CinemaGeneralIndian CinemaLatest NewsMollywood

എനിക്ക് ആ പേരിട്ടത് ഞാൻ തന്നെ: ജയസൂര്യ പറയുന്നു

മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിക്കാൻ താരത്തിന് കഴിഞ്ഞു. ബാലതാരമായിട്ടായിരുന്നു ജയസൂര്യയുടെ സിനിമാ പ്രവേശനം. എന്നാൽ, ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെയാണ് ജയസൂര്യ എന്ന നടനെ മലയാളി പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. സ്ഥിരം ശൈലിയിലുള്ള സിനിമകൾ വിട്ട് തന്റേതായ ഇടം കണ്ടെത്തിയതോടെയാണ് ജയസൂര്യയെന്ന താരത്തിന്റെ വളർച്ച മലയാള സിനിമ കണ്ടത്. വെള്ളം, ക്യാപ്റ്റൻ, മേരിക്കുട്ടി തുടങ്ങിയ സിനിമകളിൽ ജയസൂര്യ നടത്തിയ പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ഇരുപത് കൊല്ലമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരം ഇപ്പോളിതാ തന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ മനസ്സ് തുറക്കുന്നത്. സിനിമയിൽ എത്തും മുൻപ് ജയൻ എന്നായിരുന്നു പേരെന്നും പിന്നീട് അത് ജയസൂര്യ എന്ന് മാറ്റുകയായിരുന്നുവെന്നുമാണ് താരം പറയുന്നത്.

Also Read: നിർമ്മാതാവിന്റെ കുപ്പായമണിയാൻ ഷിബു ബേബി ജോൺ: ആദ്യ ചിത്രം മോഹൻലാലിനൊപ്പം

ജയസൂര്യയുടെ വാക്കുകൾ:

നടൻ ആകണമെന്ന ആഗ്രഹം കലശലായി മനസ്സിൽ കൊണ്ടു നടക്കുന്ന സമയമായിരുന്നു അത്. അങ്ങനെ ഇരിക്കെയാണ് ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നത്. ആ ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്ന കാലത്ത് സൂര്യ ടിവിയിൽ ജോലി ചെയ്യുകയായിരുന്നു. ജയൻ എന്നായിരുന്നു അന്ന് എന്റെ പേര്. ആ പേര് എനിക്ക് ഒട്ടും ചേരില്ല എന്ന ബോധം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കാരണം, ആ പേരിൽ അനശ്വരനായ മറ്റൊരു നടൻ മലയാളികളുടെ മനസ്സിൽ നിലകൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ ജയൻ എന്ന പേരുമായി വന്നാൽ മലയാളികൾ എന്നെ സ്വീകരിക്കില്ല എന്ന് അറിയാമായിരുന്നു. അങ്ങനെ ഞാൻ എന്റെ പേര് മാറ്റാനുള്ള ആലോചന ആരംഭിച്ചു. പല പല പേരുകൾ നോക്കി. ജയപ്രകാശ്, ജയകുമാർ എന്നിങ്ങനെ പല പല പേരുകൾ മനസ്സിലൂടെ കടന്നു വന്നു. ഒടുവിൽ ആ പേര് കിട്ടി, ജയസൂര്യ.

ഉടനെ തന്നെ ഈ പേര് അവിടെയുണ്ടായിരുന്ന ജോജി എന്ന സുഹൃത്തിനോട് പറഞ്ഞു. അത് കേട്ടയുടൻ ജോജി തമാശ രൂപേണ പറഞ്ഞു, ‘ഇന്ന് മുതൽ നീ ജയസൂര്യ എന്ന പേരിൽ അറിയപ്പെടട്ടെ’. അങ്ങനെ അച്ഛനും അമ്മയും നൽകിയ ജയൻ എന്ന പേരിന് പകരം ജയസൂര്യ എന്ന് സ്വയം പേര് നൽകിയ ആളാണ് ഞാൻ.

shortlink

Related Articles

Post Your Comments


Back to top button