മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ ഒരുക്കിയ റോഷാക്ക് തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നടി ഗ്രേസ് ആന്റണിയും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റോഷാക്കിന്റെ പ്രൊമോഷന് വേണ്ടി പോയപ്പോള്‍ മമ്മൂട്ടി വെള്ളം പോലെയാണെന്ന് ഗ്രേസ് പറഞ്ഞിരുന്നു. അതു പിന്നീട് മമ്മൂട്ടി ഫുള്‍ ടൈം വെള്ളമാണെന്ന് ഗ്രേസ് ആന്റണി പറഞ്ഞു എന്ന രീതിയില്‍ ട്രോളായി പ്രചരിച്ചിരുന്നു.
ഇപ്പോളിതാ, ഈ തനിക്കെതിരെ വന്ന ട്രോളുകളോടും വ്യാജവാര്‍ത്തകളോടും പ്രതികരിക്കുകയാണ് ഗ്രേസ്. മമ്മൂട്ടി ഫുള്‍ ടൈം വെള്ളമാണെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും മമ്മൂട്ടി വെള്ളം പോലെയാണെന്ന് പറയാനുണ്ടായ കാരണവുമാണ് ഗ്രേസ് പറഞ്ഞത്. റോഷാക്ക് അണിയറ പ്രവർത്തകർ നടത്തിയ പ്രസ് മീറ്റിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഗ്രേസ് ആന്റണിയുടെ വാക്കുകൾ:
മമ്മൂക്ക ഫുള്‍ ടൈം വെള്ളമാണെന്ന് ഗ്രേസ് ആന്റണി പറഞ്ഞു എന്ന ഒരു ഒരു ട്രോള്‍ വന്നിട്ടുണ്ട്. ഞാനത് ഇന്ന് രാവിലെ മമ്മൂക്കക്ക് അയച്ചുകൊടുത്തു. മമ്മൂക്ക ചിരിച്ചുകൊണ്ടുള്ള ഒരു സ്‌മൈലി അയച്ചു. ഞാനതില്‍ ഉദ്ദേശിച്ചത്, എനിക്ക് കൂടുതലും മമ്മൂക്കയായിട്ടാണ് കോമ്പിനേഷന്‍ സീന്‍സ് ഉള്ളത്. എന്റെ കൂടെ സംസാരിക്കുമ്പോള്‍ ഇക്ക എന്റെ പ്രായത്തിലേക്ക് വരും. അതേ സമയത്ത് ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് വരുമ്പോള്‍ ഇക്ക നേരെ അവരുടെ ലെവലിലേക്കെത്തും.
ഞാന്‍ എപ്പോഴും വിചാരിക്കും എങ്ങനെയാണ് ഈ മനുഷ്യന്‍ ട്വിസ്റ്റാകുന്നതെന്ന്. കാരണം അത്രയും പെട്ടെന്നാണ് ആളു മാറുന്നത്. സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ആക്ഷന്‍ പറഞ്ഞാല്‍ അദ്ദേഹം ലൂക്കയാകും. അപ്പോള്‍ തന്നെ ഞാന്‍ അടുത്ത് പോയാല്‍ മമ്മൂട്ടിയായി മാറും. ഒരാള്‍ക്ക് അടുത്തയാളായി മാറാന്‍ കുറച്ച് സമയമൊക്കെ വേണ്ടേ, അദ്ദേഹം സെക്കന്റ് വെച്ചാണ് മാറുന്നത്. അതുവെച്ചിട്ടാണ് മമ്മൂട്ടി വെള്ളം പോലെയാണ്, ഇങ്ങനെയൊഴുകി പോകുമെന്ന് പറഞ്ഞത്. അല്ലാതെ മമ്മൂക്ക വെള്ളമാണെന്നല്ല ഞാന്‍ പറഞ്ഞത്.
Post Your Comments