CinemaGeneralIndian CinemaLatest NewsMollywood

‘ബറോസി’ന്റെ സെറ്റ് ഒരു അനുഭവമാണ്, സംഭവം ​ഗംഭീരം: ഇന്നസെന്റ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സൂപ്പർ താരം മോഹൻലാൽ ഇപ്പോൾ, സംവിധാന സംരംഭത്തിന്റെ തിരക്കിലാണ്. നാൽപത് വർഷത്തിന് മുകളിലായി സിനിമയിൽ സജീവമാണെങ്കിലും സംവിധായകന്റെ കുപ്പായം അണിയുന്നത് ഇതാദ്യമാണ്. അഭിനേതാവ്, നിർമാതാവ്, ​ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രിയ നടൻ ശോഭിച്ചിട്ടുണ്ട്. 2021-ൽ ആണ് മോഹൽ ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബാറോസ്: ഗാർഡിയൻ ഓഫ് ഡിഗാമാസ് ട്രഷർ’ എന്ന സിനിമയുടെ അണിയറപ്രവർത്തനങ്ങൾ ആരംഭിച്ചത്. ത്രിമാന ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തുന്നത്. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ഷൂട്ടിങും മറ്റും പുരോ​ഗമിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഇപ്പോളിതാ, ‘ബറോസി’ന്റെ സെറ്റിൽ പോയ അനുഭവം പങ്കുവയ്ക്കുകയാണ് നടൻ ഇന്നസെന്റ്. മോഹൻലാൽ എങ്ങനെയാണ് സംവിധാനം ചെയ്യുന്നത് എന്നൊക്കെ അറിയാനും കാര്യങ്ങൾ നോക്കാനും വേണ്ടിയാണ് പോയതെന്നാണ് ഇന്നസെന്റ് പറയുന്നത്. സെറ്റിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് ലാൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നസെന്റിന്റെ വാക്കുകൾ:

ഞാൻ സെറ്റിലെത്തുമ്പോൾ നിധി കാക്കുന്ന ഭൂതമായി മേക്കപ്പൊക്കെയിട്ട് മനോഹരമായ താടിയൊക്കെ വെച്ചിരിക്കുകയായിരുന്നു മോഹൻലാൽ. അദ്ദേഹം എഴുന്നേറ്റ് വന്ന് എന്നെ സ്വീകരിച്ചു. ഞാൻ മാത്രമാണ് വന്നതെന്നും മറ്റാരും ഇതുവഴി വന്നില്ലെന്നും പറഞ്ഞു. മോഹൻലാലിന് സിനിമയുടെ സെറ്റിൽ ആരെങ്കിലും വരുന്നതും കാര്യങ്ങൾ അന്വേഷിക്കുന്നതും ഇഷ്ടമാണ്. ഇതൊന്നും മോഹൻലാലിന് ഇഷ്ടമാവില്ലെന്നാണ് പലരുടേയും വിചാരം.

അദ്ദേഹം എന്നെ നവോദയ സ്റ്റുഡിയോയുടെ അകത്തേക്ക് കൊണ്ടുപോയി, ഷൂട്ടിങും എടുത്ത വീഡിയോകളുമൊക്കെ കാണിച്ചു. സെറ്റുകളുമെല്ലാം കാണിച്ചു. കാമറമാൻ സന്തോഷ് ശിവൻ അടക്കം എല്ലാവരും ഉണ്ടായിരുന്നു. സായിപ്പന്മാരും മദമ്മമാരും ആയി നിരവധിപ്പേരുണ്ടായിരുന്നു. അവർ അഭിനേതാക്കളാണ്. മലയാള നടീ നടന്മാർ ഉണ്ടായിരുന്നില്ല. പിന്നീട്, മോഹൻലാൽ ത്രീഡി കണ്ണട തന്നു. അത് വച്ച് ചിത്രത്തിലെ പാട്ട് സീനെല്ലാം കണ്ടു. ത്രീഡി സിനിമകൾ മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും ത്രീഡി കണ്ണടവെച്ച് ഞാൻ അത് കണ്ടിട്ടില്ല. എനിക്കിത് ആദ്യത്തെ അനുഭവമായിരുന്നു.

എല്ലാം കണ്ടശേഷം ലാൽ അഭിപ്രായം ചോദിച്ചു. ഇത് ഒരു പടമാട്ടോ, ഭയങ്കരമായിരിക്കും എന്ന് ഞാൻ മറുപടി കൊടുത്തു. ​ഗംഭീര ത്രീഡിയാണ്. ചിത്രം ഒരു വലിയ സംഭവമായിരിക്കും. ഓടുമോ ഓടില്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. ഞാൻ മലയാളത്തിൽ മാത്രമല്ല എവിടേയും ഇങ്ങനൊരു സിനിമ കണ്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button