CinemaGeneralIndian CinemaLatest NewsMollywood

‘ഹോം’ സിനിമ ജൂറി കണ്ടിട്ടില്ലെന്ന വാദം തെറ്റ്, വേണമെങ്കിൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാം: പ്രേം കുമാർ

സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ‘ഹോം’ സിനിമയ്ക്ക് അവാർഡ് നൽകാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് വാർത്തകളിൽ നിറയുന്നത്. നിരവധി പേരാണ് സിനിമയെ പിന്തുണച്ച് രം​ഗത്തെത്തുന്നത്. ജൂറി ‘ഹോം’ എന്ന സിനിമ കണ്ടിട്ടുണ്ടാവില്ല എന്നായിരുന്നു സിനിമയിൽ കേന്ദ്ര കഥാപാത്രമായെത്തിയ നടൻ ഇന്ദ്രൻസിന്റെ പ്രതികരണം. ഇപ്പോളിതാ, ഇന്ദ്രൻസിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേം കുമാർ. ജൂറി ‘ഹോം’ സിനിമ കണ്ടിട്ടുണ്ടാവില്ല എന്ന നടൻ ഇന്ദ്രൻസിന്റെ വാദം തെറ്റാണെന്നാണ് പ്രേം കുമാർ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്.

പ്രേം കുമാറിന്റെ വാക്കുകൾ:

പട്ടികയിൽ ഇടം നേടിയ എല്ലാ സിനിമകളും ജൂറി കണ്ടിട്ടുണ്ട്. 142 സിനിമകളാണ് അവാർഡ് പട്ടികയിൽ ഉണ്ടായിരുന്നത്. അതിൽ 22 സിനിമകളാണ് അവസാന പട്ടികയിൽ ഇടം നേടിയത്. ആ പട്ടികയിൽ ‘ഹോം’ എന്ന സിനിമയുണ്ട്. ജൂറി ആ സിനിമ കണ്ടിട്ടുമുണ്ട്. അക്കാദമിയുടെ ജോലി സിനിമകളെ ജൂറിയുടെ മുന്നിൽ എത്തിക്കുക എന്നതാണ്. അത് വ്യക്തമായി ചെയ്തിട്ടുമുണ്ട്. ജൂറി ‘ഹോം’ കണ്ടിട്ടില്ല എന്ന വാദം തെറ്റാണ്. നമ്മുടെ കൈയിൽ ഡിജിറ്റൽ തെളിവുകളൊക്കെയുണ്ട്. അത് പരിശോധിക്കാവുന്നതേയുള്ളൂ.

ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പ്രശസ്തനായ സംവിധായകനായ
സയ്യിദ് മിശ്രയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് സിനിമകൾ വിലയിരുത്തിയത്. ഓരോ ജൂറിക്കും അവരവരുടേതായ നിലപാടുകളുണ്ട്. വേറൊരു ജൂറി ആയിരുന്നെങ്കിൽ തീരുമാനം മാറാം. നമുക്ക് വ്യക്തിപരമായി അവാർഡ് ലഭിക്കണം എന്ന് ആഗ്രഹമുള്ള സിനിമകൾ ഉണ്ടായിരുന്നു. എന്നാൽ, ഇത് ജൂറിയുടെ അന്തിമ തീരുമാനമാണ്. അതിനെക്കുറിച്ച് പറയുവാൻ ഞാൻ ആളല്ല.

‘ഹോം’ ഞാൻ കണ്ടിരുന്നു. വ്യക്തിപരമായി ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. ആ സിനിമയിലെ ഇന്ദ്രൻസ് ചേട്ടന്റെ പ്രകടനം ഏറ്റവും നല്ല പ്രകടനമാണ്. പക്ഷെ, അത് ജൂറിയുടെ തീരുമാനമാണ്. അതിനെ ചോദ്യം ചെയ്യാൻ നമുക്ക് പറ്റില്ല.

shortlink

Related Articles

Post Your Comments


Back to top button