CinemaGeneralIndian CinemaLatest NewsMollywood

പത്തൊമ്പതാമത്തെ ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്: ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു

വ്യത്യസ്തമായ മൂന്നു ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പത്തൊമ്പതാമത്തെ സിനിമയുടെ ചിത്രീകരണം ജൂലൈ 18 തിങ്കളാഴ്ച്ച പയ്യന്നൂരിൽ ആരംഭിച്ചു. പത്തൊമ്പത് ചിത്രങ്ങളിൽ പതിനഞ്ച് ചിത്രങ്ങളുടെയും സംവിധായകർ പുതുമുഖങ്ങളാണന്നത് ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ഇതിൽ വാലാട്ടി എന്ന ചിത്രം മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഒമ്പത് പട്ടികൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് വാലാട്ടി. അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്. ഒമ്പത് നായക്കുട്ടികളെ വാങ്ങി ഒന്നരവർഷത്തെ പരിശീലനം നൽകിയാണ് വാലാട്ടിയിൽ അഭിനയിപ്പിച്ചത്. വലിയ മുതൽമുടക്കോടെ എത്തുന്ന ഈ ചിത്രത്തിന് നൂറ്റിയിരുപത് ദിവസത്തെ ചിത്രീകരണം വേണ്ടിവന്നു. ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച ചിത്രങ്ങളിലൂടെ എത്തിയ പുതിയ സംവിധായകരിലെ പ്രധാനികളാണ് റോജിൻ തോമസ്, അനീഷ് അൻവർ, അഹമ്മദ് കബീർ, മിഥുൻ മാനുവൽ തോമസ്, നരണിപ്പുഴ ഷാനവാസ് എന്നിവർ.

പയ്യന്നൂരിൽ ചിത്രീകരണം ആരംഭിച്ച പത്തൊമ്പതാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ്. ഏറെ വിജയം നേടിയ ഹൃദയം എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കൂടിയാണ് ആദിത്യൻ. ആവറേജ് അമ്പിളി എന്ന വെബ് സീരീസ് ആദിത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച്ച എന്ന വെബ് സീരീസിന്റെ തിരക്കഥ രചിക്കുകയും അതിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ആദിത്യൻ തൻ്റെ ആദ്യ ഫീച്ചർ സിനിമയുടെ ചുക്കാൻ പിടിക്കുന്നത്.

ഉത്തര മലബാറിൻ്റെ ഗ്രാമീണ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം വളരെ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് അവതരിപ്പിക്കുന്നത്. നാട്ടിലെ ഏതാനും കഥാപാത്രങ്ങളെയും അവർക്കിടയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂടും,ബേസിൽ ജോസഫും, സൈജു കുറുപ്പുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജന അനുപാണ് നായിക. തൻവി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജേഷ് ശർമ്മ ,അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Also Read: ബ്രാഡ് പിറ്റിന്റെ ബുള്ളറ്റ് ട്രെയിൻ റിലീസിനൊരുങ്ങുന്നു

കലാസംവിധാനം – ത്യാഗ്യ, മേക്കപ്പ് – സുധി, കോസ്റ്റ്യൂം ഡിസൈൻ – സ്റ്റെഫി സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.എം നാസർ, പ്രൊഡക്ഷൻ മാനേജർ – കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു, ജി. സുശീലൻ, പി.ആർ.ഒ – വാഴൂർ ജോസ്, ഫോട്ടോ – വിഷ്ണു രാജൻ.

shortlink

Related Articles

Post Your Comments


Back to top button