GeneralLatest NewsNEWS

ഖത്തര്‍ ലോകകപ്പ് കലാശക്കൊട്ട് ആവേശമാക്കാൻ മോഹന്‍ലാലും

ദോഹ: ഖത്തര്‍ ലോകകപ്പിൽ അർജന്റീന-ഫ്രാൻസ് കലാശക്കൊട്ടിന് സാക്ഷിയാകാന്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലും. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ ഖത്തറിലെത്തുന്നത്. ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്.

ലോകകപ്പിന്റെ ഫൈനലിൽ ട്രോഫി അനാച്ഛാദനം ചെയ്യാനാ‌യി ബോളിവുഡ് താരം ദീപിക പദുകോണും ഇന്ന് ഖത്തറിലെത്തും. ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുന്നോടിയായി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ട്രോഫി അനാച്ഛാദനം നിർവഹിക്കുന്നത് ദീപികയാണെന്നാണ് റിപ്പോർട്ട്.

എന്നാൽ, ദീപിക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരം ഖത്തറിലേക്ക് പറക്കുന്ന വിവരം മുംബൈ എയർപോർട്ടിൽനിന്നുള്ള വീഡിയോ ട്വീറ്റ് ചെയ്തതിലൂടെയാണ് ആരാധകർ അറിഞ്ഞത്. അതേസമയം, ഖത്തറിലെ വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാന്‍ നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞു. കാല്‍പ്പന്ത് കളിയെ ജീവിതത്തോട് ചേര്‍ത്തുപിടിക്കുന്ന മലയാളികള്‍ക്ക് ലോക പോരാട്ടങ്ങള്‍ കാണാന്‍ വലിയ അവസരങ്ങള്‍ ഒരുക്കിയാണ് ഖത്തര്‍ 2022 വിടവാങ്ങുന്നത്.

ഇന്ന് രാത്രി 8:30 ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരം. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന നേട്ടം ലക്ഷ്യമിട്ടാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ കീഴിലുള്ള ഫ്രഞ്ച് പട പോരാട്ടത്തിനിറങ്ങുക. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഫ്രഞ്ച് പട ലോകകിരീടത്തില്‍ മുത്തമിട്ടത്.

Read Also:- സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ല: ഇന്ദ്രൻസ്

ഫുട്‌ബോള്‍ ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സൂപ്പർ താരം ലയണല്‍ മെസിക്ക് ഇനി നേടാനുള്ളത് ലോകകപ്പ് കിരീടമാണ്. തന്റെ അവസാന ലോകകപ്പാണ് ഖത്തറിലേതെന്ന് പ്രഖ്യാപിച്ച മിശിഹായ്ക്കായി ലോക കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ആല്‍ബിസെലെസ്‌റ്റെകള്‍ ഫ്രഞ്ച് പടയെ നേരിടുക.

shortlink

Related Articles

Post Your Comments


Back to top button