CinemaGeneralIndian CinemaLatest NewsMollywood

‘അമ്മ‘ ഐസിസിയിൽ നിന്നുള്ള രാജി ആഭ്യന്തര കാര്യം, തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കരുത്: ശ്വേത മേനോൻ

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി ലൈം​ഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ താരസംഘടനയായ ‘അമ്മ‘ സ്വീകരിച്ച നിലപാടുകൾ ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് ‘അമ്മ‘യുടെ ആഭ്യന്തര പരാതി സെൽ അധ്യക്ഷ സ്ഥാനത്ത് നിന്നും നടി ശ്വേത മേനോൻ രാജി വച്ചിരുന്നു. ഇപ്പോളിതാ, തന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയാണ് ശ്വേത. താൻ രാജിവെച്ചതുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാജ വാർത്തകൾ കെട്ടിച്ചമച്ചുവെന്നും, ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ ഇടമുള്ള ഒരു സംഘടനയാണ് ‘അമ്മ’യെന്നും തങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അത് അങ്ങനെ തന്നെ നിലനിർത്താനാണ് ഉദ്ദേശിക്കുന്നതെന്നും ശ്വേത വ്യക്തമാക്കി. തന്റെ രാജി തീർത്തും ആഭ്യന്തരമായ വിഷയമാണെന്നും അതിൽ തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കരുതെന്നും അവർ കുറിച്ചു.

‘തന്നെ കുറിച്ച് മാത്രമല്ല വ്യാജ വാർത്തകൾ നൽകിയത്, സംഘടനയെ പറ്റിയും മോഹൻലാലിനെ പറ്റിയും താൻ അപകീർത്തി പരാമർശങ്ങൾ നടത്തി എന്ന തരത്തിലും ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ഞാൻ പറയാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞു എന്ന രീതിയിൽ വ്യാജ വാർത്തകൾ കൊടുക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷം എനിക്ക് ഇല്ലാത്തതിനാൽ ഞാൻ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ ഇടമുള്ള ഒരു സംഘടനയാണ് ‘അമ്മ’, ഞങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അത് അങ്ങനെ തന്നെ നിലനിർത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

ഐസിസിയിൽ നിന്നും രാജിവെച്ച് ഞാൻ എഴുതിയ കത്ത് പബ്ലിക് ഡൊമെയ്നിൽ ഇല്ല, അത് ‘അമ്മ’ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ മാത്രമാണ് ഉള്ളത്. പൊതു താൽപ്പര്യമുള്ള കാര്യങ്ങളിൽ പരസ്യമായി നിലപാട് അറിയിക്കാൻ ഞാൻ ഒരിക്കലും മടി കാണിച്ചിട്ടില്ല. എന്നാൽ, ഐസിസിയിൽ നിന്നുള്ള എന്റെ രാജി തികച്ചും ഒരു ‘ആഭ്യന്തര കാര്യം’ ആണ്, പൊതു താൽപ്പര്യമുള്ളതല്ല, അതിനാൽ ദയവായി തെറ്റായ വ്യാഖ്യാനങ്ങൾ ചേർക്കരുത്’, ശ്വേത മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button