CinemaGeneralIndian CinemaLatest NewsMollywood

‘ആവനാഴിയിൽ ഇനിയും ലക്ഷ്യം പിഴയ്ക്കാത്ത അമ്പുകളുണ്ടെന്ന് സിബി തെളിയിച്ചു’: ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്

ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കിയ ‘കൊത്ത്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ​ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ശരിയായ രാഷ്ട്രീയ ബോധവും മാനവികതയുടെ മഹത്വത്തിൽ വിശ്വാസവും പുലർത്തുന്ന എല്ലാ മലയാളികളും ഈ സിനിമ തീർച്ചയായും കണ്ടിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. തിരക്കഥയിലെ സൂക്ഷ്മതയും അഭിനേതാക്കളുടെ അനായാസമായ അഭിനയവും സംവിധായകന്റെ ദൃശ്യബോധവും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യം സിനിമയിൽ കാണാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also Read: ‘കുടുംബചിത്രമാണ് ഇത്, രംഭ ശരിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു’: സംവിധായകൻ തുറന്നു പറയുന്നു

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സിബിക്കും രഞ്ജിത്തിനും അഭിനന്ദനം !

ഒരു ഇടവേളയ്ക്കു ശേഷം സിബിമലയിൽ സംവിധാനം ചെയ്ത “കൊത്ത്” എന്ന ചിത്രം ഞാൻ റിലീസ് ദിവസം തന്നെ തീയേറ്ററിൽ പോയി കണ്ടു.. ശരിയായ രാഷ്ട്രീയ ബോധവും മാനവികതയുടെ മഹത്വത്തിൽ വിശ്വാസവും പുലർത്തുന്ന എല്ലാ മലയാളികളും ഈ സിനിമ തീർച്ചയായും കണ്ടിരിക്കണം ., “കൊലയ്ക്കു പകരം കൊല ” എന്ന ചിന്താഗതിയുടെ തിക്തഫലങ്ങൾ എന്തൊക്കെയാണ്.? കൊല്ലുന്നവന്റെയും കൊല്ലപ്പെടുന്നവന്റെയും കുടുംബങ്ങളെ അത് എങ്ങനെയെല്ലാം ബാധിക്കുന്നു ? ഈ ചോദ്യങ്ങൾക്കും പല അനുബന്ധചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണ് ഈ സിനിമ പറയുന്നത്, തികഞ്ഞ നിഷ്പക്ഷതയോടെ സംവിധായകൻ ഈ വിഷയം വികാരതീവ്രമായ ദൃശ്യഭാഷയിലൂടെ സമർത്ഥമായ രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. . താൻ മികച്ച അഭിനേതാവ് കൂടിയാണെന്ന് രഞ്ജിത്ത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. മോഹൻലാലിന്റെ വിജയപഥത്തിലെ നാഴികക്കല്ലുകൾ ആയിരുന്നു സിബി സംവിധാനം ചെയ്ത കിരീടം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ഭരതം , ദശരഥം കമലദളം തുടങ്ങിയ ചിത്രങ്ങൾ. മമ്മൂട്ടി നായകനായ ‘തനിയാവർത്തന’വും മികച്ച സിനിമയായിരുന്നു. ഈ രണ്ടു സൂപ്പർ താരങ്ങളുടെ സഹായമില്ലാതെയും സിബി സംവിധാനം ചെയ്ത ചിത്രങ്ങൾ വിജയിച്ചിട്ടുണ്ട്. ആകാശദൂത്, ഇഷ്ടം, പ്രണയവർണ്ണങ്ങൾ, സാന്ത്വനം,തുടങ്ങിയവ . മോഹൻലാലിന് കിരീടത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിക്കുമ്പോഴും ഭരതത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുമ്പോഴും ഞാൻ ദേശീയ അവാർഡ്കമ്മിറ്റിയിൽ അംഗമായിരുന്നു. ജൂറി അംഗങ്ങൾക്കെല്ലാം സിബിയുടെ സംവിധാനത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു.

കൊത്ത് എന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ ഷാനുവായി വരുന്നത്. സുമേഷായി അഭിനയിക്കുന്ന റോഷൻ മാത്യുവിനും ഏതാണ്ട് തുല്യപ്രാധാന്യമുള്ള വേഷമാണുള്ളത്. രണ്ടുപേരും അവസരത്തിനൊത്ത് ഉയർന്നിരിക്കുന്നു. ഷാനുവും സുമേഷും തമ്മിലുള്ള സൗഹൃദം എത്ര ഹൃദയഹാരിയായ ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്, തിരക്കഥയിലെ സൂക്ഷ്മതയും അഭിനേതാക്കളുടെ അനായാസമായ അഭിനയവും സംവിധായകന്റെ ദൃശ്യബോധവും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യം ഇവിടെ കാണാം .സുമേഷിന്റെ അമ്മയായി അഭിനയിച്ച ശ്രീലക്ഷ്മിയുടെ അഭിനയം ഇരുത്തം വന്നതാണ് . മലയാളസിനിമ കണ്ട മികച്ചസംവിധായകരിൽ ഒരാളായ സിബി മലയിലിന്റെ ക്രെഡിബിലിറ്റിക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന അനേകം മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്. ചിത്രത്തിലെ അവസാന ദൃശ്യങ്ങൾ തന്നെ ഉദാഹരണം. ഒരിക്കൽ കൂടി പറയട്ടെ. സമൂഹനന്മയിലും സമാധാനത്തിലും വിശ്വസിക്കുന്ന എല്ലാ സുമനസ്സുകളും തീർച്ചയായും “കൊത്ത് ” എന്ന ചിത്രം ഒരിക്കലെങ്കിലും കണ്ടിരിക്കണം. പാളി പോകാവുന്ന തിരക്കഥയെ നേരായ വഴിയിൽ കൊണ്ടുപോകുന്നതിൽ വിജയിച്ച ഹേമന്ത്കുമാറിനെ യും സ്വന്തം ആവനാഴിയിൽ ഇനിയും ലക്ഷ്യം പിഴയ്ക്കാത്ത അമ്പുകളുണ്ട് എന്ന് തെളിയിച്ച സിബിയെയും ഈ സിനിമയുടെ സംവിധാനം സിബിയെ ഏൽപ്പിച്ച രഞ്ജിത്തിനെയും ഞാൻ അഭിനന്ദിക്കുന്നു.

http://

shortlink

Related Articles

Post Your Comments


Back to top button