CinemaGeneralIndian CinemaLatest NewsMollywood

പാപ്പനിലെ മനോഹരമായ കഥാപാത്രം നൽകിയ ജോഷി സാറിന് നന്ദി: ടിനി ടോം

സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പൻ. സിനിമ പ്രഖ്യാപിച്ചത് മുതൽ മലയാളി പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. 22 വർഷത്തെ ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ​ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വാഴുന്നോർ ആണ് സുരേഷ് ഗോപി സോളോ ഹീറോ വേഷത്തിൽ അഭിനയിച്ച ജോഷി ചിത്രം. പൊറിഞ്ചു മറിയം ജോസായിരുന്നു ജോഷിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. പാപ്പൻ റിലീസിന് തയാറെടുക്കുകയാണെന്നാണ് വിവരം. അടുത്ത മാസം ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിൽ ടിനി ടോമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനായാണ് താരം വേഷമിടുന്നത്. ഇപ്പോളിതാ, സംവിധായകൻ ജോഷിക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ടിനി ടോം. താരം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ‘പാപ്പൻ ജൂണിൽ റിലീസ് ചെയ്യുന്നു, ജോഷി സാറിന് നന്ദി. മനോഹരമായ കഥാപാത്രം നൽകിയതിന്’, ടിനി ടോം കുറിച്ചു. ഒപ്പം സെറ്റിൽ നിന്നുള്ള ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തിൽ മാത്യൂസ് പാപ്പൻ ഐപിഎസ് എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി എത്തുന്നത്. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ. സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ആർ ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ് നിർമ്മിക്കുന്നത്. സുജിത് ജെ നായർ, ഷാജി എന്നിവരാണ് സഹനിർമ്മാതാക്കൾ. ജേക്സ് ബിജോയ് ആണ് സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് .

shortlink

Related Articles

Post Your Comments


Back to top button