CinemaGeneralIndian CinemaLatest NewsMollywood

‘സീതാരാമം കണ്ട് ഒരു ഒന്നൊന്നര ഞെട്ടൽ’: വൈറലായി ബാലചന്ദ്ര മേനോന്റെ കുറിപ്പ്

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി ഹനു രാഘവപുടി ഒരുക്കിയ ചിത്രമായിരുന്നു സീതാരാമം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. തിയേറ്റർ റിലീസിന് പിന്നാലെ ഒടിടിയിലെത്തിയ ചിത്രത്തെ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോളിതാ, സിനിമയുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്.

സീതാരാമം ക്ലൈമാക്സ് കണ്ട് ഞെട്ടിയെന്നും ആ ഞെട്ടലിന്റെ ഒരു ക്ലൂ തന്റെ പോസ്റ്ററിൽ ഉണ്ടെന്നും ബാലചന്ദ്ര മേനോൻ കുറിപ്പിൽ പറയുന്നു. കുറിപ്പിനൊപ്പം സീതാരാമത്തിന്റെയും അമേരിക്കൻ ചിത്രം റോമൻ ഹോളിഡേയുടെയും പോസ്റ്ററുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കോപ്പിയടിയാണോ സംവിധായകൻ ഉദ്ദേശിച്ചതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഈ സിനിമ കണ്ടപ്പോൾ റോമൻ ഹോളിഡേ ഓർമ്മ വന്നു എന്ന് ഒരു ആരാധകൻ ബാലചന്ദ്ര മേനോന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Also Read: ‘സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടൻ, അദ്ദേഹത്തിന്റെ ജോലി മതിപ്പുളവാക്കി’: ദുൽഖറിനെ കുറിച്ച് ആർ ബൽകി

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ദുൽക്കർ സൽമാൻ നായകനായി അഭിനയിക്കുന്ന “സീത രാമം ‘ റിലീസ് ആയ ദിവസം തന്നെ ചിത്രം കണ്ടവരുടെ നല്ല ആസ്വാദനം ഞാൻ കേട്ടറിഞ്ഞു . സന്തോഷം തോന്നി . പക്ഷെ തിയേറ്ററിൽ ആൾ സാന്നിധ്യം പ്രതീക്ഷിച്ചതിലും കുറവാണെന്നറിഞ്ഞപ്പോൾ വിഷമം തോന്നി .എന്നാൽ അധികം വൈകാതെ ചിത്രം നല്ലതാണെന്നുള്ള പൊതുജനാഭിപ്രായത്തിനനുസരിച്ചു തിയേറ്ററിലും തിരക്ക് കൂടുന്നു എന്ന വാർത്ത എന്നെ സന്തോഷിപ്പിച്ചു . സിനിമയുടെ തുടക്കത്തിൽ അൽപ്പം അമാന്തം ഉണ്ടായാലും കണ്ടവരുടെ ചുണ്ടിൽ നിന്ന് ചുറ്റുവട്ടത്തിലേക്കു പടരുന്ന പ്രേരണ കൊണ്ട് ചിത്രം ഹിറ്റ് ആയി മാറണം . അത് തന്നെയാണ് ആരോഗ്യകരമായ സിനിമയുടെ വ്യാകരണം . അഭിമാനത്തോടെ പറയട്ടെ ജൂബിലികൾ കൊണ്ടാടിയ എന്റെ ചിത്രങ്ങളുടെ ചരിത്രവും അതു തന്നെയാണ് . സാമൂഹ്യ മാധ്യമങ്ങളിൽ നിറമുള്ള വ്യാജപ്രചാരണങ്ങളിലൂടെയും തിയേറ്ററുകളിൽ വ്യാജ സദസ്സുകളിലൂടെയും (fake audience) സിനിമ ജനപ്രിയമാക്കാൻ ശ്രമിക്കുന്നത് ആത്‌മ വഞ്ചനയാണെന്നേ പറയാനാവൂ..

“സീത രാമം ” ശില്പികൾക്കു എന്റെ അഭിനന്ദനങ്ങൾ ……

, ഇനി കാര്യത്തിലേക്കു വരട്ടെ . “സീതാരാമം ” നന്നായി ഓടുന്നു എന്ന് കേട്ടപ്പോൾ അതിന്റെ കഥ എന്താവും എന്നൊരു അന്വേഷണം നിങ്ങളെപ്പോലെ എന്റെ മനസ്സിലും ഉണ്ടായി . നേരിട്ടല്ലെങ്കിലും രാമരാജ്യമായതു കൊണ്ടു സീതയെ അവലംബമാക്കിയുള്ള , ഒന്നുകിൽ ഒരു പ്രണയകഥ അല്ലെങ്കിൽ കുടുംബ കഥ എന്ന് തന്നെയാണ് ഞാനും കരുതിയത്. തെലുങ്കു ,തമിഴ്, ഹിന്ദി ഭാഷകളിലും ഒരു പോലെ പ്രദർശന വിജയം നേടിയ ഈ ചിത്രം പ്രൈം വീഡിയോയിൽ കഴിഞ്ഞ ദിവസമാണ് കണ്ടത് .

രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാൻ ചിത്രത്തിന്റെ തുടക്കത്തിൽ കണ്ട ഇന്തോ – പാക്കിസ്ഥാൻ പട്ടാള അധിനിവേശം കണ്ടപ്പോൾ അക്ഷരാത്ഥത്തിൽ ഞെട്ടി എന്ന് പറയാം . എന്നാൽ പോകെപ്പോകെ കഥാന്ത്യത്തിലെത്തിയപ്പോൾ ആ ഞെട്ടൽ ഒരു ‘ഒന്നൊന്നര ‘ഞെട്ടലായി’ മാറി ..ആ ഞെട്ടലിന്റെ ഒരു ക്ലൂ ഞാൻ കൊടുത്തിരിക്കുന്ന ഈ പോസ്റ്ററിൽ നോക്കിയാൽ മനസ്സിലാക്കാൻ കഴിയും …അങ്ങിനെ എന്തെങ്കിലും സൂചന നിങ്ങൾക്ക് കിട്ടുന്നുവെങ്കിൽ ദയവായി കമന്റായി എഴുതുക .. അതിന് ശേഷം ഞാൻ തീർച്ചയായും പ്രതികരിക്കാം …പോരെ ?സീതാ രാമാ !!!

 

shortlink

Related Articles

Post Your Comments


Back to top button