CinemaGeneralLatest NewsNEWS

നടൻ പൂ രാമു അന്തരിച്ചു: ആദരാഞ്‍ജലി അര്‍പ്പിച്ച് മമ്മൂട്ടി

പ്രമുഖ തമിഴ് നടന്‍ പൂ റാമു അന്തരിച്ചു. സൂരറൈ പോട്ര് അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ച താരമായിരുന്നു രാമു. അറുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പൂ രാമുവിന്റെ മരണത്തില്‍ മമ്മൂട്ടി അനുശോചിച്ചു. മമ്മൂട്ടിയുടെ ‘നൻപകല്‍ നേരത്ത് മയക്കം’ എന്ന സിനിമയില്‍ പൂ രാമു അഭിനയിച്ചിട്ടുണ്ട്.

‘തമിഴ് സിനിമയിലെ ഏറ്റവും മികച്ച കലാകാരന്മാരിൽ ഒരാളായ ‘പൂ രാമു’വിന്റെ വിയോഗത്തില്‍ അതീവ ദു:ഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കുന്നു. ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ ഭാഗമായതിന് നന്ദി’ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്രിലാണ് അവസാനമായി രാമുവിനെ പ്രേക്ഷകര്‍ വെള്ളിത്തിരയില്‍ കണ്ടത്. പരിയെറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘കര്‍ണനി’ല്‍ ധനുഷിന്റെ അച്ഛനായും ‘സൂരരൈ പോട്രില്‍’ സൂര്യയുടെ അച്ഛനായുമാണ് രാമു അഭിനയിച്ചത്. രാമു തെരുവ് നാടകങ്ങളിലൂടെയാണ് കലാ രംഗത്ത് സജീവമായത്. 2008ലെ ‘പൂ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയതോടെയാണ് പൂ രാമു എന്നറിയപ്പെടാൻ തുടങ്ങിയത്. ‘പേരൻപ്’, ‘തിലഗര്‍’, ‘നീര്‍ പാര്‍വേ’ തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട സിനിമകള്‍.

shortlink

Related Articles

Post Your Comments


Back to top button