GeneralLatest NewsMollywoodNEWS

ഓരോ നിമിഷവും തല്ലിക്കൊല്ലാനോ മോന്ത പിടിച്ച് റോട്ടിലൊരയ്ക്കാനോ തോന്നിപ്പിച്ചു: ശൈലന്റെ കുറിപ്പ്

ലവബിൾ ആയ ഒരു ഘട്ടവും ആ ക്യാരക്റ്ററിനില്ല എന്നോർക്കുക

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുഴു. റത്തീന സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേരിടുകയാണ്. ജനഗണമനയിൽ വെടിയുണ്ട പോലെ പ്രേക്ഷകന്റെ നെഞ്ചിലേക്ക് തൊടുത്തുവിട്ട ഇൻഡ്യൻ സാമൂഹികയാഥാർത്ഥ്യങ്ങളുടെ നെറികേടുകൾ, രണ്ടുമണിക്കൂർ നേരം ഒരു പുഴു ദേഹത്ത് കയറിയ ഇറിറ്റേഷനോടെ കേരളീയപശ്ചാത്തലത്തിൽ അനുഭവിപ്പിക്കുന്ന ചിത്രമാണ് പുഴുവെന്ന് ശൈലൻ.

READ ALSO: ജീവിതത്തിൽ അപ്രതീക്ഷിതമായി വീണുപോകുന്നവർക്ക് ശുഭാപ്തി വിശ്വാസം സമ്മാനിക്കുന്ന ‘മേരി ആവാസ് സുനോ’

കുറിപ്പ് പൂർണ്ണ രൂപം,

#പുഴു
ജനഗണമന”യിൽ വെടിയുണ്ട പോലെ പ്രേക്ഷകന്റെ നെഞ്ചിലേക്ക് തൊടുത്തുവിട്ട ഇൻഡ്യൻ സാമൂഹികയാഥാർത്ഥ്യങ്ങളുടെ നെറികെടുകൾ, രണ്ടുമണിക്കൂർ നേരം ഒരു പുഴു ദേഹത്ത് കയറിയ ഇറിറ്റേഷനോടെ കേരളീയപശ്ചാത്തലത്തിൽ അനുഭവിപ്പിക്കുന്നു സോണി ലിവിൽ റിലീസ് ചെയ്തിരിക്കുന്ന രതീന-മമ്മുട്ടിസിനിമ പുഴു..

ജാതിദുരഭിമാനവും അതുമായി ബന്ധപ്പെട്ട അധികാരബോധവും വീടിനുള്ളിലും കുടുംബത്തിലും സമൂഹത്തിലും എങ്ങനെയാണ് ടോക്സിക് ആയി പ്രവർത്തിക്കുന്നത് എന്ന് സിനിമ അതീവസൂക്ഷ്‌മമായി ചിത്രീകരിക്കുന്നു..

ഓരോ നിമിഷവും തല്ലിക്കൊല്ലാനോ മോന്ത പിടിച്ച് റോട്ടിലൊരയ്ക്കാനോ തോന്നിപ്പിക്കും വിധത്തിലുള്ള നെഗറ്റീവ് മാത്രമായ ഒരു കഥാപാത്രത്തിലേക്ക് തന്റെ താരശരീരത്തെ ചാവേർബോംബിനെപോലെ വിട്ടുകൊടുത്ത മമ്മൂട്ടി ശരിക്കും ഞെട്ടിച്ചു.

ലവബിൾ ആയ ഒരു ഘട്ടവും ആ ക്യാരക്റ്ററിനില്ല എന്നോർക്കുക.. എന്നാൽ complexities ആവോളം ഉണ്ട് താനും.. തനിക്ക് മാത്രം ശരിയെന്നും കാണുന്നവർക്കൊന്നും നീതീകരിക്കാനാവാത്തതുമായ വൈകാരികവിക്ഷോഭങ്ങൾ കൊണ്ട് തിളയ്ക്കുകയാണ് സിനിമയിലുടനീളം അയാൾ.. ആ തിള നമ്മളിലേക്ക് എത്തിക്കുക എന്നത് ചെറിയ കാര്യമല്ല.. ഇക്കയുടെ കരിയറിലെ തന്നെ ഏറ്റവും കാമ്പും കട്ടിയും ഉൾക്കനവും ഉള്ള ക്യാരക്റ്റർ ആയി ഞാനിതിനെ എണ്ണുന്നു..

അപ്പുണ്ണി ശശിയുടെയും വാസുദേവ് എന്ന കുട്ടിയുടെയും പെർഫോമൻസ് എടുത്തുപറയാൻ ഉണ്ട്.. ആർക്ക് വേണമെങ്കിലും ചെയ്യാവുന്ന ഒരു റോളിലേക്ക് പാർവതിയെ കാസ്റ്റ് ചെയ്തതിലും അവർ അത് ഏറ്റെടുത്തതിലും കൃത്യമായ പൊളിറ്റിക്സ് ഉണ്ട്..

കെജിഎഫ് പോലെയോ ജനഗണമന പോലെയോ തിയേറ്ററിന്റെ ഓളത്തിൽ കാണേണ്ട ഒരു സിനിമ അല്ല പുഴു. മാസിനെ ത്രസിപ്പിക്കുന്ന ഒന്നും തന്നെ അതിൽ ഇല്ല.. കൈകാര്യം ചെയ്യുന്ന വിഷയവും രാഷ്ട്രീയവും ആവശ്യപ്പെടുന്ന പേസ് ആണ് സിനിമയ്ക്കുള്ളത്. ഓടിടി റിലീസ് എന്നത് ബുദ്ധിപരമായ ഒരു തീരുമാനമായി..

അവസാനത്തെ 10-15മിനിറ്റിൽ എഴുത്തുകാർക്കും സംവിധായികയ്ക്കും കൗതുകവും ആവേശവും ഇച്ചിരി കൂടിപ്പോയി എന്നതാണ് സിനിമയുടെ നെഗറ്റീവ് ആയി തോന്നിയത്. അല്ലെങ്കിൽ പരിയേറും പെരുമാൾ പോലെയോ സൈരാത്ത് പോലെയോ ഗംഭീരമായി രേഖപ്പെടുമായിരുന്ന ഒരു സിനിമയായി പുഴു മാറുമായിരുന്നു..

#SHYLAN

shortlink

Related Articles

Post Your Comments


Back to top button