നിറത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം അപമാനിക്കപ്പെട്ടിട്ടുണ്ടെന്നു നടൻ മിഥുന്‍ ചക്രവര്‍ത്തി. പലപ്പോഴും കാലിവയറുമായി കരഞ്ഞാണ് ഉറങ്ങിയിട്ടുള്ളത്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിലൂടെ മറ്റൊരാള്‍ കടന്നുപോകുന്നത് കണ്ടുനില്‍ക്കാനാവില്ല. തന്റെ ജീവിതം സിനിമയായാല്‍ ഒരിക്കലും പ്രചോദനമായിരിക്കില്ല ലഭിക്കുന്നതെന്നും മാനസിക വേദനയായിരിക്കുമെന്നും താരം ഒരു ടിവി പരിപാടിയിൽ പങ്കുവച്ചു.
read also: ‘ആർ.ആർ.ആർ’ രണ്ടാം ഭാഗം: വെളിപ്പെടുത്തലുമായി രാജമൗലി
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ ജീവിതത്തില്‍ ഞാൻ കടന്നുപോയതിലൂടെ മറ്റൊരാള്‍ കടന്നുപോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എല്ലാവരും പ്രതിസന്ധികളും ബുദ്ധിമുട്ടേറിയ ദിവസങ്ങളിലെ പോരാട്ടങ്ങളും കണ്ടിട്ടുണ്ടാകും. പക്ഷേ എന്റെ നിറത്തിന്റെ പേരിലാണ് ഞാന്‍ മാറ്റിനിര്‍ത്തപ്പെട്ടത്. എന്റെ നിറത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം ഞാന്‍ അപമാനിക്കപ്പെട്ടു. ഒഴിഞ്ഞ വയറുമായാണ് പലദിവസങ്ങളിലും ഉറങ്ങാന്‍ കിടന്നിരുന്നത്. പലപ്പോഴും കരഞ്ഞാണ് ഉറങ്ങിയിരുന്നത്. അടുത്ത ഭക്ഷണം എപ്പോഴായിരിക്കുമെന്നും എവിടെയാണ് ഉറങ്ങുക എന്നും ആലോചിച്ചിരുന്ന ദിവസമുണ്ട്’.
‘ഒരുപാട് ദിവസങ്ങളില്‍ ഫുട്പാത്തില്‍ കിടന്നാണ് ഞാന്‍ ഉറങ്ങിയത്. അതുകൊണ്ടാണ് എന്റെ ബയോപിക് ഒരിക്കലും എടുക്കരുതെന്ന് പറയുന്നത്. എന്റെ കഥ ആരെയും പ്രചോദിപ്പിക്കില്ല. അത് മാനസികമായി തകര്‍ക്കുകയും സ്വപ്‌നങ്ങള്‍ നേടുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. അങ്ങനെ സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് പറ്റുമെങ്കില്‍ മറ്റൊരാള്‍ക്കും പറ്റും.- മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.
Leave a Comment