GeneralIndian CinemaLatest NewsMollywood

ആ അഞ്ച് മിനിറ്റിനുള്ളിൽ ഉണ്ടായ ടെൻഷനും ആകാംക്ഷയും എത്രത്തോളമെന്ന് പറയാൻ കഴിയില്ല: കെ ആർ കൃഷ്ണകുമാർ

ദൃശ്യം 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ട്വൽത്ത് മാൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മെയ് 20ന് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് കെ ആർ കൃഷ്ണകുമാർ. തന്റെ ആദ്യത്തെ തിരക്കഥയിൽ മലയാളത്തിലെ ഏറ്റവും വലിയ നടൻ നായകനാവുക എന്നത് സന്തോഷമുള്ള കാര്യമാണെന്നാണ് കൃഷ്ണകുമാർ പറയുന്നത്. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്.

കൃഷ്ണകുമാറിന്റെ വാക്കുകൾ:

ആദ്യത്തെ തിരക്കഥയിൽ മലയാളത്തിലെ ഏറ്റവും വലിയ നടൻ നായകനാവുക എന്നത് സന്തോഷമുള്ള കാര്യമാണ്. തിരക്കഥ മോഹൻലാലിന് അയച്ച്‌ കൊടുത്ത് എന്താണ് പ്രതികരണം എന്നറിയാൻ ടെൻഷൻ അടിച്ചിരിക്കുമ്പോഴാണ് സംവിധായകൻ ജീത്തു ജോസഫ് വിളിക്കുന്നത്. വിളിച്ചിട്ട് ലാലേട്ടനെ കോൺഫ്‌റൻസ് ഇടുമെന്ന് പറഞ്ഞു. ആ അഞ്ച് മിനിറ്റിനുള്ളിൽ ഉണ്ടായ ടെൻഷനും ആകാംക്ഷയും എത്രത്തോളമെന്ന് പറയാൻ കഴിയില്ല. പിന്നീട് കോൾ വന്നു. ഒന്നര മണിക്കൂറാണ് ഞങ്ങൾ മൂന്ന് പേരും സംസാരിച്ചത്. സ്‌ക്രിപ്റ്റ് വായിച്ച ശേഷമുള്ള അഭിപ്രായങ്ങൾ ചില ഭാഗങ്ങളിൽ ചില നിർദേശങ്ങളൊക്കെ അദ്ദേഹം പറഞ്ഞു. ആകാംക്ഷ കാരണം ചില ഭാഗങ്ങൾ എനിക്ക് ചർച്ച ചെയ്യാൻ പോലും കഴിഞ്ഞില്ല.

സിനിമ ചെയ്യാൻ സമ്മതിച്ചു എന്നത് മാത്രമല്ല, മലയാളത്തിലെ ഏറ്റവും വലിയ നടൻ സ്‌ക്രിപ്റ്റിൽ തിരിത്തലുകൾ പറഞ്ഞു തന്നു എന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണ്. എപ്പോഴൊക്കെ മോഹൻലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഒരുമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വലിയ വിജയമായിരുന്നു. അതിലേക്കാണ് എന്റെ തിരക്കഥയുമായി ഞാൻ പോകുന്നത്. ആ ഒരു പ്രതീക്ഷ നിലനിർത്തുന്ന രീതിയിലുള്ള സിനിമയായിരിക്കണം ട്വൽത്ത് മാൻ എന്ന് എനിക്ക് നിർബന്ധമായിരുന്നു. അതിനനുസരിച്ച് തിരക്കഥയിൽ പ്രവർത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button