട്ടുകാരുടെ സാന്നിധ്യത്തിലാണ് നടന്നത്. ഒരു മതാചാരപ്രകാരവും വിവാഹം നടത്തിയിട്ടില്ല. വിവാഹം രജിസ്റ്റർ ചെയ്ത ശേഷം അമ്പലത്തിലും പള്ളിയിലും പോയി പ്രാർഥിച്ചു അത്രമാത്രം.

 

shortlink

Related Articles

Post Your Comments


Back to top button